മാംഗോ പാക്കേജ്; കര്‍ഷകര്‍ക്ക് അപേക്ഷിക്കാം
പുതുനഗരം: നാല് പഞ്ചായത്തുകയിലെ മാവ് കര്‍ഷകര്‍ക്കായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന നടപ്പാക്കുന്ന പാക്കേജിലെ വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം. മുതലമട, എലവഞ്ചരി, പട്ടഞ്ചേരി, കൊല്ലങ്കോട് എന്നീ പഞ്ചായത്തുകളിലാണ് ഏഴു കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പ്രാഥമിക വിനിയോഗം ഇനം തിരിച്ച കണക്കുകള്‍ കൃഷി വകുപ്പ് പ്രഖ്യാപിച്ചു. 31 പദ്ധതികളാണ് പാക്കേജ് പ്രകാരം നടപ്പാക്കുന്നത്.
രാഷ്ട്രീയ കൃഷി വികാസ് യോജനയിലുള്‍പ്പെടുത്തി 11 സ്‌കീമുകള്‍ നടപ്പാക്കാന്‍ 2.75 കോടിയാണ് വകയിരുത്തിയത്. ഇതില്‍ മാവ് കൃഷി വ്യാപനത്തിന് അനുവദിച്ച 75 ലക്ഷം രൂപയാണ് ഒരു സ്‌കീമില്‍ ഏറ്റവുമധികം തുക വിനിയോഗിക്കുക. ഒരു ഹെക്ടര്‍ മാവ് കൃഷി വ്യാപനത്തിന് 30,000 രൂപ നല്‍കി 250 ഹെക്ടര്‍ വര്‍ധിപ്പിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത് എന്ന് അധികൃതര്‍ പറഞ്ഞു. 100 ഹെക്ടര്‍ സ്ഥലത്തെ മാവ് കൃഷി പുനരുദ്ധാരണത്തിന് ( പുതിയ തൈ നടുന്നതടക്കം ) 20 ലക്ഷം അനുവദിച്ചു. ഇതിന്‍ പ്രകാരം ഹെക്ടറിന് 20,000 രൂപ വീതം നല്‍കും. പരമ്പരാഗത കൃഷി വികാസ് യോജന ( പി.കെ.വി.വൈ) പ്രകാരം 1.75 കോടി രൂപ വകയിരുത്തി.
20 ഹെക്ടര്‍ മാവ്കൃഷിയെ ഒരു ക്ലസ്റ്ററായി തിരിച്ച് 14.60 ലക്ഷം രൂപ നല്‍കുന്നതിന് 12 ക്ലസ്റ്ററുകള്‍ക്കായി 1.75 കോടി അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന ( പി.എം.കെ.എസ്.വൈ)യില്‍ ജലസേചന പദ്ധതികള്‍ക്കായി 50 ലക്ഷവും മിഷന്‍ ഫോര്‍ ഇന്റര്‍ഗേറ്റഡ് ഡവലപ്പഡ് ഹോര്‍ട്ടികള്‍ച്ചര്‍ (എം.ഐ.ഡി.എച്ച്) സ്‌കീമില്‍ കോള്‍ഡ് സ്റ്റോറേജ് യൂനിറ്റിന് 70 ലക്ഷമുള്‍പ്പെടെ നാല് പദ്ധതികള്‍ക്കായി രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
പാക്കേജിന്റെ ഭാഗമായി സ്‌പ്രേയര്‍, കംപോസ്റ്റ് യൂനിറ്റ്, സംയോജിത വളപ്രയോഗവും കീടനാശിനി നിയന്ത്രണവും, കുളം നിര്‍മാണം, കുളം പുനരുദ്ധാരണം, തേനീച്ച വളര്‍ത്തല്‍, പായ്ക്ക് ഹൗസ്, പഴുപ്പിക്കല്‍ യൂനിറ്റ്, പമ്പ് സെറ്റ്, ഹൈടെക് നