പാതയോരത്ത് മാലിന്യം തള്ളിയവരെ പിടികൂടി തിരികെ എടുപ്പിച്ചു
മാലിന്യത്തിനിടയില്നിന്നു ലഭിച്ച നോട്ട് പുസ്തകത്തിലെ സ്കൂള്‍ വിലാസം വഴിയാണ് ഉടമയെ പൊലിസ് പിടികൂടിയത്
വിദ്യാനഗര്‍: രാത്രിയുടെ മറവില്‍ പാതയോരത്ത് മാലിന്യം തള്ളിയവരെ പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. പടുവടുക്കം കോപ്പ റോഡിലാണ് ടിപ്പറില്‍ മാലിന്യം തള്ളിയിരുന്നത്. പൊലിസ് നിര്‍ദേശപ്രകാരം തള്ളിയവര്‍ തന്നെ മണ്ണുമാന്തിയും ടിപ്പറും കൊണ്ടുവന്ന് മാലിന്യം തിരികെ കയറ്റിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് മാലിന്യം തള്ളിയത്. സമീപത്ത് താമസിക്കുന്ന അല്‍താഫ് ആലക്കോട് നല്കിയ പരാതിയെതുടര്‍ന്ന് വിദ്യാനഗര്‍ എസ്.ഐ വി.പി വിപിനും സംഘവും സ്ഥലത്തെത്തി.
മാലിന്യത്തിനിടയില്‍നിന്ന് ലഭിച്ച നോട്ടുപുസ്തകത്തിലെ സ്കൂള്‍ വിലാസം വഴിയാണ് ഉടമയെ പൊലിസ് കണ്ടെത്തി പിടികൂടിയത്. മാലിന്യം തള്ളിയവര്‍ക്കെതിരേ പൊലിസ് കേസെടുത്തു. പടുവടുക്കത്ത് കോപ്പ റോഡില്‍ കെട്ടിടാവശിഷ്ടങ്ങളുടെ മാലിന്യവും വിവാഹ സല്‍ക്കാര വീടുകളില്‍ നിന്നുള്ള മാലിന്യവും രാത്രികാലങ്ങളില്‍ ടിപ്പര്‍ ലോറികളില്‍ കൊണ്ടുവന്ന് തള്ളുന്നത് പതിവായിരുന്നു. മാലിന്യത്തിലെ ഭക്ഷണാവശിഷ്ടങ്ങള്‍ തേടി തെരുവുനായകള്‍ തമ്പടിക്കുന്നു. തെരുവുനായകള്‍ പുലര്‍ച്ചെ മദ്റസ, സ്കൂള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് ഭീതി ഉയര്‍ത്തിയിരുന്നു. മാലിന്യം കാക്കയും മറ്റും കൊത്തി വലിച്ച് സമീപത്തെ കിണറുകളിലും വീടുകളിലെ കുടിവെള്ള സംഭരണികളിലും കൊണ്ടുപോയി ഇട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."