ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്ന് ന്യൂനപക്ഷ കമ്മിഷന്‍
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുവാന്‍ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് സംസ്ഥാ ന്യൂനപക്ഷ കമ്മിഷന്‍ ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലെടുത്ത നടപടികളെക്കുറിച്ച് രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
88 ശതമാനം ന്യൂനപക്ഷങ്ങള്‍ വസിക്കുന്ന ഈരാറ്റുപേട്ടയിലെ സര്‍ക്കാര്‍ ആശുപത്രി താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ഈരാറ്റുപേട്ട പൊന്തനാല്‍ മുഹമ്മദ് ഷരീഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മിഷന്റെ ഉത്തരവ്. 75 ശതമാനം മുസ്‌ലിംകള്‍ വസിക്കുന്ന ഈരാറ്റുപേട്ടയില്‍ താലൂക്ക് ആശുപത്രി വേണമെന്ന ആവശ്യം കമ്മിഷന്‍ പരിഗണിച്ചു.
ഒരു താലൂക്കില്‍ ഒന്നില്‍ കൂടുതല്‍ താലൂക്കാശുപത്രി പാടില്ലെന്ന വാദം തെളിവുകളുടെ അടിസ്ഥാനത്തില്‍ തെറ്റാണെന്നും കമ്മിഷന്‍ കണ്ടെത്തി. താലൂക്ക് ആശുപത്രിയായി ഉയര്‍ത്താന്‍ ആവശ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ഈരാറ്റുപേട്ട ആശുപത്രിക്കുണ്ടെന്നത് കമ്മിഷന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
പാലാ ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയപ്പോള്‍ താലൂക്കിലെ രണ്ടാമത്തെ പട്ടണവും ജനസാന്ദ്രത കൊണ്ട് മുന്നില്‍ നില്‍ക്കുന്ന നഗരവുമായ ഈരാറ്റുപേട്ടയില്‍ താലൂക്ക് ആശുപത്രി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആവശ്യം പരിഗണിക്കാതെ താലൂക്കിലെ മറ്റൊരിടത്ത് താലൂക്ക് ആശുപത്രി അനുവദിക്കുകയായിരുന്നു.
ഒരു താലൂക്കില്‍ ഒന്നിലധികം ആശുപത്രികല്‍ പാടില്ലെന്ന ന്യായം പറഞ്ഞ് ഈരാറ്റുപേട്ടയോടുള്ള അവഗണന തുടരുന്നതിനിടയിലാണ് ന്യൂനപക്ഷ കമ്മിഷന്റെ പുതിയ ഉത്തരവ്. രണ്ട് ഹൈവേകളുടെ സംഗമ സ്ഥാനവും ശബരിമലയിലേക്കുള്ള പ്രധാന പാതയും മലയോര മേഖലയുടെ സംഗമസ്ഥാനവും 40000 പ്രദേശവാസികളും അതിലേറെ ഇതര സംസ്ഥാനക്കാരും വസിക്കുന്ന ഈരാറ്റുപേട്ടയില്‍ വേണ്ടത്ര ചികിത്സാ സൗകര്യമില്ലെന്നും കാട്ടി വിവിധ സംഘടനകള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്നു നടിക്കുമ്പോള്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ഉത്തരവിനെ നാട്ടുകാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."