സൗമ്യമല്ല ഈ നടപടിക്രമങ്ങള്‍
പ്രൊഫഷനില്‍ പ്രൊഫഷനലിസത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകരോടൊപ്പം തന്നെ ജനശ്രദ്ധയുളവാക്കുന്ന കേസുകള്‍ സ്വയം ഏറ്റെടുത്തുകൊണ്ട് സെന്‍സേഷനല്‍ അഭിഭാഷകരാവാന്‍ ശ്രമിക്കുന്നവരും നമ്മുടെ നീതിന്യായ വ്യവസ്ഥകള്‍ക്കു മുന്നില്‍ കൈകൂപ്പുന്നു. ചില വൈകാരിക സന്ദര്‍ഭങ്ങളില്‍ അപ്രതീക്ഷിതമായി ചെയ്തുപോകുന്ന കുറ്റകൃത്യങ്ങള്‍ക്ക് പ്രതികള്‍ക്കു വേണ്ടി ഹാജരാവുന്നത് പോലെയല്ലല്ലോ സ്പഷ്ടമായി ആസൂത്രണം ചെയ്തുനടപ്പാക്കുന്ന ഹീനകൃത്യങ്ങളെ അന്വേഷിച്ച് തേടിപ്പിടിച്ച് കേസ് നടത്തുന്ന വക്കീലന്‍മാര്‍. സാധാരണ ഗതിയില്‍ അഭിഭാഷകര്‍ കേസ് പിടിക്കുന്നത് തന്നെ തൊഴില്‍ മൂല്യങ്ങള്‍ക്ക് എതിരായിരിക്കെ, മനുഷ്യ മനസ്സുകള്‍ക്ക് താങ്ങാവുന്നതിനപ്പുറമുള്ള മുറിവേല്‍പ്പിക്കുന്ന കൊടും കുറ്റവാളികളെ അങ്ങോട്ട് തേടിപ്പോയി വക്കാലത്ത് വാങ്ങുന്നതും കേസ് നടത്തുന്നതും എങ്ങനെ നിയമവിധേയമാവും?
പണ്ട് മലബാറില്‍ ഒരു മൊഴിയുണ്ടായിരുന്നു. രാമന്‍ വക്കീലും ആയിരം രൂപയുമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാം എന്ന്. എന്നാല്‍, ഇന്ന് ഇത്തരം ചൊല്ലുകളൊന്നും ഇല്ലെന്ന് മാത്രമല്ല, അവയ്‌ക്കൊന്നും യാതൊരു പ്രസക്തിയുമില്ല. കാരണം ഇന്നത്തെ ജുഡിഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റും അഭിഭാഷക വൃത്തിയുമൊക്കെ സുതാര്യവും തെളിവുകളും സാക്ഷിമൊഴികളും തലനാരിഴ കീറിമുറിച്ച് പരിശോധനക്ക് വിധേയമാക്കുന്നതുമാണ്.
ട്രെയിനില്‍ നിന്നു പുറത്തേക്ക് തള്ളി ട്രാക്കില്‍ വീണ ഒരു സഹോദരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന ഗോവിന്ദച്ചാമിക്ക് വക്കാലത്ത് ഏറ്റെടുത്തവര്‍തന്നെയാണ് തനിക്ക് ജന്മം നല്‍കിയ അച്ഛനെയും അമ്മയെയും താന്‍ ജന്മം നല്‍കിയ കുട്ടികളെയും എലിവിഷം ഭക്ഷണത്തില്‍ നല്‍കി കൊലപ്പെടുത്തിയ കണ്ണൂര്‍ സൗമ്യക്ക് വേണ്ടി ഹാജരാവാന്‍ പോവുന്നത്. തന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവാതിരിക്കാന്‍ വേണ്ടിയാണത്രേ ഉറ്റവരെയും ഉടയവരെയും സൗമ്യ വകവരുത്തിയത് എന്നതാണ് പൊലിസ് ഭാഷ്യം.
