സഊദിയിലേക്കുള്ള സന്ദര്‍ശക വിസ ഫീസ് കുത്തനെ കുറച്ചു
ജിദ്ദ: സഊദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്കുള്ള തുക കുത്തനെ കുറച്ചു. കഴിഞ്ഞദിവസം രാവിലെയാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്.
വിസ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ സര്‍വിസ് പ്ലാറ്റ്‌ഫോം (ഇന്‍ജാസ്) വഴി പണമടച്ചവര്‍ 2000 റിയാല്‍ അടച്ചിട്ടില്ല. പുതിയ നിരക്ക് പ്രകാരം സിംഗിള്‍ വിസിറ്റ് വിസക്ക് 7500 ഇന്ത്യന്‍ രൂപയും ആറു മാസത്തേക്കുള്ള മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസക്ക് 10,800 രൂപയും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസക്ക് 17,900 രൂപയും രണ്ടു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസക്ക് 25,500 രൂപയുമാണ് ചാര്‍ജ്. ഇന്‍ഷുറന്‍സ് അടക്കമാണ് ഈ നിരക്ക് ഈടാക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള ജി.എസ്.ടി നിരക്ക് ഇതിന് പുറമെയാണ്.
2016 ഒക്ടോബറിലാണ് സഊദിയിലേക്കുള്ള സന്ദര്‍ശക വിസ കൂട്ടിയത്. മൂന്ന് മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസക്ക് അന്നുമുതല്‍ 2000 റിയാലായിരുന്നു തുക. വിസ നിരക്ക് കൂടിയതോടെ 2016 നെ അപേക്ഷിച്ച് 20 ശതമാനം മാത്രമായിരുന്നു വിസ സ്റ്റാമ്പിങ്. ഇതാണ് പുതിയ നിരക്ക് മാറ്റത്തിന് കാരണമെന്നാണ് സൂചന. ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങള്‍ കുടുംബത്തെ സഊദിയിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ പ്രയാസപ്പെട്ടിരുന്നു. നിലവില്‍ സഊദിയില്‍ നിന്ന് കുടുംബങ്ങള്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് പോകുന്നത് കാരണം കെട്ടിടങ്ങളിലെല്ലാം ആളില്ലാത്ത അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ പുതിയ തീരുമാന പ്രകാരം ആളുകള്‍ കുടുതല്‍ എത്തുന്നതോടെ ഈ അവസ്ഥക്ക് മാറ്റമുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."