കുവൈത്ത് വഴി ഗാര്‍ഹിക തൊഴിലാളികളെ സഊദിയിലേക്കു കടത്തുന്നത് വ്യാപകമാവുന്നു
ജിദ്ദ: ഇന്ത്യയില്‍നിന്നു കുവൈത്ത് വിസയില്‍ വരുന്ന ഗാര്‍ഹിക തൊഴിലാളികളെ ഉടമസ്ഥര്‍ സഊദിയില്‍ കൊണ്ടുവിടുന്നത് വ്യാപകമാവുന്നു. ഇത്തരത്തില്‍ രണ്ടു ദിവസത്തിനിടെ അഞ്ച് ഇന്ത്യന്‍ തൊഴിലാളികളാണ് കഴിഞ്ഞ ദിവസങ്ങളിലായി ദമ്മാമില്‍ എത്തിപ്പെട്ടത്.
കഴിഞ്ഞ ഒരു മാസത്തില്‍ ഇത്തരത്തില്‍ ഇരുപതോളം ഇന്ത്യക്കാരാണ് എംബസി ഹെല്പ് ഡസകിനെ സമീപിച്ചതെന്ന് ദമ്മാമിലെ സാമൂഹിക പ്രവര്ത്തകന് മണിക്കുട്ടന് പറയുന്നു.
കുവൈത്തിലേക് ഡ്രൈവര്‍ വിസയില്‍ വരുന്നവരും, ഗാര്‍ഹിക തൊഴിലാളി വിസയില്‍ എത്തുന്നവരെയുമാണ് ഉടമസ്ഥര്‍ ആടു മേക്കാനും ഒട്ടകങ്ങളെ പരിപാലിക്കാനുമായി സഊദിയിലേക്ക് സന്ദര്‍ശക വിസയില്‍ കൊണ്ടു വിടുന്നത്. മൂന്ന് മാസമാണ് വിസ കാലാവധി. എന്നാല്‍ വിസ കാലാവധി തീര്‍ന്നാല്‍ ഉടമസ്ഥര്‍ തിരിഞ്ഞു നോക്കില്ല.
സഊദി അധികൃതരുടെ പിടിയിലാവുകയോ, മരുഭൂമിയില്‍നിന്ന് ഓടി രക്ഷപ്പെടുകയോ ആണ് പെതുവേ തൊഴിലാളികള്‍ ചെയ്യുന്നത്.
ഇത്തരത്തില്‍ സഊദിയില്‍ എത്തിയവരാണ് തഞ്ചാവൂര്‍ സ്വദേശി മുനിയാണ്ടിയും, അഹ്മദാബാദ് സ്വദേശി ഇമ്രാനും. കുവൈത്തില്‍ എത്തിയ ഒരു മാസത്തിനു ശേഷം സഊദിയിലെ ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ എത്തിയ ഇവര്‍ക്ക് ഒമ്പതു മാസത്തിനു ശേഷവും ശമ്പളം ലഭിച്ചില്ല. ഇതോടെ രണ്ട് പേരും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
അതു പോലെ കുവൈത്തിലേക്ക് ആശുപത്രി ജോലി വിസയിലെത്തിയ പഞ്ചാബ്, യു.പി സ്വദേശിനികളായ രണ്ടു യുവതികളെ കഴിഞ്ഞ ദിവസം ദമ്മാമില്‍ നിന്നും സാമൂഹിക പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്റെ നേതൃത്വത്തില്‍ രക്ഷപ്പെട്ടുത്തി ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചിരുന്നു.
ഇവരെ കുവൈത്തിലെത്തിച്ച് അവിടെനിന്നു സഊദിയിലേക്ക് ഗാര്‍ഹിക ജോലിക്കായി സഊദിയിലേക്ക് അയക്കുകയായിരുന്നു.
ദമ്മാമിലെ എംബസിക്ക് കീഴിലെ അദാലത്തില്‍ എത്തിയ ഇവര്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ലേബര്‍ കോടതിയിലും അമീര്‍ കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുടെ സഹായത്താല്‍ നാട്ടിലേക്ക് പോകാമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."