ജനമഹായാത്രയ്ക്ക് ജില്ലയില്‍ സമാപനം: രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയുമായി സി.പി.എം മാറി; കെ. മുരളീധരന്‍
കോഴിക്കോട്: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കിണ്ടിയുടെയും കോളാമ്പിയുടെയും അവസ്ഥയാണു സി.പി.എമ്മിന്റേതെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. തറവാട് ഭാഗംവയ്ക്കുമ്പോള്‍ പറമ്പും മറ്റു സ്വത്തുക്കളും പലരും കൊണ്ടുപോകും. എന്നാല്‍ അവസാനം ബാക്കിയാകുന്ന കിണ്ടി കോളാമ്പികളുടെ അവസ്ഥയാണു രാഷ്ട്രീയപരമായി അവര്‍ക്കിനി ബാക്കിയുള്ളത്. മോദിക്കു ബദല്‍ രാഹുലാണെന്ന് അവര്‍ക്കിപ്പോഴും അംഗീകരിക്കാനായിട്ടില്ല-മുരളീധരന്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ കോഴിക്കോട് ജില്ലാ സമാപന സമ്മേളനം മുതലക്കുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലുശ്ശേരിയിലും കൊയിലാണ്ടിയിലും പര്യടനം നടത്തിയാണ് യാത്ര ഇന്നലെ മുതലക്കുളത്തു സമാപിച്ചത്. കേരളത്തില്‍ ആര്‍.എസ്.എസിനു വളരാനുള്ള എല്ലാ സഹായവും ചെയ്യുകയാണു സി.പി.എമ്മും അവരുടെ ഭരണവും. 2004ല്‍ കോണ്‍ഗ്രസിനെ സഹായിക്കാമെന്നു പറഞ്ഞ് വോട്ടുവാങ്ങിപ്പോയവര്‍ ബി.ജെ.പിയെ പിന്തുണച്ച ചതിയുടെ കഥ കേരളം മറക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. മോദി ഇപ്പോഴും ഗോഡ്‌സെക്കൊപ്പമാണ്. ഗാന്ധിയെ പ്രതീകാത്മകമായി കൊന്ന സംഘികളുടെ നടപടിയെ അപലപിക്കാന്‍ പോലും അദ്ദേഹം തയാറായില്ല. ക്ഷേത്രങ്ങളുടെ മഹത്വം പറയുന്ന സംഘികള്‍ കശ്മിരിലെ ക്ഷേത്രത്തില്‍ പെണ്‍കുട്ടിയെ ക്രൂരമായി കൊന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ മാനംകാക്കാന്‍ തയാറാകണമെന്നും കേരളത്തില്‍ 20 ലോക്‌സഭാ സീറ്റിലും യു.ഡി.എഫ് ജയിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് അധ്യക്ഷനായി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, എം.കെ രാഘവന്‍ എം.പി, ആര്യാടന്‍ മുഹമ്മദ്, ഡോ. എം.കെ മുനീര്‍, കെ.സി അബു, കെ.പി അനില്‍കുമാര്‍, അഡ്വ. പി. ശങ്കരന്‍, ശൂരനാട് രാജശേഖരന്‍, ഉമ്മര്‍ പാണ്ടികശാല, കെ.എം അഭിജിത്ത്, എം.ടി പത്മ, ലതിക സുഭാഷ്, പി.എം സുരേഷ്ബാബു, ദിനേഷ് പെരുമണ്ണ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം അന്നമ്മ ടീച്ചര്‍ ഓട്ടംതുള്ളല്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."