ജുഡിഷ്വറി സ്വതന്ത്രമാവണം
ഇന്ത്യന്‍ ജനാധിപത്യം തളര്‍ന്ന ഘട്ടത്തില്‍ ജനാധിപത്യത്തെ പ്രബലപ്പെടുത്താന്‍ കാവല്‍ നിന്നത് ജുഡിഷ്വറിയായിരുന്നു. അലഹബാദ് ഹൈക്കോടതി വിധിയും തുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയും തുടര്‍ സംഭവങ്ങളും ഇന്ത്യയെ പിറകോട്ട് നടക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച പാഠങ്ങളാണ് പറഞ്ഞു തന്നത്.
ഇന്ത്യയിലാദ്യമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്‌മെന്റ് ചെയ്യാനാവശ്യപ്പെട്ട് ഉപരാഷ്ട്രപതിക്ക് നല്‍കിയ നോട്ടിസ് വെങ്കയ്യനായിഡു തള്ളിക്കളഞ്ഞെങ്കിലും കണ്ണടച്ചാല്‍ ഇരുട്ടാവില്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നുണ്ട്.
സുപ്രിംകോടതിയെ സ്വതന്ത്രവും സത്യസന്ധമായും ദീപക് മിശ്ര സമീപിക്കുന്നില്ലെന്ന പരാതി പല കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നിരിക്കുന്നു. താല്‍പര്യ കേസുകള്‍ സീനിയര്‍ ജഡ്ജിമാരുടെ ബെഞ്ചിന് കൈമാറാതെ ജൂനിയര്‍ ജഡ്ജിമാരുടെ ബെഞ്ചിന് കൈമാറുന്നതിനുള്ള വിയോജിപ്പും മുതിര്‍ന്ന ന്യായാധിപന്മാര്‍ മാധ്യമങ്ങളെ വിളിച്ചുകൂട്ടി പറഞ്ഞതും ഇന്ത്യാ ചരിത്രത്തിലാദ്യമായിട്ടാണ്. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണമിനി അന്വേഷിക്കേണ്ടതില്ലെന്ന ഉത്തരവ് സംശയങ്ങള്‍ ജനിപ്പിക്കുന്നു. ജുഡിഷ്വറിയെ ഫാസിസം ദുരുപയോഗം ചെയ്തു തുടങ്ങിയെന്ന സംശയം ബലപ്പെടുന്നു. കൊളിജിയത്തിന്റെ രണ്ട് ശുപാര്‍ശയും കേന്ദ്ര നിയമമന്ത്രി ഇതുവരെ പരിഗണിച്ചിട്ടില്ല. പറയേണ്ടതുപോലെ കനപ്പിച്ചു പറയാന്‍ ചീഫ് ജസ്റ്റിസ് സന്നദ്ധനുമായിട്ടില്ല.
2002-ലെ ഗുജറാത്ത് വംശഹത്യാ സമയത്ത് നരോദാ പാട്യ കൂട്ടക്കൊലയില്‍ തെളിവുകളുടെ പിന്‍ബലത്തില്‍ വിചാരണ കോടതി ശിക്ഷിച്ചു ജയിലിലടച്ച മുന്‍ ഗുജറാത്ത് മന്ത്രി മായോ കൊട്‌നാനിയെ ഗുജറാത്ത് ഹൈക്കോടതി വെറുതെവിട്ടു. നിയമസഭയിലും ആശുപത്രിയിലും സംഭവസമയത്ത് താന്‍ കൊട്‌നാനിയെ കണ്ടു എന്ന അമിത്ഷായുടെ മൊഴിയുടെ പിന്‍ബലത്തിലാണ് മറ്റെല്ലാ തെളിവുകളും അവസാനിപ്പിച്ച് കോടതി കൊട്‌നാനിയെ വെറുതെ വിട്ടത്. നിരവധി കേസുകളില്‍ പ്രതിയായ അമിത്ഷായുടെ ക്രഡിബിലിറ്റി കോടതി പരിശോധിച്ചില്ല.
മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ കുറ്റം സമ്മതിച്ച് ശിക്ഷിക്കപ്പെട്ട അസിമാനന്ദയെ വെറുതെ വിട്ട കോടതി വിധിയും ഉല്‍ക്കണ്ഠ ഉയര്‍ത്തിയ സംഭവങ്ങളാണ്. ഫാസിസം ഭരണ സംവിധാനങ്ങള്‍ കൈയടക്കുകയാണ്. ജര്‍മനിയിലെത്തിയ ഒരു വിനോദസഞ്ചാരിയോട് ആരാണിവിടെ ഭരിക്കുന്നതെന്ന് പത്രപ്രതിനിധി ചോദിച്ചിരുന്നു. 'ഭയം' എന്നായിരുന്നു സഞ്ചാരിയുടെ മറുപടി. കത്‌വയിലെ പിഞ്ചുപൈതലിന്റെ കൊലക്ക് പിന്നിലും ഭയപ്പെടുത്തലാണ് മുഖ്യം എന്ന വാര്‍ത്ത എഴുതിത്തള്ളേണ്ടതില്ല.ജര്‍മനിയില്‍ നിന്നാണ് ഇന്ത്യന്‍ ഫാസിസം ആശയങ്ങള്‍ കൈക്കൊണ്ടതും നടപ്പാക്കിവരുന്നതും.
60 ലക്ഷത്തോളം ജൂതരേയാണ് ഹിറ്റ്‌ലര്‍ കൊന്നുതള്ളിയത്. മെയന്‍കാഫിലെ ഓരോ വാക്കിനും 125 മരണങ്ങള്‍, ഓരോ പേജിനും 47,000 ജീവിതങ്ങള്‍ നഷ്ടമായി. ഓരോ അധ്യായത്തിനും 12,00,000 മരണങ്ങള്‍ (നോര്‍മന്‍ കസിന്‍സ്) ഇന്ത്യയുടെ പാരമ്പര്യം നിരാകരിച്ചു ഭരണഘടന മാനിക്കാതെ ജുഡിഷ്വറി പോലും ബാഹ്യശക്തികള്‍ക്ക് വിധേയമാവുന്നു എന്ന സംശയം ബലപ്പെടുകയാണ്. ഭീകര ഹിന്ദുത്വവാദികള്‍ക്ക് വേണ്ടി ഹാജരാവുന്ന സര്‍ക്കാര്‍ വക്കീലന്മാര്‍ പ്രതികളെ രക്ഷപ്പെടുത്തുന്നു. ഒന്നാം നമ്പര്‍ കോടതിയിലേക്ക് ഇനി താനില്ലെന്ന സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന് പറയേണ്ടിവന്നത് ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ പക്ഷംചേരലുകളെ തുറന്നുകാട്ടുന്നുണ്ട്.
അഭിപ്രായസ്വാതന്ത്ര്യമുള്ള പാര്‍ട്ടി
സി.പി.എം അവരുടെ രാഷ്ട്രീയ പ്രമേയത്തില്‍ വരുത്തിയ നീക്കുപോക്കുകളേക്കാള്‍ പ്രസക്തമാകുന്നത് ആ പാര്‍ട്ടിയുടെ ഉള്‍പാര്‍ട്ടി ജനാധിപത്യമാണ്. ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കും അവസരവും കേള്‍ക്കാനൊരു നേതൃനിരയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഗുണമേന്മയുടെ അടയാളമായി കാണണം. എന്നാല്‍, രഹസ്യ ബാലറ്റ് ഭയന്നത് ഭംഗിയായില്ല.
സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് വെല്ലുവിളികള്‍ നേരിടാനുള്ള കരുത്ത് ചോരുന്നത് നല്ല കാര്യമല്ല. ഒരു നൂറ്റാണ്ടിലെത്തി നില്‍ക്കുന്ന ഇടതുപക്ഷങ്ങളുടെ പൊതുബോധ്യത്തിന്റെ ഗ്രാഫ് ഉയരാത്തതിന്റെ കാരണങ്ങള്‍ കൂടി പരിശോധിക്കപ്പെടണം. ബി.ജെ.പിയും ആര്‍.എസ്.എസും ഫാസിസമല്ലെന്നും മുഖ്യശത്രുവല്ലെന്നും ജയിക്കാന്‍ വേണ്ടി വാദിച്ച സി.സി അംഗം ഉണ്ടെന്നാണ് പുറത്തുവന്ന വാര്‍ത്ത.
ഇത് ശരിയാണെങ്കില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിശേഷിച്ച് ഒരിടവും ഇല്ലെന്നുതന്നെ പറയേണ്ടിവരും. സീതാറാം യെച്ചൂരിയോ പ്രകാശ് കാരാട്ടോ പാര്‍ട്ടി നയം രൂപീകരിക്കുന്ന ചിന്താകേന്ദ്രങ്ങളാവരുത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സാധ്യതയും സാന്നിധ്യവും നിര്‍ണയിക്കേണ്ടത് വസ്തുതകളാവണം. മറിച്ചുണ്ടാവുന്നതാണ് പാര്‍ട്ടിയുടെ ബാല്യം വിട്ടുമാറാത്ത മുടന്തിന് പ്രധാന കാരണം.
മതേതര കക്ഷികളെ കവടി നിരത്തി കണ്ടെത്തേണ്ട ഗതികേട് ദുരന്തമാണ്. കോണ്‍ഗ്രസിനെയോ മറ്റുള്ള മതേതര പ്രസ്ഥാനങ്ങളെയോ എതിര്‍ക്കാന്‍ സി.പി.എമ്മിന് അവകാശമില്ല. സാമ്പത്തിക-വിദേശ നയങ്ങളുമായി വിയോജിക്കാം. എന്നാല്‍, ഫാസിസം തടയാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരെ ഉപയോഗപ്പെടുത്താന്‍ പാടില്ലെന്ന് വാശിപിടിക്കുന്നത് പരിഷ്‌കൃതമാവുന്നതെങ്ങനെ?
നരേന്ദ്രമോദിയെന്ന ആര്‍.എസ്.എസുകാരനില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള ജനാധിപത്യ പോരാട്ടത്തില്‍ അണിചേരുന്നത് ഫ്യൂഡലിസമാണെന്ന് സിദ്ധാന്തിക്കുന്നത് ആര്‍ക്കും മനസിലാവാത്ത ആശയവും ഫാസിസത്തിന് അധികാരം ഉറപ്പിക്കാനുള്ള അവസരം ഒരുക്കല്‍ കൂടിയാണ്.
യമനികളും സൂരികളും
കല്യാണപ്പന്തലിലേക്ക് സഊദി നടത്തിയ വ്യോമാക്രമണത്തില്‍ വധുവും കുട്ടികളുമടക്കം 40 പേര്‍ കൊല്ലപ്പെട്ട വാര്‍ത്ത യമനില്‍ നിന്ന് പുറത്തുവന്നപ്പോള്‍ ലോകം വല്ലാതെ നടുങ്ങിയതായി കേട്ടില്ല. ഹൂതികള്‍ ഇടയ്ക്കിടെ റിയാദിലേക്കും അല്‍കോബാറിലേക്കും തൊടുത്തുവിടുന്ന മിസൈല്‍ വാര്‍ത്തക്ക് ലഭിക്കുന്ന പരിഗണനയും കല്യാണക്കൊലക്ക് മാധ്യമങ്ങളും നല്‍കിക്കണ്ടില്ല. പിഞ്ചുബാല്യങ്ങളുടെ വിദ്യാഭ്യാസം തടയുന്ന ഒരു ജനതയെ ക്രൂരമായി പട്ടിണിക്കിട്ടു കൊല്ലുന്ന യുദ്ധം മതിയാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഫലപ്രദമായ യാതൊരു നീക്കങ്ങളും ഉണ്ടാവുന്നില്ല. ഐക്യരാഷ്ട്രസഭയും അറബ് ലീഗും എന്തുകൊണ്ടാവും നിശബ്ദരാവുന്നത്. കോളറയും പട്ടിണിയും പോഷകാഹാരക്കുറവും യമനികളെ തളര്‍ത്തിയിരിക്കുന്നു. ഹൂതികളും സഊദികളും ആയുധം താഴെവച്ച് മനുഷ്യത്വം മാനിക്കാന്‍ വൈകരുത്.
സിറിയയുടെ സ്ഥിതി മറിച്ചല്ല. ബശാര്‍ അല്‍ അസദിന്റെ സിംഹാസനം ഉറപ്പിക്കാന്‍ ഒരു ജനതയെ ഇവ്വിധം കൊന്നു തീര്‍ക്കാമോ? ദമസ്‌കസ് ഉള്‍പ്പെടെ പല നഗരങ്ങളും പൂര്‍ണമായോ ഭാഗികമായോ ബോംബാക്രമണത്തില്‍ തകര്‍ന്നിരിക്കുന്നു. യമനില്‍ ഇതുവരെയായി 5970 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 9490 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിറിയയില്‍ ഈ കണക്ക് ലക്ഷങ്ങളായി മാറുന്നു. പലായനം ചെയ്തവരും ലക്ഷങ്ങളാണ്. ആയുധ കച്ചവടക്കാരുടെ ഇടനിലക്കാരായി ട്രംപും പുടിനും പിന്നെ മറ്റു പലരും മാറുന്നു. മാനവസമൂഹത്തെ രക്ഷപ്പെടുത്താനാവില്ലെങ്കില്‍ എന്തിനാണ് നമുക്കൊരു ഭരണ സംവിധാനം, അന്താരാഷ്ട്ര വേദികള്‍? അയല്‍പക്കക്കാരനോട് കരുണ കാണിക്കാന്‍ പഠിക്കാത്ത സമീപം, അവനെ ആക്രമിക്കുന്ന രീതി യമനികളും സഊദിയും ആരില്‍ നിന്നാണ് പഠിച്ചത്. പറഞ്ഞുതീര്‍ക്കാവുന്ന ചെറു പ്രശ്‌നങ്ങള്‍ പറഞ്ഞു വലുതാക്കി യുദ്ധവിമാനമയക്കുന്ന ധാര്‍ഷ്ട്യം വലിയ തിരിച്ചടിക്ക് കാരണമാവും. ചരിത്രം കണക്കു തീര്‍ക്കുന്ന കാലം വരുമ്പോള്‍ കഥ പൂര്‍ണമാവും.
സഊദിയുടെ പുതിയ നീക്കം
ഉംറ തീര്‍ഥാടകര്‍ ജബലുന്നൂര്‍, താഇഫ് സന്ദര്‍ശിക്കരുതെന്ന സഊദിയുടെ ഉത്തരവ് അനുചിതമായി. ഉംറക്കെത്തുന്ന വിശ്വാസികളുടെ മതാവകാശങ്ങളെ മാനിക്കാന്‍ അധികാരികള്‍ക്ക് കഴിയണമായിരുന്നു. പുണ്യസ്ഥലങ്ങളും സാംസ്‌കാരിക ശേഷിപ്പുകളും നിരാകരിക്കുന്ന സഊദി നിലപാട് പരക്കെ വിമര്‍ശിക്കപ്പെട്ടതാണ്. ഈ നിലപാട് കാരണം സാംസ്‌കാരിക ശേഷിപ്പുകള്‍ ഇല്ലാത്ത രാജ്യമായി സഊദി മാറിയിരിക്കുന്നു.
പ്രവാചകന്‍(സ)യുടെ ജന്മഗൃഹം പോലും സംരക്ഷിക്കാന്‍ സഊദിക്കായില്ല. മക്കയും മദീനയും അടക്കം പുണ്യനഗരിയും ശ്രേഷ്ഠ സ്ഥലങ്ങളും അതിന്റെ പവിത്രതകളോടെ സംരക്ഷിച്ചു തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ പണ്ഡിതസഭ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമായിരുന്നു. ലോക മുസ്‌ലിംകളുടെ മതാവകാശങ്ങള്‍ മാനിക്കാതെയുള്ള നടപടികള്‍ എന്തിന്റെ പേരിലായാലും അനുചിതമായി.
