പൊലിസിലെ സംഘ്പരിവാര്‍വല്‍ക്കരണം അവസാനിപ്പിക്കണം: മുസ്്ലിം ലീഗ്
മലപ്പുറം: പൊലിസിലെ സംഘ്പരിവാര്‍വല്‍ക്കരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കൊച്ചിയില്‍ പൊലിസ് നോക്കിനില്‍ക്കെ ശിവസേനയുടെ നേതൃത്വത്തില്‍ നടന്ന സദാചാര ഗുണ്ടാവിളയാട്ടം അംഗീകരിക്കാന്‍ കഴിയില്ല. അവിടെ അത്തരത്തിലുള്ള പരിപാടികള്‍ ഉണ്ടാകുമെന്ന് പൊലിസിന് നേരത്തെ വിവരം ലഭിച്ചിട്ടും അതിനെ നേരിടാന്‍ തയാറായില്ല.
ഒരു ഭാഗത്ത് ആര്.എസ്.എസ് ഭീഷണിക്കെതിരേ സംസാരിക്കുമ്പോള്‍ മറുവശത്ത് സംഘ്പരിവാര്‍ ശക്തികളെ പ്രീണിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മജീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ മാര്‍ക്സിസ്റ്റ് ദുര്‍ഭരണത്തോടും കേന്ദ്രത്തിലെ ഫാസിസ്റ്റ് ദുര്ഭരണത്തോടുമുള്ള ശക്തമായ പ്രതികരണം മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മജീദ് പറഞ്ഞു.
കൊടിഞ്ഞിയിലെ ഫൈസല്‍ വധക്കേസില്‍ ഗൂഢാലോചന നടത്തിയ സ്ഥാപനത്തിനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. ദേശീയഗാനത്തെ അപമാനിച്ച ശശികല ടീച്ചര്‍ക്കെതിരേയും സംവിധായകന് കമലിന്റെ വീട്ടുപടിക്കലില്‍ സമരത്തിന്റെ ഭാഗമായി പൊലിസിന്റെ സാന്നിധ്യത്തില്‍ ദേശീയഗാനമാലപിച്ചവര്ക്കെതിരെയും നടപടിയെടുത്തിട്ടില്ല. ഇതെല്ലാം സി.പി.എമ്മിന്റെ ആര്.എസ്.എസ് പ്രീണനത്തിന് ഉദാഹരണങ്ങളാണ്.
നിയമസഭയുടെ ചരിത്രത്തില്‍ നടുത്തളത്തിലിറങ്ങിയ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കുന്നതിന് പകരം അവരെ വിരട്ടുന്ന മുഖ്യമന്ത്രി കേരളത്തിന്റെ അപമാനമാണ്. പ്രധാനമന്ത്രി പങ്കെടുത്തയോഗത്തില്‍ മഫ്ത ധരിച്ച് വന്ന പ്രതിനിധിയെക്കൊണ്ട് മഫ്തയഴിപ്പിച്ച സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."