ജസ്റ്റിസ് കര്‍ണനെതിരെ സുപ്രിംകോടതിയുടെ അറസ്റ്റ് വാറണ്ട്; ജഡ്ജിക്കെതിരായ നടപടി ഇതാദ്യം
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കര്‍ണനെതിരെ സുപ്രിംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കോടതിയലക്ഷ്യ കേസില്‍ സുപ്രിംകോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച്ച വരുത്തിയതിനാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇദ്ദേഹത്തെ മാര്‍ച്ച് 31നു മുന്‍പ് കോടതിയില്‍ ഹാജരാക്കണമെന്ന് കൊല്‍ക്കത്ത പൊലിസ് മേധാവിയോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. ഒരു ജഡ്ജിക്കെതിരെ സുപ്രിംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് ഇതാദ്യമാണ്.
ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കര്‍ണനെതിരെ നടപടിയെടുത്തത്.
സുപ്രിം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമര്‍ശിച്ചതിനാണ് ജസ്റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ സുപ്രിംകോടതി സ്വമേധയാ തീരുമാനിച്ചത്.
വിരമിച്ച ജഡ്ജിമാരെക്കുറിച്ചുള്‍പ്പെടെ അപമാനകരമാം വിധത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതിനെയും കത്തുകളെഴുതിയതിനെയും കോടതി ഇദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. ജസ്റ്റിസ് കര്‍ണന്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ നീതി നിര്‍വഹണ ചുമതലകളില്‍ നിന്നും തത്കാലം മാറി നില്‍ക്കാനും കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ കോടതിയില്‍ ഹാജരാകില്ലെന്നായിരുന്നു കര്‍ണന്റെ നിലപാട്. താന്‍ ദളിതനായതിനാല്‍ ജുഡീഷ്യറിയില്‍ താന്‍ വിവേചനം നേരിടുന്നുവെന്നും ജസ്റ്റിസ് കര്‍ണ്ണന്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."