കണ്ണൂരില്‍ തിരിച്ചടി വേണ്ടെന്നു പ്രവര്‍ത്തകരോടു സി.പി.എം
കണ്ണൂര്‍: കണ്ണൂരില്‍ അക്രമത്തിനുപകരം പെട്ടെന്നുള്ള തിരിച്ചടി വേണ്ടെന്നു പ്രവര്‍ത്തകര്‍ക്കു സി.പി.എം നിര്‍ദേശം. മുഖ്യമന്ത്രി പങ്കെടുത്ത സമാധാന യോഗത്തില്‍ കൈക്കൊണ്ട തീരുമാനം പാലിക്കുന്നതിന്റെ ഭാഗമായാണു ജില്ലയിലെ ലോക്കല്‍ കമ്മിറ്റികള്‍ക്കു കീഴില്‍ ജനറല്‍ബോഡി യോഗം വിളിച്ചുചേര്‍ത്ത് പാര്‍ട്ടി തീരുമാനം പ്രവര്‍ത്തകരെ അറിയിക്കുന്നത്. ഒരാഴ്ച മുന്‍പ് ആരംഭിച്ച ജനറല്‍ബോഡി യോഗങ്ങള്‍ ജില്ലയുടെ പലപ്രദേശങ്ങളിലും നടന്നുവരികയാണ്.
ജില്ലയില്‍ പലപ്പോഴും ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ സംഘര്‍ഷങ്ങള്‍ക്കു കാരണമാകാറുണ്ട്. ഉത്സവകാലം തുടങ്ങിയതിന്റെ കൂടി അടിസ്ഥാനത്തിലാണു ജില്ലാ നേതൃത്വം പെട്ടെന്നു ലോക്കല്‍ തലങ്ങളില്‍ ബ്രാഞ്ച് അംഗങ്ങളെ പങ്കെടുപ്പിച്ച് ജനറല്‍ബോഡി യോഗങ്ങള്‍ വിളിച്ചത്.
എതിര്‍പാര്‍ട്ടിക്കാരുമായുള്ള ചെറിയ പ്രശ്‌നങ്ങള്‍ പ്രാദേശിക തലങ്ങളില്‍ തന്നെ സംസാരിച്ചു തീര്‍ക്കണമെന്നും പാര്‍ട്ടി സ്ഥാപനങ്ങള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ വീടുകള്‍ക്കോ അക്രമം നേരിട്ടാല്‍ പെട്ടെന്നു പ്രതികരിക്കാന്‍ പാടില്ലെന്നും യോഗങ്ങളില്‍ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി അംഗം, ഏരിയാസെക്രട്ടറി തലങ്ങളിലുള്ള നേതാക്കള്‍ പ്രവര്‍ത്തകര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ട്. പ്രാദേശിക തലത്തില്‍ തീര്‍പ്പാകാത്ത പ്രശ്‌നങ്ങള്‍ മേല്‍കമ്മിറ്റിയെ അറിയിക്കണമെന്നും നേതൃത്വം നിര്‍ദേശിക്കുന്നു.
കണ്ണൂരില്‍ കൊലപാതകങ്ങളും അക്രമങ്ങളും വ്യാപകമായതു സര്‍ക്കാരിനു ക്ഷീണമുണ്ടാക്കുന്നുവെന്നാണു സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രി തന്നെ സമാധാനയോഗം വിളിച്ച സാഹചര്യത്തില്‍ ഇനി നടക്കുന്ന അക്രമത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ പങ്കാളികളായാല്‍ അതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനു കൂടിയുണ്ടാകും. ഇതു പ്രതിച്ഛായയ്ക്കു കോട്ടംതട്ടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാന നേതൃത്വം തന്നെ മുന്‍കൈയെടുത്ത് പാര്‍ട്ടി ജനറല്‍ബോഡി യോഗങ്ങള്‍ക്കു തുടക്കമിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."