ലീഗല്‍ സര്‍വിസസ് അതോറിറ്റി ആക്ട് 1987 പ്രകാരം സാമ്പത്തികശേഷിയില്ലാത്ത പ്രതികള്‍ക്കും സ്ത്രീകള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കും മറ്റും സൗജന്യ നിയമസഹായം നല്‍കുന്നു. വക്കീലിനെ വയ്ക്കാന്‍ കഴിവില്ലാത്ത പ്രതികള്‍ക്കും സ്ത്രീ കുറ്റവാളികള്‍ക്കും വിചാരണ തുടങ്ങുന്നതിന് മുമ്പ് തന്നെ കോടതി അഭിഭാഷകരെ ഏര്‍പ്പെടുത്തിക്കൊടുക്കുന്നു. അഡ്വക്കറ്റ്‌സ് ആക്ട് 1961 പ്രകാരം കേസ് പിടിക്കുന്നത് പ്രൊഫഷനല്‍ എത്തിക്‌സിന് വിരുദ്ധവും ലീഗല്‍ സര്‍വിസസ് അതോറിറ്റി ആക്ട് പ്രകാരം ഗതിയില്ലാത്ത പ്രതികള്‍ക്കും സ്ത്രീകള്‍ക്കും സൗജന്യ അഭിഭാഷകരെയും നിയമിക്കപ്പെടുകയും ചെയ്യുമ്പോള്‍ കോടതികളില്‍ ആളൂര്‍മാര്‍ക്കുള്ള പ്രസക്തി എന്താണെന്നുള്ള വിലയിരുത്തല്‍ അനിവാര്യമാണ്.
കൊട്ടിഘോഷിക്കപ്പെട്ടതും കുപ്രസിദ്ധിയാര്‍ജിച്ചതുമായ കേസുകള്‍ മാത്രം സ്വയം സെലക്ഷന്‍ നടത്തി വമ്പന്‍ ചമയുന്ന അഭിഭാഷകര്‍ സമൂഹത്തിനും പ്രതികള്‍ക്കും നല്‍കുന്ന മെസ്സേജ് ബ്യൂറോക്രാറ്റ് പരിശോധിക്കേണ്ടതുണ്ട്.
പ്രതികള്‍ക്ക് തങ്ങളുടെ കുറ്റകൃത്യത്തില്‍ ഖേദത്തിന് പകരം സംതൃപ്തി നല്‍കാനും കുറ്റം ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ക്ക് അല്ലെങ്കില്‍ ക്രിമിനല്‍ മൈന്‍ഡിന് പൂര്‍ണമായും അടിമപ്പെട്ടവര്‍ക്ക് ഒരു പ്രചോദനമാവാനും സമൂഹത്തില്‍ സഹാനുഭൂതിയും ആര്‍ദ്രതയുമുള്ള ഹൃദയങ്ങളെ വേദനിപ്പിക്കാനും മാത്രമേ ഇത്തരം സേവനങ്ങള്‍ ഉപകരിക്കുകയുള്ളൂ. സീമാതീതമായ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത പ്രതികള്‍ക്ക് അറസ്റ്റിനേക്കാള്‍ വേഗത്തില്‍ നിയമ പരിരക്ഷ ഉറപ്പിക്കാനുള്ള നടപടികള്‍ നിയമവിരുദ്ധമായി സ്വീകരിക്കുന്നവരെ അതില്‍ നിന്നു തടയാനാവശ്യമായ സംവിധാനം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടതുണ്ട്.
