ആവശ്യത്തിന് ജീവനക്കാരില്ല; കിതച്ചോടി മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകള്‍
മാനന്തവാടി: ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കല്‍പ്പറ്റ, മാനന്തവാടി മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ജീവനക്കാരുടെ അഭാവം പൊതുജനങ്ങള്‍ക്ക് ഓഫിസുകളില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ക്കും കാലതാമസമുണ്ടാക്കുകയാണ്.
കല്‍പ്പറ്റയില്‍ മൂന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ (എം.വി.ഐ) വേണ്ടിടത്ത് ഒരാള്‍ മാത്രമാണുള്ളത്. അഞ്ചു അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയുണ്ടെങ്കിലും മൂന്ന് പോരാണുള്ളത്. മാനന്തവാടി സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ രണ്ട് എം.വി.ഐ തസ്തിക ഉള്ളതില്‍ ഒരാളും മൂന്ന് എ.എം.വി.ഐ തസ്തികയിലും ഒരാളാണ് നിലവിലുള്ളത്. മാനന്തവാടി ഓഫിസില്‍ ശരാശരി പ്രതിദിനം 40നും 50 നും ഇടയില്‍ ഡ്രൈവിങ് ടെസ്റ്റുകളും അത്ര തന്നെ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനും ബ്രേക്ക് എടുക്കലും നടക്കുന്നുണ്ട്. കൂടാതെ ലേണേഴ്‌സ് ടെസ്റ്റ്, അപകടം ഉണ്ടായ വാഹനങ്ങളുടെ പരിശോധന, റോഡിലെ പരിശോധന, ടാക്‌സി വാഹനങ്ങളുമായി ബന്ധപ്പെട്ടും ബസ് സര്‍വിസുകളുമായി ബന്ധപ്പെട്ടും ലഭിക്കുന്ന പരാതികളുടെ അന്വേഷണം, നികുതി അടക്കാത്ത വാഹനങ്ങളെയും ഉടമകളെയും കണ്ടെത്തി നികുതി അടപ്പിക്കല്‍ എന്നിവയെല്ലാം ഈ ഉദ്യോഗസ്ഥരുടെ ചുമതലയാണ്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ നോണ്‍ ടെക്‌നിക്കല്‍ ജോയന്റ് ആര്‍.ടി.ഒമാരായതിനാല്‍ ഇവരുടെ ജോലികള്‍ കൂടി എം.വി.ഐമാരാണ് ചെയ്യുന്നത്.
ഇത്തരം ജോയന്റ് ആര്‍.ടി.ഒമാരുള്ള ഓഫിസുകളില്‍ 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി കല്‍പ്പറ്റ ആര്‍.ടി.ഒ ഓഫിസുകളില്‍ വാഹനവുമായി പോകേണ്ട സാഹചര്യമാണ്. പൊലിസ് പരിശീലനത്തിനും മറ്റുമായി പോയ ഉദ്യോഗസ്ഥര്‍ക്ക് പകരമായി നിയമനം നടത്താത്തതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം. ഇതിനാല്‍ തന്നെ ഓഫിസുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ജോലി ഭാരവും ഇരട്ടിയായിരിക്കുകയാണ്. വാഹനങ്ങളുടെ എണ്ണം അനുദിനം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കാലതാമസം കൂടാതെ സേവനങള്‍ ലദ്യമാക്കാന്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."