ഫോണ്‍ ചോര്‍ത്തല്‍; സി.ഐ.എയുടെ സോഫ്റ്റ്‌വെയര്‍ കോഡ് കൈമാറുമെന്ന് വിക്കിലീക്‌സ്
വാഷിങ്ടണ്‍: ആഗോള വ്യാപകമായി മൊബൈല്‍ ഫോണുകള്‍ ചോര്‍ത്താനായി അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ഉപയോഗിക്കുന്ന സോഫ്ട്‌വെയര്‍ കോഡുകള്‍ കൈമാറാന്‍ തയാറാണെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ. സാമൂഹിക മാധ്യമങ്ങള്‍ക്കും മെസേജ് ആപ്പുകള്‍ക്കും കോഡ് കൈമാറുന്നതോടെ സി.ഐ.എയുടെ വിവരംചോര്‍ത്തല്‍ തടസ്സപ്പെടുമെന്നാണ് വിക്കിലീക്‌സിന്റെ കണക്കുകൂട്ടല്‍.
സ്മാര്‍ട്‌ഫോണുകളും ടി.വിയും ഉപയോഗിച്ച് ഉപഭോക്താവ് അറിയാതെ ദൃശ്യങ്ങളും ശബ്ദങ്ങളും പകര്‍ത്താനുള്ള സാങ്കേതിക വിദ്യ അമേരിക്കന്‍ ചാര ഏജന്‍സി ഉപയോഗിക്കുന്നതിന്റെ രേഖകള്‍ കഴിഞ്ഞദിവസം വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു.
അമേരിക്കയിലെ വെര്‍ജീനിയയിലെ ലാങ്‌ലീയില്‍ സി.ഐ.എയുടെ സെന്റര്‍ ഫോര്‍ സൈബര്‍ ഇന്റലിജന്‍സിലെ 8761 രഹസ്യരേഖകളാണ് ഇയര്‍ സീറോ എന്നപേരില്‍ വിക്കിലീക്‌സ് പരസ്യപ്പെടുത്തിയത്.
ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍, സാംസങ് ടി.വി, മറ്റ് ഓപറേറ്റിങ് സിസ്റ്റം എന്നിവയാണ് ഇത്തരത്തില്‍ ചോര്‍ത്തുന്നത്. ഇതു പ്രതിരോധിക്കാന്‍ അമേരിക്ക ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ വിവരങ്ങള്‍ ടെക് കമ്പനികള്‍ക്ക് കൈമാറാമെന്ന് ജൂലിയന്‍ അസാന്‍ജെ വാര്‍ത്താ സമ്മേളത്തില്‍ അറിയിക്കുകയായിരുന്നു.
സൈബര്‍ സുരക്ഷയ്ക്ക് പുതിയ രക്ഷാകവചം ഒരുക്കാനാണ് വിക്കിലീക്‌സ് നീക്കം. ജനങ്ങളുടെ സുരക്ഷയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും സൈബര്‍ സുരക്ഷ അതീവഗൗരവമുള്ളതാണെന്നും അസാന്‍ജെ പറഞ്ഞു. സി.ഐ.എയുടെ രഹസ്യചോര്‍ത്തലിനെ കുറിച്ചുള്ള കൂടുതല്‍ രേഖകള്‍ പുറത്തുവിടുമെന്നും വിക്കിലീക്‌സ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കയെ ഭീകരരില്‍ നിന്ന് രക്ഷിക്കാനുള്ള നിരീക്ഷണമാണ് നടത്തുന്നതെന്നും ഇതിനായി സി.ഐ.എ വിദേശ ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായം തേടുന്നുണ്ടെന്നും സി.ഐ.എ വക്താവ് ജൊനാഥന്‍ ലിയു പറഞ്ഞു. യു.എസിലെ നിയമം അനുസരിച്ച് വ്യക്തികളുടെ ഫോണും മറ്റും നിരീക്ഷിക്കുന്നതിന് അനുവദിക്കുന്നില്ലെന്നും തങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നും ലിയു പറഞ്ഞു. അതിനിടെ, വിക്കിലീക്‌സ് വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ യു.എസ് തീരുമാനിച്ചു.
അമേരിക്കയെ ഞെട്ടിച്ച രേഖകളാണ് വിക്കിലീക്‌സ് ചോര്‍ത്തി പ്രസിദ്ധീകരിച്ചത്. സുപ്രധാന വിവരങ്ങള്‍ ആരാണ് ചോര്‍ത്തിയതെന്നാണ് അന്വേഷിക്കുന്നത്. സി.ഐ.എയും എഫ്.ബി.ഐയും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
സി.ഐ.എ ഉദ്യോഗസ്ഥരാണോ വിവരം ചോര്‍ത്തിയതെന്നാണ് സംശയിക്കുന്നത്. ഇവരെ കുറിച്ചും അന്വേഷണം നടത്തും. വിവരങ്ങള്‍ പുറത്തായതില്‍ സി.ഐ.എ മുന്‍ മേധാവി മൈക്കിള്‍ ഹൈഡന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള്‍ ആധികാരികമാണെന്ന് വിദഗ്ധര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."