കെ.എസ്.ആര്.ടി.സി പഞ്ചായത്ത് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു
വെഞ്ഞാറമൂട്: കെ.എസ്.ആര്.ടി.സി അധികൃതരും പഞ്ചായത്തും തമ്മിലുള്ള പ്രശ്നം സംഘര്‍ഷത്തില്‍ കലാശിച്ചു. വെഞ്ഞാറമൂട് ഡിപ്പോ അധികൃതരും നെല്ലനാട് പഞ്ചായത്തും തമ്മിലുള്ള തര്‍ക്കമാണ് വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഇടയാക്കിയത്.
ഇരുവിഭാഗവും തമ്മിലുതര്ക്കം ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞദിവസം പഞ്ചായത്ത് അധികൃതര്‍ ഡിപ്പോയ്ക്കു സമീപം നിര്‍മിച്ച പൊതു ശൗലാചയത്തിന് ചുറ്റുമതില്‍ നിര്‍മ്മിക്കാനുള്ള ശ്രമം ഡിപ്പോ അധികൃതര്‍ തടസപ്പെടുത്തിയതോടെ വഷളാവുകയായിരുന്നു.
മതിലിന് അടിസ്ഥാനം നിര്മിക്കുന്നതിനായെടുത്ത കുഴിയുടെ മുകളില്‍ ഡിപ്പോ അധികൃതര്‍ പഴയൊരു ബസിന്റെ ബോഡി കൊണ്ടിട്ടു. എ.ടി ഓഫിസിലെത്തിയ പഞ്ചായത്ത് പ്രസിഡന്റും സംഘവും ബസ് അവിടെനിന്നു നീക്കാന്‍ ആവശ്യപ്പെട്ടു. ഡിപ്പോ അധികൃതര്‍ വഴങ്ങിയില്ല. ഇതോടെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സില്‍ വാടകകൊടുക്കാതെ പ്രവര്‍ത്തിക്കുന്ന എ.ടി ഓഫിസ് ഒഴിയണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു. ഡിപ്പോ അധികൃതര്‍ക്കു കുലുക്കമില്ലെന്ന് കണ്ട് ഡിപ്പോയ്ക്കുള്ളില്‍ ബസുകളെ തടയാനും പഞ്ചായത്ത് അധികൃതര്‍ ശ്രമിച്ചു. വിവരമറിഞ്ഞ് നാട്ടുകാരുമെത്തി.ഇതോടെ സംഘര്‍ഷാവസ്ഥയായി. വെഞ്ഞാറമൂട് സി.ഐ എസ് വിജയന്റെ നേതൃത്വത്തിലുള്ള സംഘവും നെടുമങ്ങാട് തഹസില്‍ദാര്‍ ബൈജുവും സ്ഥലത്തെത്തി. തുടര്‍ന്ന് എം.എല്‍.എ ഡി.കെ മുരളിയും ഉന്നത ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിനുള്ള വഴികള്‍ ആരാഞ്ഞു. ഇരുവിഭാഗവും ചര്‍ച്ച നടത്താനും തല്ക്കാലം പണി തടസപ്പെടുത്താനെന്ന വണ്ണം കൊണ്ടിട്ട ബസ് അവിാടെനിന്നു നീക്കം ചെയ്യാനും വരുന്ന 17 വരെ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുകയില്ലെന്നും തീരുമാനിച്ചു.
ഇരുകൂട്ടരും തീരുമാനം അംഗീകരിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."