ബലക്ഷയമുള്ള വാട്ടര്‍ടാങ്ക് ജീവന് ഭീഷണിയാകുന്നു
ചങ്ങനാശേരി: ഇരുപത് വര്‍ഷത്തിലധികം പഴക്കമുള്ള ബലക്ഷയമുള്ള വാട്ടര്‍ടാങ്ക് നാട്ടുകാര്‍ക്ക് ഭീഷണിയായി മാറുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കല്ലുകടവില്‍ നിന്നും ശുദ്ധജലമെത്തിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചതാണ് കുറിച്ചി ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തിയായ പൊന്‍പുഴ പൊക്കത്ത് സ്ഥിതി ചെയ്യുന്ന ഓവര്‍ഹെഡ് ടാങ്ക്. പിന്നീട് വാട്ടര്‍ അതോറിറ്റി സേവനരംഗത്തുനിന്ന് പിന്‍മാറുകയും ടാങ്ക് അടക്കം പദ്ധതി ഇത്തിത്താനം ശുദ്ധജലവിതരണസമിതിക്ക് കൈമാറുകയും ചെയ്തു. അതോടെ ടാങ്കിന്റെ ഉടമസ്ഥാവകാശം ശുദ്ധജലവിതരണ സമിതിക്കായി.
എന്നാല്‍ സമിതിയാകട്ടെ ഈ പദ്ധതിയെ രണ്ടായി വിഭജിച്ച് ചാലച്ചിറ ശുദ്ധജലവിതരണ സമിതിയെന്നപേരില്‍ മറ്റൊരുപദ്ധതിക്ക് രൂപം നല്‍കി.
ഇതിന്റെ ഭാഗമായി ചാലച്ചിറയില്‍ ഗ്രാമപഞ്ചായത്ത് വക സ്ഥലത്ത് ഭൂഗര്‍ഭടാങ്ക് നിര്‍മിച്ച് കല്ലിശേരിയില്‍ നിന്ന് ജലം ശേഖരിച്ച് അവിടെനിന്നും പമ്പുചെയ്ത് പൊന്‍പുഴപൊക്കത്തുള്ള ടാങ്കില്‍ എത്തിച്ച് കുമരകംകുളം ഭാഗത്തേക്കും പുളിമൂട് ഭാഗത്തേക്കും ജലം വിതരണം ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് കല്ലിശേരിയില്‍ നിന്നുള്ള ജലത്തിന്റെ ലഭ്യത ഇല്ലാതായതോടുകൂടി ഗ്രാമപഞ്ചായത്തില്‍ നിന്നും പൊതുടാപ്പിന്റെ പണം ലഭിക്കാതെ വന്നതിനെതുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതമൂലവും ചാലച്ചിറ പദ്ധതി എന്നന്നേക്കുമായി നിശ്ചലമായി. ഇതേ തുടര്‍ന്ന് ചാലച്ചിറയില്‍ സ്ഥാപിച്ചിരുന്ന മൂന്നുലക്ഷം രൂപ വിലവരുന്ന രണ്ടു മോട്ടറുകളും തുരുമ്പെടുത്ത് നശിച്ചു. ഇപ്പോള്‍ വാട്ടര്‍ടാങ്കും നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നു. ടാങ്കിന്റെ അടിത്തറയും കോണ്‍ക്രീറ്റ് ബീമുകളും പൊളിഞ്ഞു തുടങ്ങി.
ബീമിനുള്ളിലെ ദ്രവിച്ച കമ്പി വെളിയില്‍ കാണാവുന്ന നിലയിലാണ്. ടാങ്കിന്റെ അപകടാവസ്ഥയെക്കുറിച്ച് നിരവധി തവണ പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും ടാങ്ക് പൊളിച്ചുമാറ്റേണ്ട ഉത്തരവാദിത്വം ആര്‍ക്കാണെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കത്തിലാണ്. വാട്ടര്‍ അതോറിറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാങ്ക് കൈമാറിയതിനാല്‍ അവരുടെ ആസ്തി ലിസ്റ്റില്‍ ഇങ്ങനെയൊരു ടാങ്ക് ഇല്ല.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാലച്ചിറ പദ്ധതി പ്രവര്‍ത്തനം നിന്നുപോയതുകൊണ്ടും നിലവില്‍ ഭാരവാഹികള്‍ ഇല്ലാത്തതുകൊണ്ടും അവരും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറല്ല.
ഈ ടാങ്കിന് തൊട്ടടുത്തുതന്നെ ജലനിധിപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന മറ്റൊരു ടാങ്കും മൊബൈല്‍ ടവ്വറും സ്ഥിതി ചെയ്യുന്നുണ്ട്. ടാങ്ക് മറിഞ്ഞ് വീഴുന്നത് മൊബൈല്‍ ടവ്വറിന്റെയോ ജലനിധിയുടെ ടാങ്കിന്റെയോ ഇലക്്ട്രിക് ലൈനിന്റെ പുറത്തേക്കോ ആണെങ്കില്‍ അപകടത്തിന്റെ ഭീകരത വര്‍ധിക്കും. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ്. സ്വയംഭരണസ്ഥാപനത്തിന്റെ അധികാരമുപയോഗിച്ച് കുറിച്ചി ഗ്രാമപഞ്ചായത്ത് തന്നെ ടാങ്ക് പൊളിച്ചുമാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.എം പുളിമൂട് ബ്രാഞ്ച് ആവശ്യപ്പെട്ടു.
തൊട്ടടുത്തുള്ള സെന്റ് ജോണ്‍സ് ഗവ. എല്‍.പി സ്‌കൂളിലേക്കും, ജനവാസകേന്ദ്രമായ കുമരംകുളം ഭാഗത്തേക്കും, കെ.എസ്.ഇ.ബി ഓഫിസിലേക്കും, തേക്കനാല്‍ ദേവീക്ഷേത്രത്തിലേക്കും ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ ടാങ്കിന് സമീപത്തുള്ള റോഡിലൂടെ സഞ്ചരിക്കുന്നത്. ശക്തമായ മഴയും കാറ്റും ഉണ്ടാകുമ്പോള്‍ ആപത്തുണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയിലാണ് സമീപവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."