ചെറുവത്തൂര്‍-മംഗളൂരു പാതയില്‍ ഇന്നു വൈദ്യുത വണ്ടിയോടും
ചെറുവത്തൂര്‍: ചെറുവത്തൂരില്‍ നിന്നു മംഗളൂരുവിലേക്കുള്ള ആദ്യ വൈദ്യുത ട്രെയിന്‍ ഇന്ന് ഓടും. അത്യാധുനിക ഇലക്ട്രിക് എന്‍ജിനാണ് സ്പീഡ് റണ്ണിങ് പരീക്ഷണ ഓട്ടം നടത്തുക. ദക്ഷിണമേഖലാ സര്‍ക്കിള്‍ ചീഫ് റെയില്‍വേ സേഫ്റ്റി കമ്മിഷണര്‍ കെ.എ. മനോഹരന് മേല്‍നോട്ടം വഹിക്കും. ഇതിനു ശേഷമായിരിക്കും പാത കമ്മിഷന് ചെയ്യുക. തീവണ്ടി ഓടുന്നതിനു മുന്നോടിയായി കെ.എസ്.ഇ.ബി യുടെയും റെയില്‍വേയുടെയും സബ് സ്റ്റേഷനുകള്‍ ചാര്‍ജ് ചെയ്തു.
കണ്ണാടിപ്പാറ 110 കെ.വി. സബ് സ്റ്റേഷനില്‍ നിന്നു ചെറുവത്തൂര്‍ റെയില്‍വേ സബ് സ്റ്റേഷനിലേക്കു വൈദ്യുതി എത്തിച്ചു. ചെറുവത്തൂര്‍-മംഗളൂരു പാത ഒരുങ്ങുന്നതോടെ ഇനി കല്ലായി മുതല്‍ മംഗളൂരുവരെ വൈദ്യുത ട്രെയിന്‍ ഓടും. ഇന്നു രാവിലെ ഒന്‍പതരയ്ക്ക് സുരക്ഷാ കമ്മിഷണറും ഉന്നതസംഘവും മംഗളൂരുവില്‍ നിന്നു പുറപ്പെടും.
ഡീസല്‍ എന്ജിന് വണ്ടിയിലാണു യാത്ര. ചെറുവത്തൂര്‍ വരെയുള്ള ഇലക്ട്രിക്കല്‍, സിഗ്നല്‍ എന്‍ജിനിയറിങ് ജോലി, ലൈന്‍ എന്നിവ പരിശോധിക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചെറുവത്തൂര്‍ സബ് സ്റ്റേഷന് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്നു വൈദ്യുത ട്രെയിന്‍ എന്ജിന് ചെറുവത്തൂരില്‍ നിന്നു മംഗളൂരുവിലേക്ക് സ്പീഡ് റണ്ണിങ് നടത്തും. മറ്റു യാത്രാവണ്ടികളെ ബാധിക്കാതെ 3.15ന് മംഗളൂരുവില്‍ അവസാനിക്കുന്ന രീതിയിലാണു ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ചരക്കുവണ്ടിയായിരിക്കും മംഗളൂരു കങ്കനാടി വരെ ഓടിക്കുക. അറ്റകുറ്റപ്പണിയും വോള്‍ട്ടേജ് വ്യതിയാനവും പൂര്‍ത്തിയാക്കി സ്പീഡ് റണ്ണിങ്ങിന് മുന്‍പ് വൈദ്യുത എന്ജിന് ഒരുവട്ടം ഓടിക്കാനാണ് ഇലക്ട്രിക്കല്‍ വിഭാഗം ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."