ആയിക്കര ഡ്രഡ്ജിങ് നാളെ പുനരാരംഭിക്കും
കണ്ണൂര്‍: ആയിക്കര മാപ്പിളബേ ഹാര്‍ബറിലെ ഡ്രഡ്ജിങ് നാളെ പുനരാരംഭിക്കും. ഈ പ്രവൃത്തി പൂര്‍ത്തിയായതിനു ശേഷം ബോട്ട് കയറ്റിയിടുന്ന പ്രദേശങ്ങളിലും ഡ്രഡ്ജിങ് പ്രവൃത്തി ആരംഭിക്കും. ഇതിനായി 111.60 ലക്ഷം അനുവദിച്ചിട്ടുണ്ട്. മുന്‍പ് ഉണ്ടായിരുന്ന ബാര്‍ജ് തകരാറായതിനെ തുടര്‍ന്ന് പുതിയ ബാര്‍ജ് എത്തിക്കുന്നതിന്റെ കാലതാമസം നേരിട്ടതിനാലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രഡ്ജിങ് നിര്‍ത്തിവച്ചത്.
രാമേശ്വരത്തുനിന്നാണ് പുതിയ ബാര്‍ജ് എത്തിക്കുന്നത്. വേലിയേറ്റം കൂടിയപ്പോള്‍ കല്ലില്‍ കുടുങ്ങിയാണ് ബാര്‍ജിന് കേടുപാടു സംഭവിച്ചത്.
ഇതിന്റ അറ്റകുറ്റപ്പണികള്‍ക്കായി കാര്‍വാറിലെ ഡോക്കില്‍ അയക്കണം. 90,000 ക്യൂബിക് മീറ്റര്‍ മണല്‍ എടുക്കാനാണ് കൊച്ചി ആസ്ഥാനമായുള്ള ഈസ്റ്റ് കോസ്റ്റ് കമ്പനിയുമായുള്ള കരാര്‍. മൂന്നു മീറ്റര്‍ ആയത്തിലായിരുക്കും ഡ്രഡ്ജിങ് പ്രവൃത്തി. രണ്ട് മാസത്തിനകം പണി പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ബാര്‍ജ് തകരാറായതോടെയാണ് കാലതാമസം വന്നത്. ഇപ്പോള്‍ 75ശതമാനം നീക്കം ചെയ്തുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് ഡ്രഡ്ജിങ് നടന്നിരുന്നത്. രാത്രിയും നടത്തി പ്രവൃത്തി വേഗത്തില്‍ തീര്‍ക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."