അടുത്ത വര്‍ഷം മുതല്‍ ഉറുദുവിലും നീറ്റ് പരീക്ഷ നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് ഏകജാലക പ്രവേശന പരീക്ഷയായ നീറ്റ് ഉറുദുവിലും നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. എന്നാല്‍, അടുത്ത വര്‍ഷം മുതലാണ് ഉറുദു മാധ്യമമായി പരീക്ഷ നടത്തുക.
ഈ വര്‍ഷം നടക്കുന്ന പരീക്ഷ ഉറുദുവില്‍ നടത്താനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത്കുമാര്‍ കുര്യന് ജോസഫ്, ആര്. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. ഈമാസം 22നു മുന്‍പായി കേസില്‍ പ്രതികരണം അറിയിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എം.സി.ഐ), ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(ഡി.സി.ഐ), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍(സി.ബി.എസ്.ഇ) എന്നിവയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷത്തെ പരീക്ഷയില്‍ തന്നെ ഉറുദു മാധ്യമമാക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റുഡന്റ് ഇസ്ലാമിക് ഓര്ഗനൈസേഷന്(എസ്.ഐ.ഒ) സമര്‍പ്പിച്ച ഹരജിയില്‍ വിശദമായ വാദംകേള്‍ക്കലിനായി 26ലേക്ക് മാറ്റിയിട്ടുണ്ട്.
ഈമാസം മൂന്നിന് ഉറുദുവിനെ 2017 നീറ്റ് പരീക്ഷയുടെ മാധ്യമമായി ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് അഭിപ്രായം അറിയിക്കണമെന്ന് സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിനും എം.സി.ഐ, ഡി.സി.ഐ, സി.ബി.എസ്.ഇ എന്നിവയ്ക്കും നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, ആസാമി, തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെ പത്തു ഭാഷകളാണ് നീറ്റ് പരീക്ഷയുടെ മാധ്യമമായി അംഗീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."