ഇന്നറിയാം ജനവിധി
ന്യൂഡല്‍ഹി:അഞ്ചു നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളുടെ അന്തിമ ജനവിധി ഇന്നറിയാം. കഴിഞ്ഞ ഫെബ്രുവരി നാലിന് ആരംഭിച്ച് ബുധനാഴ്ചയോടെ അവസാനിച്ച തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കാന്‍ ശേഷിയുള്ളതാണ്. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഒറ്റ ഘട്ടമായും മണിപ്പൂരില്‍ രണ്ടുഘട്ടങ്ങളായും ഉത്തര്‍പ്രദേശില്‍ ഏഴുഘട്ടമായുമാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്.
എക്‌സിറ്റ്‌പോളുകള്‍ ഉത്തര്‍പ്രദേശില്‍ തൂക്കുമന്ത്രിസഭയാണു പ്രവചിക്കുന്നത്. രണ്ട് പോളുകള്‍ പ്രകാരം ബി.ജെ.പിക്ക് എസ്.പി, കോണ്‍ഗ്രസ് സഖ്യത്തില്‍നിന്ന് വന്‍മേധാവിത്വം പ്രവചിച്ചപ്പോള്‍ മറ്റുള്ളവയില്‍ ഇരു കക്ഷികളും തമ്മില്‍ വന്‍ പോരാട്ടമുണ്ടാകുമെന്നാണു പറയുന്നത്. ബി.എസ്.പിക്ക് കാര്യമായി സ്വാധീനമുണ്ടാക്കാനാകില്ലെന്നാണ് എല്ലാവരും പറയുന്നത്.403 അംഗ യു.പി നിയമസഭയില്‍ ഭൂരിപക്ഷം നേടണമെങ്കില്‍ 202 സീറ്റുകള്‍ വേണം.
പഞ്ചാബില്‍ ശിരോമണി അകാലിദള്‍-ബി.ജെ.പി മുന്നണി തകര്‍ന്നടിയുമെന്നു തന്നെയാണ് എല്ലാവരും പ്രവചിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസാണോ കന്നിയങ്കത്തിനിറങ്ങിയ ആംആദ്മിയാണോ വിജയം കുറിക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.117 അംഗ പഞ്ചാബ് മന്ത്രിസഭയില്‍ 59 പേരാണ് അധികാരം പിടിക്കാന്‍ വേണ്ടത്.
ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബി.ജെ.പിക്കാണ് എക്‌സിറ്റ്‌പോളുകള്‍ മുന്‍തൂക്കം നല്‍കുന്നത്. ഗോവയിലും ഉത്തരാഖണ്ഡിലും ബി.ജെ.പി മറ്റു കക്ഷികളെ ബഹുദൂരം പിന്നിലാക്കുമ്പോള്‍ മണിപ്പൂരില്‍ ചെറിയ മത്സരം നടന്നേക്കാമെന്നാണു കരുതുന്നത്.
മണിപ്പൂരില്‍ 28 പോളിങ് സ്റ്റേഷനുകളില്‍
റീപോളിങ് നടന്നു
ഇംഫാല്‍: തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതിനെ തുടര്‍ന്ന് മണിപ്പൂരില്‍ 34 പോളിങ് സ്റ്റേഷനുകളില്‍ റീപോളിങ് നടന്നു. എട്ട് മണ്ഡലങ്ങളിലാണ് ഇന്നലെ സമാധാനപരമായി വോട്ടെടുപ്പ് നടന്നത്. ഈമാസം നാലിനു മലയോര ജില്ലകളില്‍ ഒന്നാംഘട്ട വോട്ടെടുപ്പിനിടെ നടന്ന ക്രമക്കേടുകളെ തുടര്‍ന്നാണ് തെരഞ്ഞടുപ്പ് മാറ്റി നടത്തിയത്. 34 കേന്ദ്രങ്ങളിലായി 77 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."