സത്യമായാലും മിഥ്യയായാലും അനുകൂലവും പ്രതികൂലവുമായ പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികം മാത്രം. ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തവരെ ആ കൃത്യത്തിലേക്കെത്തിച്ച സാഹചര്യങ്ങള്‍ അപഗ്രഥിച്ച് കൊണ്ട് വിലയിരുത്തി കുറ്റകൃത്യങ്ങളെ ലഘൂകരിക്കുന്ന പ്രവണതയും നമുക്കിടയിലുണ്ട്. ഉദാഹരണത്തിന് കണ്ണൂര്‍ സൗമ്യയുടെ വിഷയമെടുക്കാം. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെയും കാഠിന്യങ്ങളെയും തരണം ചെയ്യാന്‍ കഴിയാതെ ജീവിത ശൈലി തന്നെ മാറ്റേണ്ടി വന്ന ഹതഭാഗ്യ എന്നൊക്കെ അവരെ പറ്റി പറയാം. എന്നാല്‍, ഒരായിരം സൗമ്യമാരെ നിഷ്പ്രഭരാക്കുന്ന സ്ത്രീരത്‌നങ്ങളെ കണ്ടെത്താന്‍ ദുരെയെങ്ങും പോവേണ്ടതില്ല. നമ്മുടെ പരിസരപ്രദേശങ്ങള്‍ തന്നെ ധാരാളം. ഒരു മകനും മൂന്ന് പെണ്‍കുട്ടികളുമുള്ളപ്പോള്‍ ബഹു ഭാര്യസ്ഥനായ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട എന്റെ അടുത്ത പ്രദേശത്തെ ഒരു സ്ത്രീ അയല്‍വീടുകളില്‍ പാത്രങ്ങള്‍ കഴുകിയും മുറ്റമടിച്ചും നിലം തുടച്ചുമൊക്കെ ആ കുട്ടികളെ സധൈര്യം വളര്‍ത്തി. മൂത്ത കുട്ടി ഉമ്മയുടെ പ്രയാസങ്ങള്‍ കണ്ടിട്ടോ എന്തോ പഠന മേഖലയില്‍ നന്നായി മികവ് പുലര്‍ത്തി. സമ്പന്നര്‍ക്ക് പോലും എത്തിപ്പിടിക്കാന്‍ പ്രയാസമുള്ള തസ്തികകളില്‍ മുന്നേറിയ ആ മകന്‍ ഇന്ന് സ്റ്റേറ്റ് ഗവണ്‍മെന്റില്‍ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ ജോലിചെയ്യുന്നു. ഇളയെ മൂന്ന് സഹോദരിമാരെയും നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ച് കൊടുത്തു. വിധിവൈപരീത്യമെന്ന് പറയട്ടെ, മകന്റെ കൂടെ ശേഷിക്കുന്ന ജീവിതം ചെലവഴിക്കാന്‍ ആ മാതാവിന് കഴിഞ്ഞില്ല. തന്റെ ദൗത്യങ്ങളെല്ലാം വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന ആത്മസംതൃപ്തിയോടെയാവണം ആ ഉമ്മ കഴിഞ്ഞ വര്‍ഷം ബ്ലഡ് കാന്‍സര്‍ മൂലം മരണത്തിന് കീഴടങ്ങിയത്. പറഞ്ഞുവന്നത് പ്രതികൂല സാഹചര്യങ്ങള്‍ വഴി തിരിച്ചുവിടാനുള്ള വഴിയാക്കാതെ ശോഭനമാക്കാന്‍ തെരഞ്ഞെടുക്കുന്നവരും നമുക്കിടയിലുണ്ട് എന്ന വസ്തുത വെളിപ്പെടുത്താനാണ്.
നീതിന്യായ വ്യവസ്ഥകള്‍ക്ക് വെല്ലുവിളികളേല്‍ക്കുന്ന വര്‍ത്തമാനകാലത്ത് ജുഡിഷ്വറിയുടെ വിശ്വാസ്യതയും സ്വാതന്ത്ര്യവും നിലനിര്‍ത്താന്‍ ന്യായാധിപന്മാരും അഭിഭാഷകരും രാഷ്ട്രീയ നേതൃത്വവും മുന്‍കൈയെടുത്തേ തീരൂ. ജുഡിഷ്വറിയോടുള്ള സകല ആദരവുകളും ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, അഭിഭാഷക ഫലിതങ്ങളിലുള്ള ഒരു ഫ്രഞ്ച് ജോക്കായ There are twot ypes of Lawyers, one who knows the law and other who knows the judges എന്നത് There are two types of Judges, one who knows the law and other who knows the Parties എന്നാക്കി മാറ്റേണ്ടി വരുമോ എന്ന് രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ മുഖ്യ ന്യായാധിപന്റെ ആനുകാലിക വിധിന്യായങ്ങള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."