പദ്ധതികള്‍ വൈകാന്‍ കാരണം രാഷ്ട്രീയക്കാരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധം: മന്ത്രി ജി. സുധാകരന്‍
വടകര: കരാറുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളാണ് പല പദ്ധതികളും വൈകാനുള്ള കാരണമെന്നും ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ദേശീയപാതകളില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികളെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ചോമ്പാല്‍ കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാതാ വികസനത്തില്‍ ഇപ്പോള്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്ന മൂരാട് പാലവും കോരപ്പുഴ പാലവും പ്രത്യേക പദ്ധതിയായി പരിഗണിക്കും. വികസനഘട്ടത്തില്‍ ഇവ രണ്ടും നാലുവരിയാക്കും. ദേശീയപാത ഭൂമിയേറ്റെടുക്കലിലുണ്ടായ പ്രശ്‌നങ്ങളെല്ലാം കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കീഴാറ്റൂരടക്കം എല്ലാ സമരഭൂമികളും പാതക്കായി വിട്ടുതന്നു.
19 സ്പാനുകളുള്ള പാലം റെയില്‍വേ ചെലവഴിച്ചതടക്കം 19.72 കോടി ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്. 2002ല്‍ സര്‍ക്കാര്‍ പാലത്തിനായി ഉത്തരവിറക്കിയെങ്കിലും വിവിധ കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ഇക്കാര്യവും മന്ത്രി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്തെ തെറ്റായ നടപടികളാണു പാലത്തിന്റെ പ്രവൃത്തി വൈകാന്‍ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭൂമി ഏറ്റെടുക്കുന്നതിനു മുന്‍പേ ടെന്‍ഡര്‍ നടപടികള്‍ നടത്തിയെന്ന അതീവ ഗുരുതര കുറ്റമാണ് മുന്‍ സര്‍ക്കാര്‍ ചെയ്തത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ അഴിച്ചുപണിയുകയും സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സി.കെ നാണു എം.എല്‍.എ അധ്യക്ഷനായി.
പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയൂബ്, ജില്ലാ പഞ്ചായത്തംഗം എ.ടി ശ്രീധരന്‍, അഡ്വ. പി. സതീദേവി, റീന രയരോത്ത്, സുഭ മുരളീധരന്‍, വഫ ഫൈസല്‍, പങ്കജാക്ഷി, ഷീബ അനില്‍ സംസാരിച്ചു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് എം.ഡി എ.ടി ജയിംസ് സ്വാഗതവും പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ വി.പി വത്സരാജ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."