മഫ്തക്ക് വിലക്ക്:ജനപ്രതിനിധികളെ അപമാനിച്ചതില്‍ ജില്ലാ പഞ്ചായത്ത് പ്രതിഷേധിച്ചു
കോഴിക്കോട്: ലോക വനിതാദിനാചരണത്തിന്റെ ഭാഗമായി ഗുജറാത്തിലെ അഹമ്മദാബാദില്‍ കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച 'സ്വഛ്ശക്തി'ക്യാംപില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍നിന്നു എത്തിച്ചേര്‍ന്ന വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ മണിക്കുറൂകളോളം തടഞ്ഞുവച്ച് അപമാനിച്ച സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് യോഗം പ്രതിഷേധിച്ചു.
വസ്ത്രധാരണത്തിന്റെ അവകാശത്തിനു നേരെയുള്ള കടന്നാക്രമണത്തിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശനിഷേധമാണു പ്രകടമാവുന്നത്.
രാജ്യത്തിന്റെ മതേതരത്വത്തിനും തുല്യനീതിക്കും വിഘാതമുണ്ടാക്കുന്ന നീക്കങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
ജനപ്രതിനിധികളുടെ വസ്ത്രധാരണം പോലും തീരുമാനിക്കപ്പെടുന്ന തരത്തില്‍ ഫാസിസം അതിന്റെ ആധിപത്യസ്വഭാവം പുറത്തെടുക്കുമ്പോള്‍ പൗരന്‍മാരുടെ വ്യക്തിപരമായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ശക്തമായ ചെറുത്തു നില്‍പ്പ് ആവശ്യമാണെന്നും യോഗം പ്രമേയത്തില്‍ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി.
സുജാത മനക്കല്‍ പ്രമേയം അവതരിപ്പിച്ചു. പി.ടി.എം ഷറഫുന്നീസ പിന്താങ്ങി. വി.ഡി ജോസഫ്, അഹമ്മദ് പുന്നക്കല്‍, പി.കെ സജിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."