'സമക്ഷം ' രണ്ടാംഘട്ടം 13നു കലക്ടറേറ്റില്‍
കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ തീരുമാന പ്രകാരം കലക്ടര്‍ കെ ജീവന്‍ബാബു നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി 'സമക്ഷം 2017' ന്റെ രണ്ടാംഘട്ടം 13നു രാവിലെ ഒന്‍പതു മുതല്‍ വിദ്യാനഗര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഓണ്‍ലൈനായി കാസര്‍കോട് താലൂക്കില്‍ ലഭിച്ച 638 അപേക്ഷകളുും മഞ്ചേശ്വരത്ത് ലഭിച്ച 324 അപേക്ഷകളും ഉള്‍പ്പെടെ 962 അപേക്ഷകള്‍ കലക്ടര്‍ തീര്‍പ്പാക്കും. 'സമക്ഷ'ത്തില്‍ പുതിയ അപേക്ഷകളും സ്വീകരിക്കുമെങ്കിലും ഇവയില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കുകയില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായവും അര്‍ഹരായവര്‍ക്കുളള പട്ടയവും മറ്റ് ആനുകൂല്യങ്ങളും കലക്ടര്‍ വിതരണം ചെയ്യും. കാസര്‍കോട് താലൂക്കില്‍ ലഭിച്ച 638 അപേക്ഷകളില്‍ 285 എണ്ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായത്തിനുള്ളതാണ്. ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ മറുപടി നല്‍കും. മറുപടി തൃപ്തികരമല്ലെങ്കില്‍ കലക്ടറുടെ സാന്നിധ്യത്തില്‍ പരാതി തീര്‍പ്പാക്കും.
കലക്ടറേറ്റിനു മുന്നിലെ വാഹന പാര്‍ക്കിങ് ഏരിയ മുതല്‍ ജനസമ്പര്‍ക്ക പരിപാടിക്കു പ്രത്യേക സൗകര്യമൊരുക്കും. കറന്‍സി രഹിത ഇടപാടുകള്‍ പരിചയപ്പെടുത്തുന്നതിനു 12 കൗണ്ടറുകള്‍ പ്രത്യേകം സജ്ജീകരിക്കും. പെട്രോ കാര്‍ഡ്, ബി.എസ്.എന്‍.എല്‍ സിം കാര്‍ഡ് തുടങ്ങിയവ കൗണ്ടറില്‍ വിതരണം ചെയ്യും. മിനി കോണ്‍ഫറന്‍സ് ഹാളില്‍ താലൂക്ക് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. പഞ്ചായത്ത്, ജില്ലാ സപ്ലൈ ഓഫിസ് തുടങ്ങി കൂടുതല്‍ അപേക്ഷകളുളള വകുപ്പുകള്‍ക്ക് പ്രത്യേക കൗണ്ടര്‍ ഒരുക്കും. കലക്ടര്‍ അപേക്ഷ സ്വീകരിക്കുന്ന കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എല്ലാ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും ഇരിപ്പിടമൊരുക്കും. പൊതുജനങ്ങള്‍ക്കു കുടിവെള്ളം വിതരണം ചെയ്യും.
ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എഡി.എം കെ അംബുജാക്ഷന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എച്ച് ദിനേശന്‍, നോഡല്‍ ഓഫിസറായ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) എന്‍ ദേവിദാസ്, എന്‍.ഐ.സി ജില്ലാ ഓഫിസര്‍ കെ രാജന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി.കെ ശോഭ, അക്ഷയ ജില്ലാ പ്രൊജക്ട് ഓഫിസര്‍ ശ്രീരാജ് പി. നായര്‍, കാസര്‍കോട് തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്ത്, മഞ്ചേശ്വരം തഹസില്‍ദാര്‍ വി സൂര്യനാരായണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."