ദിവ്യ സന്ദേശം ഇറങ്ങിയ പ്രഥമ സ്ഥലമായ ഹിറാഗുഹ ചരിത്രപ്രാധാന്യമുള്ള ഇടമാണ്. അവിടം സന്ദര്‍ശിക്കാന്‍ വിലക്കേര്‍പ്പെടുത്തിയത് ദുഃഖകരമായ കാര്യം തന്നെയാണ്. താഇഫിലെ പ്രധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നും സഊദി ഭരണാധികാരികള്‍ ഇറക്കിയ ഉത്തരവ് തങ്ങളിനിയും നന്നാവാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറയാതെ പറയലായി. പ്രവാചകന്റെ ജന്മവീട് എവിടെയാണെന്ന് കാണിച്ചുകൊടുക്കേണ്ടവര്‍ അത് സംരക്ഷിക്കാതെ തകര്‍ത്ത ഇന്നലെകളില്‍ നിന്ന് സഊദി പാഠം പഠിക്കാന്‍ തയാറാവുന്ന മട്ടില്ല. എല്ലാ സാംസ്‌കാരികാടയാളങ്ങളും ഇല്ലാതാക്കി പൈതൃകമില്ലാത്തവരായി ലോകത്തിന്റെ മുന്നില്‍ ചൂളിനില്‍ക്കുന്ന ഘട്ടത്തിലും ഭരണപര്‍വത്തിന്റെ വിചാര മുരടിപ്പ് വിളിച്ചു പറയുന്നതാണ് തീരുമാനം.
ഏറെ പൂതിവച്ച് ഒരുപാട് പ്രയാസങ്ങള്‍ സഹിച്ചാണ് ഉംറ തീര്‍ഥാടകര്‍ പണമൊപ്പിച്ച് പുണ്യനഗരിയിലെത്തുന്നത്. അവര്‍ പഠിച്ചതും കേട്ടതും കാണാനും പുണ്യം നേടാനുമാണവര്‍ വരുന്നത്. അവരെ കൊള്ളയടിച്ചു പണമുണ്ടാക്കാനുള്ള വിനോദസഞ്ചാരമല്ല ഹജ്ജും ഉംറയും. മുസ്‌ലിം ഉമ്മത്തിന്റെ പൊതു അവകാശവും അധികാരവും ആഗ്രഹവും തടയാന്‍ സഊദിക്ക് ധാര്‍മികമായ അധികാരമില്ല. ഹിറയും സൗറും അടക്കം എല്ലാ സന്ദര്‍ശന സ്ഥലങ്ങളും താല്‍പര്യമുള്ളവര്‍ക്ക് കാണാനുള്ള സൗകര്യങ്ങളാണ് മാന്യന്മാരായ ഭരണാധികാരികള്‍ ഒരുക്കേണ്ടത്. അതാണ് രാജനൈതികതയും.
മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിയും
കേരള പൊലിസില്‍ മൂന്നാം മുറ തുടര്‍ക്കഥയാവുന്നു. എല്ലാ ലോക്കപ്പിലും സി.സി.ടി.വി കാമറ സ്ഥാപിക്കുമെന്നാണ് ഡി.ജി.പി പറയുന്നത്. മറ്റൊരു പരിഹാരം ഉപദേശക ക്ലാസാണ്. ശ്രീജിത്തിനെ ചവിട്ടിയും അടിച്ചും കൊന്ന പൊലിസുകാര്‍ക്കെതിരില്‍ ശബ്ദിച്ച മനുഷ്യാവകാശ കമ്മീഷന്‍ രാഷ്ട്രീയ വര്‍ത്തമാനമാണ് പറയുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ നിയമം അറിയില്ലെന്ന് കമ്മീഷനും പറയുന്നു.
മുഖം ഭംഗിയില്ലാത്തതിന് കണ്ണാടിയെ വെറുക്കുന്ന സമീപനമാണ് മുഖ്യമന്ത്രി കാണിച്ചത്. മനുഷ്യാവകാശ കമ്മിഷന്‍ മനുഷ്യരുടെ അവകാശങ്ങള്‍ പറയാനും സംരക്ഷിക്കാനും ഉള്ള സ്ഥാപനമാണ്. ആ പണി എടുക്കുമ്പോള്‍ അസഹിഷ്ണുത അരുതായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ഗൃഹമന്ത്രിയായി പിണറായി പ്രതിസ്ഥാനത്തുണ്ട്. ചങ്കുറപ്പു കാണിച്ച് കുറ്റവാളികളെ പിടികൂടി നിയമവാഴ്ച ഉറപ്പാക്കുന്നതിനു പകരം എതിര്‍ശബ്ദം ഇല്ലാതാക്കാനുള്ള സ്റ്റാലിനിസം ആണെന്നാരെങ്കിലും പറഞ്ഞാല്‍ മുഖം ചുളിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."