നിസ്കാരത്തിനെതിരേ ഹിന്ദുത്വ സംഘടന രംഗത്ത്
ഗുര്‍ഗാവ്: മുസ്ലിംങ്ങള്‍ പരസ്യമായി നിസ്കരിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയില്‍ ഹിന്ദുത്വ സംഘടന രംഗത്ത്.സന്യുക്ത് ഹിന്ദു സംഘര്‍ഷ് സമിതി എന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ് പ്രക്ഷോഭവുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗുരുഗ്രാമില്‍ ജുമുഅ നമസ്കാരം തടസപ്പെടുത്താന്‍ ശ്രമിച്ച ആറ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അവരെ വിട്ടയക്കണമെന്നും സന്യുക്ത് സംഘര്‍ഷ് സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാറിനും ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ വിനയ് പ്രതാപ് സിങിനും ഇവര്‍ കത്തെഴുതിയിട്ടുണ്ട്. ഏപ്രില്‍ 27ന് ഗുരുഗ്രാമിലെ ഒരു ഒഴിഞ്ഞ ഗ്രൗണ്ടില്‍ നിസ്കരിക്കുന്നവരെ ചില ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയിരുന്നു. 'ജയ് ശ്രീരാം', 'രാധേ രാധേ' വിളികളുമായെത്തിയ ഇവര്‍ നിസ്കാരം തടസപ്പെടുത്തുകയും സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
നിസ്കരിക്കുന്നവര്‍ ഇന്ത്യാ വിരുദ്ധവും പാക്കിസ്താന് അനുകൂലവുമായി മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും ദേശസ്നേഹികളായ യുവാക്കള്‍ ഇത് തടഞ്ഞതിനാണ് അവരെ അറസ്റ്റ് ചെയ്തതെന്നുമാണ് ഹിന്ദു സംഘര്‍ഷ് സമിതി മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."