കോസ്റ്റ് ഗാര്‍ഡിന്റെ അമര്‍ത്യ കപ്പല്‍ ബേപ്പൂര്‍ തുറമുഖത്തെത്തി
ഫറോക്ക്: പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുന്നതിനായി കോസ്റ്റ് ഗാര്‍ഡിന്റെ അമര്‍ത്യ കപ്പല്‍ ബേപ്പൂര്‍ തുറമുഖത്തെത്തി. കോസ്റ്റ് ഗാര്‍ഡ് പതാകദിനത്തിന്റെ ഭാഗമായാണു കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന കപ്പല്‍ തുറമുഖത്തെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനും ആക്രമണങ്ങളെ നേരിടുന്നതിനുമായുള്ള കപ്പലിലെ സജ്ജീകരണങ്ങള്‍ സന്ദര്‍ശകര്‍ക്ക് അത്ഭുത കാഴ്ചയായി.
അമര്‍ത്യ കപ്പല്‍ 2014ലാണു കമ്മിഷന്‍ ചെയ്തത്. കടലില്‍ അതിവേഗ നീരക്ഷണം നടത്തുന്ന കപ്പലിനു മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാകും. മൂന്ന് ജെറ്റ് എന്‍ജിനുകളാണ് കപ്പലിനുള്ളത്. ആധുനിക വിവരവിനിമയ സംവിധാനങ്ങളുള്ള കപ്പാലാണിത്. കൗസ്തുബ് മുലെയാണ് ക്യാപ്റ്റന്‍. കമാന്‍ഡന്റ് സത്യപ്രകാശ് ഉള്‍പ്പെടെ ആറ് ഓഫിസര്‍മാരും 35 നാവികരമുണ്ട് ഇതില്‍. ക്ലോസ്ഡ് റേഞ്ച് നേവല്‍ ഗണ്‍ 91 (സി.ആര്‍.എന്‍), ലൈറ്റ്, ഹവി, മീഡിയം മെഷിന്‍ ഗണ്ണുകള്‍, പിസ്റ്റള്‍, ഇന്‍സാസ് തുടങ്ങി കടല്‍മാര്‍ഗമുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും കപ്പലിലുണ്ട്.
ഓഖി ദുരന്തകാലത്ത് കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ അമര്‍ത്യ കപ്പല്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 72 മത്സ്യത്തൊഴിലാളികളെയാണ് അന്നു രക്ഷപ്പെടുത്തിയത്. രണ്ടു വര്‍ഷം മുന്‍പ് മംഗളൂരുവിനു സമീപം ആഴക്കടലില്‍ മുങ്ങിയ ഐ.ബി.എസ് ചരക്കുകപ്പലിലെ 27 ജീവനക്കാരെ രക്ഷിച്ചതും ഈ കപ്പലാണ്.
കോസ്റ്റ് ഗാര്‍ഡ് മംഗളൂരു സ്റ്റേഷനിലെ കപ്പല്‍ ഇന്നലെ രാവിലെ 11 ഓടെയാണ് ബേപ്പൂരിലെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ പൊതുജനങ്ങള്‍ക്ക് കപ്പല്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കും. ആയിരത്തിലധികം പേരാണ് ഇന്നലെ കപ്പല്‍ കാണാനെത്തിയത്. ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡ് ഓഫിസര്‍ ഫ്രാന്‍സിസ് പോള്‍, അസി. കമാന്‍ഡന്റ് കെ. യൂസഫലി, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എസ്. ജാഫര്‍ഖാന്‍ തുറമുഖത്തെത്തിയ കപ്പലിനെ വരവേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."