വന്നത് ഗ്രൂപ്പുകള്‍ക്കതീതനായി; പടിയിറക്കം ആദര്‍ശം കൈവിടാതെ
തിരുവനന്തപുരം: കാലങ്ങളായി കോണ്‍ഗ്രസിനെ അടക്കിവാണ ഗ്രൂപ്പുകളെ ഞെട്ടിച്ചായിരുന്നു വി.എം സുധീരന്റെ കെ.പി.സി.സി അധ്യക്ഷനായുള്ള വരവ്. അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും മുഖം നഷ്ടപ്പെട്ടു നിന്ന കേരളത്തിലെ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കുമെന്ന പ്രതീക്ഷ തന്നെയായിരുന്നു ആദര്‍ശ വ്യക്തിത്വത്തിന് ഉടമയായ സുധീരനിലൂടെ ഹൈക്കമാന്‍ഡ് കണ്ടത്.
2014 ഫെബ്രുവരി 10ന് സുധീരനെ അധ്യക്ഷനായി പ്രഖ്യാപിക്കുമ്പോള്‍ തകര്‍ന്നു വീണത് എ, ഐ ഗ്രൂപ്പുകളുടെ അപ്രമാധിത്വമായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രമേശ് ചെന്നിത്തലയും പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്നോട്ടു വച്ചത് സ്പീക്കറായിരുന്ന ജി കാര്‍ത്തികേയനെ. എന്നാല്‍, എ.കെ ആന്റണിയുടെ പിന്തുണയോടെ സുധീരന്‍ ഇന്ദിരാഭവന്റെ ചെങ്കോല്‍ പിടിച്ചെടുത്തപ്പോള്‍ ഉമ്മന്‍ചാണ്ടി ഒന്നാം നമ്പര്‍ ശത്രുവായി. ആ രാഷ്ട്രീയ ശത്രുത സുധീരന്റെ സ്ഥാനാരോഹണം മുതല്‍ പടിയിറക്കം വരെ തുടര്‍ന്നു. സ്ഥാനാരോഹരണ ചടങ്ങില്‍ നിന്ന് ഒഴിഞ്ഞു നിന്ന ഉമ്മന്‍ചാണ്ടിയെ അറിയിക്കാതെയാണ് സുധീരന്‍ പടിയിറക്കം പ്രഖ്യാപിച്ചത്.
യു.ഡി.എഫ് ഭരിച്ചപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും ഉമ്മന്‍ചാണ്ടിയെയും സര്‍ക്കാരിനെയും സുധീരന്‍ കടന്നാക്രമിച്ചു. മദ്യനയവും ബാറുകളുടെ ലൈസന്‍സും ബാര്‍കോഴയും തുടങ്ങി സോളാര്‍ പ്രശ്‌നം വരെ സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെയും മന്ത്രിമാരെയും പ്രതിക്കൂട്ടിലാക്കിയ വിഷയങ്ങളിലെല്ലാം സുധീരന്‍ എതിര്‍പക്ഷത്തായിരുന്നു. സുധീരന്റെ നിലപാടുകളാണ് യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുത്തിയതെന്ന് ഉമ്മന്‍ചാണ്ടിയും ഗ്രൂപ്പുകളും തുടര്‍ച്ചയായി ആരോപിച്ചു. സുധീരനും ഉമ്മന്‍ചാണ്ടിയുമായുള്ള പോരാട്ടം കൊണ്ടു ചെന്നെത്തിച്ചത് യു.ഡി.എഫ് ഭരണത്തിന്റെ പതനത്തിലേക്കായിരുന്നു.
ഇതാണ് സുധീരന്റെ മൂന്നു വര്‍ഷത്തെ നേട്ടമായി പാര്‍ട്ടിയിലെ എതിരാളികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍മാര്‍ക്കെതിരേ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒളിമറവില്ലാതെ അസ്ത്രം തൊടുത്ത സുധീരന്‍ പലരുടെയും തോല്‍വിക്കും കാരണക്കാരനായി.
തദ്ദേശ തെരഞ്ഞെടുപ്പിലും തൊട്ടുപിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെ സുധീരന്റെ കസേര തെറുപ്പിക്കാന്‍ ഗ്രൂപ്പുകള്‍ കൈകോര്‍ത്തു. എന്നാല്‍, രാഹുല്‍ഗാന്ധിയുടെയും എ.കെ ആന്റണിയുടെയും പിന്തുണയില്‍ സുധീരന്‍ പിടിച്ചു നിന്നു. ഗ്രൂപ്പുകളുടെ കടന്നാക്രമണത്തിന് മറുപടി ഡി.സി.സി അധ്യക്ഷന്‍മാരുടെ നിയമനത്തിലൂടെ സുധീരന്‍ നല്‍കി. ഗ്രൂപ്പുകള്‍ മുന്നോട്ടുവച്ച പേരുകള്‍ വെട്ടി പുതിയ യുവനിരയെ ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് അവരോധിച്ചത് സുധീരന്റെ നേട്ടം തന്നെയാണ്.
ഇതിലൂടെ വീണ്ടും ഉമ്മന്‍ചാണ്ടിയുമായുള്ള രാഷ്ട്രീയ ശത്രുത വര്‍ധിച്ചു. സംഘടന തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവുമായി ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും മുന്നോട്ടു പോകുന്നതിനിടെയാണ് സുധീരന്‍ കെ.പി.സി.സി തലപ്പത്ത് നിന്ന് പടിയിറങ്ങുന്നത്. പുകച്ച് പുറത്ത് ചാടിക്കും മുന്‍പേ സുധീരന്‍ കളമൊഴിഞ്ഞു. സുധീരന്‍ മടങ്ങുമ്പോള്‍ അധികം പേരൊന്നും കൂടെയില്ല. എന്നാല്‍, സുധീരന്റെ അപ്രതീക്ഷിത നീക്കം അമ്പരപ്പ് സൃഷ്ടിക്കുമ്പോഴും മറുചേരികള്‍ ആഹ്ലാദത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."