ജലോത്സവങ്ങള്‍ക്ക് തുടക്കം: ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്
കുട്ടനാട്: കേരളത്തിലെ ജലോത്സവങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ചമ്പക്കുളം മൂലംവള്ളംകളി ഇന്ന് ചമ്പക്കുളം ആറ്റില്‍ നടക്കും. ഉച്ചയ്ക്ക് 1.30 ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പതാക ഉയര്‍ത്തുന്നതോടെയാണ് പരിപാടിക്കു തുടക്കമാവുക. ജലമേള മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി അധ്യക്ഷതവഹിക്കും.
സാംസ്‌ക്കാരിക സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.15 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ട്രോഫികള്‍ വിതരണം ചെയും. ആറു ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 11 കളിവള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. മൂന്നു വെപ്പു വള്ളങ്ങളും മൂന്ന് ഓഡി വള്ളങ്ങളും മത്സരത്തില്‍ മാറ്റുരയ്ക്കും. ഇരുപത് ലക്ഷത്തിലേറെ രൂപ ചെലവാണ് ഇത്തവണയും സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടതാണ് മൂലം വള്ളംകളി. ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള നെഹ്‌റുട്രോഫി വള്ളംകളിയാണ് രണ്ടാമതായി നടക്കുക. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവുമായി ബന്ധപ്പെട്ട ചരിത്രവും നെഹ്‌റു ട്രോഫി ജലോല്‍സവത്തിനുണ്ട്. പിന്നിട് നടക്കുക കായംകുളം ജലോത്സവമാണ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് കായംകൂളം വള്ളംകളി നടക്കുക. പിന്നീടുള്ളത് ഓണനാളുകളിലാണ്.
ഇതില്‍ പ്രധാനം പായിപ്പാട് ജലോത്സവമാണ്. അന്യഭാഷാ സിനിമകളുടെ ഷൂട്ടിംഗിനുപോലും വേദിയാകാറുണ്ട്. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രവുമായി ഐതിഹ്യപരമായ ബന്ധമാണ് പായിപ്പാട് ജലോത്സവത്തിനുള്ളത്. തിരുവോണം, അവിട്ടം, ചതയം എന്നീ മൂന്ന് ദിവസങ്ങളായാണ് ഇവിടെ ജലോത്സവം നടക്കുക. മഹാകവി കുമാരനാശാന്റെ സ്മരണാത്ഥം പല്ലനയാറ്റിലും കരുവാറ്റ ലീഡിംഗ് ചാനലിലും മാന്നാര്‍ കൂരിയത്ത് കടവിലും പ്രായിക്കര കടവിലും ചെന്നിത്തല വാഴകൂട്ടം കടവിലും നീരേറ്റുപുറം തുടങ്ങിയവയെല്ലാം ഓണം നാളുകളിലാണ് നടക്കുക. ഇന്ന് തുഴയെറിയുന്ന കുട്ടനാട്ടുകാര്‍ ഓണസീസണ്‍ കഴിയുന്നതോടേ തുഴയ്ക്ക് വിശ്രമം കൊടുക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."