ഭീകരാക്രമണകാലത്തെ മാധ്യമ വെല്ലുവിളികള്‍
അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞദിവസമുണ്ടായ ചാവേര്‍ സ്‌ഫോടന പരമ്പര ആ രാജ്യത്തെയും ലോകത്തെയും നടുക്കുന്നതാണ്. ഒപ്പം മാധ്യമലോകത്തിനും തീരാനഷ്ടമായി. മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍മേഖലയിലെ സുരക്ഷിതത്വക്കുറവും ചര്‍ച്ചയാക്കേണ്ട ആവശ്യകതയ്ക്ക്് ഊന്നല്‍ നല്‍കുന്നതാണ് അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണം. ലോക പത്രപ്രവര്‍ത്തക സ്വാതന്ത്ര്യ ദിനമായ ഇന്ന് ഇത്തരമൊരു ചിന്തയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്നാണു കരുതുന്നത്.
ഇടവേളയ്ക്കു ശേഷമുണ്ടായ സ്‌ഫോടനങ്ങള്‍ അഫ്ഗാനിസ്ഥാന്റെയും സമീപമേഖലയുടെയും സുരക്ഷയ്ക്കും സമാധാന നീക്കത്തിനും വെല്ലുവിളിയാണ്. ലോക പത്രസ്വാതന്ത്ര്യദിനത്തിന്റെ രണ്ടു ദിവസം മുന്‍പാണു പിഞ്ചുകുഞ്ഞുങ്ങളും മാധ്യമപ്രവര്‍ത്തകരും പൊലിസുകാരുമുള്‍പ്പെടെ 37 പേര്‍ കൊല്ലപ്പെട്ടത്. ആ സംഭവത്തില്‍ 45 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. താലിബാന്‍ താണ്ഡവമാടി നശിപ്പിച്ച അഫ്ഗാനിസ്ഥാനെന്ന നാഗരികരാജ്യത്ത് സമാധാനം പുലരുന്നുവെന്ന സൂചനകള്‍ കണ്ടു തുടങ്ങുമ്പോഴാണ് അവിടെ വീണ്ടും അശാന്തി പുകയുന്നത്.
താലിബാനില്‍നിന്ന് അധികാരം യു.എസ് നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം ഐ.എസ് അഫ്ഗാന്‍ മണ്ണില്‍ ശക്തിയാര്‍ജിക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസത്തെ സ്‌ഫോടനപരമ്പര. തലസ്ഥാനമായ കാബൂളില്‍ നടന്ന ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകരടക്കം 26 പേരും ഈ സ്‌ഫോടനം നടന്നു മണിക്കൂറുകള്‍ക്കകം രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയായ കാണ്ഡഹാറില്‍ നാറ്റോ സൈനികവ്യൂഹത്തെ ലക്ഷ്യമിട്ടു നടന്ന കാര്‍ബോംബ് സ്‌ഫോടനത്തില്‍ 11 കുട്ടികളുമാണു കൊല്ലപ്പെട്ടത്.
സൈനികവാഹനത്തിനടുത്ത് സമീപത്തെ മദ്‌റസയിലെ കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുമ്പോഴായിരുന്നു സ്‌ഫോടനം. തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ ഖോസ്തില്‍ നടന്ന ചാവേര്‍സ്‌ഫോടനത്തില്‍ ബി.ബി.സി റിപ്പോര്‍ട്ടറും കൊല്ലപ്പെട്ടു. മാധ്യമസംഘത്തോടൊപ്പം നടന്നെത്തിയ ചാവേറാണു പൊട്ടിത്തെറിച്ചത്.
ഒറ്റദിവസം ഇത്രയേറെ സ്ഥലങ്ങളില്‍ പ്രമുഖരെ മാത്രം ലക്ഷ്യം വച്ചു സ്‌ഫോടനം നടത്തുക വഴി തങ്ങളുടെ ശക്തിയാണ് ഐ.എസ് അഫ്ഗാനില്‍ വീണ്ടും തെളിയിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തില്‍ നിര്‍ണായകപങ്കാളിയായ ഇന്ത്യയുടെ വിവിധ പദ്ധതികള്‍ക്കും അഫ്ഗാനിലെ അശാന്തി കരിനിഴല്‍ പടര്‍ത്തുന്നു.
ദേശീയ ഐക്യ സര്‍ക്കാര്‍ (എന്‍.യു.ജി)യാണ് അഫ്ഗാനിസ്ഥാനില്‍ ഭരണം നടത്തുന്നത്. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ അഫ്ഗാനിസ്ഥാന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അബ്ദുല്ല അബ്ദുല്ല ഇന്നലെ ആഹ്വാനം ചെയ്തിട്ടുണ്ട്. താലിബാന്‍ സമാധാനത്തോട് എപ്പോഴും മുഖംതിരിഞ്ഞു നില്‍ക്കുകയാണെന്ന് അബ്ദുല്ല അബ്ദുല്ല പറഞ്ഞു. ഉപാധികളില്ലാതെ സമാധാനത്തിന് അഫ്ഗാന്‍ സര്‍ക്കാര്‍ ഈ വര്‍ഷമാദ്യം ആഹ്വാനം ചെയ്തിരുന്നെങ്കിലും അവര്‍ ഇതുവരെ പ്രതികരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സമാധാനചര്‍ച്ചകളുടെ ഭാവിയെന്തെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്നു വായിച്ചെടുക്കാം.
2001ല്‍ താലിബാന്‍ ഭരണം അവസാനിച്ചശേഷം അഫ്ഗാനിസ്ഥാനില്‍ മാധ്യമങ്ങള്‍ക്കുനേരേ നടക്കുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു കഴിഞ്ഞദിവസത്തേത്. ആക്രമണം ലോകമാധ്യമങ്ങള്‍ക്കു വലിയ നഷ്ടമാണുണ്ടാക്കിയതെന്നും പറയാതിരുന്നു കൂടാ. മാധ്യമപ്രവര്‍ത്തകരുടെ തൊഴിലിലെ സുരക്ഷിതത്വമില്ലായ്മയാണ് അഫ്ഗാനിസ്ഥാനിലെ സ്‌ഫോടനം തെളിയിക്കുന്നത്.
ഇന്നലെ അഫ്ഗാനിസ്ഥാന്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സ് (എ.എഫ്.ജെ) ഇറക്കിയ പത്രക്കുറിപ്പിലും ഈ ഭയാശങ്ക നിഴലിക്കുന്നുണ്ട്. ഇത്തരം ഭീകരാക്രമണങ്ങള്‍ യുദ്ധക്കുറ്റവും സംഘടിത ആക്രമണവുമായി കണക്കാക്കണമെന്നാണു പ്രസ്താവന. അഫ്ഗാനിസ്ഥാനിലെ മാധ്യമങ്ങളുടെ കൂട്ടായ്മയാണ് എ.എഫ്.ജെ. കാബൂളില്‍ ഗ്രീന്‍ സോണില്‍ നടന്ന സ്‌ഫോടനം സുരക്ഷാവീഴ്ചയുടെ ഉദാഹരണമാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിയും യു.എന്‍ രക്ഷാകൗണ്‍സിലും സമഗ്രമായി അന്വേഷിക്കണമെന്നാണു പ്രസ്താവനയില്‍ പറയുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 34 മാധ്യമപ്രവര്‍ത്തകരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടതെന്നു റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പറയുന്നു. ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ് ആന്വല്‍ കില്‍ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 81 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2016ല്‍ തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ടു 250 മാധ്യമപ്രവര്‍ത്തകര്‍ ജയിലിലായി. ഭീതിതമായ അവസ്ഥയെയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."