നഗരത്തിലെ ഗതാഗത കുരുക്കഴിയുന്നു
കോഴിക്കോട്: നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ആറ് റോഡുകളുടെ നിര്‍മാണ ജോലികള്‍ അന്തിമഘട്ടത്തില്‍. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി തുടക്കം കുറിച്ച ഏഴു റോഡുകളില്‍ അഞ്ച് റോഡുകളുടെ പ്രവൃത്തി മാര്‍ച്ച് 20തോടെ പൂര്‍ത്തിയാവും. ഏപ്രില്‍ ആദ്യവാരം ഈ റോഡുകള്‍ പൂര്‍ണമായി ഗതാഗതത്തിനു തുറന്നു കൊടുക്കും.
ഫ്രാന്‍സിസ് റോഡ്- മാങ്കാവ് റോഡ്, സ്‌റ്റേഡിയം-പുതിയറ റോഡ്, കാരപ്പറമ്പ് കല്ലുത്താംകടവ് റോഡ്, കോവൂര്‍-വെള്ളിമാട്കുന്ന് റോഡ്, സി.ഡ.ബ്യു.ആര്‍.ഡി.എം-പനാത്ത്താഴം റോഡ് എന്നിവയുടെ പ്രവൃത്തികളാണ് അന്തിമഘട്ടത്തിലുള്ളത്.
സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്റ്റില്‍ ഉള്‍പ്പെട്ട ഗാന്ധി റോഡ്-മിനി ബൈപ്പാസ് റോഡില്‍ കേബിള്‍ ജോലികളുള്ളതിനാല്‍ അടുത്തമാസത്തോടെ പണി പൂര്‍ത്തിയാവില്ല. സര്‍ക്കാര്‍ ഭൂമിയിലെ മരംമുറിയും ഭൂമി ഏറ്റെടുക്കലുമായുള്ള പ്രവൃത്തികള്‍ മുടങ്ങിയതിനാല്‍ ഈ പദ്ധതിയില്‍പ്പെട്ട മാനഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാവാന്‍ ഇനിയും കടമ്പകള്‍ ഏറെ കടക്കേണ്ടതുണ്ട്.
15 മീറ്റര്‍ വീതിയിലാണ് ഭൂമി ഇതിനായി ഏറ്റെടുത്തത്. 10 മീറ്റര്‍ വീതിയിലാണ് ടാറിങ്, പ്രവൃത്തി നടക്കുന്ന സമയത്തും ഭാഗികമായി ഗതാഗതം ഈ റോഡുകളിലൂടെ അനുവദിച്ചിരുന്നെങ്കിലും പൂര്‍ണമായി റോഡുകള്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നത് ഉദ്ഘാടന ശേഷമായിരിക്കും.
ബി.ഒ.ടി അടിസ്ഥാനത്തിലാണ് റോഡിന്റെ നിര്‍മാണം നടക്കുന്നത്. പതിനഞ്ചു വര്‍ഷം റോഡും റോഡുമായി ബന്ധപ്പെട്ട സംവിധാനങ്ങളും നോക്കി നടത്തേണ്ട ചുമതല നിര്‍മാണ കമ്പനിക്കു തന്നെയാണ്. റോഡുകളുടെ മുഴുവന്‍ നിര്‍മാണ ജോലികളും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് ഏറ്റെടുത്തിരിക്കുന്നത്. റോഡു തുറന്നുകൊടുത്ത ആറു മാസത്തിനു ശേഷമാണ് കമ്പനിക്കു ആദ്യഗഡു കൈമാറുക.
വലിയ തിരക്കനുഭവപ്പെട്ടിരുന്ന ഫ്രാന്‍സിസ് റോഡ്-മാങ്കാവ് റോഡ് ഇപ്പോള്‍ ഗതാഗത യോഗ്യമായി കഴിഞ്ഞു. സ്‌റ്റേഡിയം-പുതിയ റോഡിന്റെ പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. ഇവിടെ വണ്‍വേ ഒഴിവാക്കിയിരിക്കുകയാണ്.
കാരപ്പറമ്പ്-കല്ലൂത്താന്‍കടവ് റോഡ് പൂര്‍ണമായി തുറന്നു കൊടുക്കുന്നതോടെ ഇവിടേയും ഗതാഗതക്കുരുക്ക് ഇല്ലാതാവും. ഗാന്ധി റോഡ് മിനി ബൈപ്പാസ് റോഡ് തുറന്നാല്‍ ബീച്ചിലേക്കു വരുന്നവര്‍ക്കു മാവൂര്‍ റോഡിലൂടെയല്ലാതെ ബീച്ചിലെത്താം.
സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായിരുന്ന മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് ഇപ്പോഴും മുടങ്ങി തന്നെ. സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്‌തെങ്കിലും സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.
സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിക്കാനുള്ള കരാറുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പ്രശ്‌നങ്ങളുള്ളത്. ഭൂമി നല്‍കാത്ത സ്വകാര്യ വ്യക്തികള്‍ക്ക് ഒരവസരം കൂടി അനുവദിച്ചിരുന്നു.
റോഡ് വികസനത്തിനായി നാട്ടുകാര്‍ ഭൂമി വിട്ടു നല്‍കാന്‍ തയാറായപ്പോള്‍ സര്‍ക്കാര്‍ ഭൂമി വിട്ടു നല്‍കാന്‍ തയാറാവാത്ത അധികൃതരുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്നാണ് പ്രക്ഷോഭ സമിതി പറയുന്നത്. മറ്റു റോഡുകളുടെ പണി പൂര്‍ത്തിയായിട്ടും ഈ റോഡ് പ്രവൃത്തി ഇപ്പോഴും മുടങ്ങിക്കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."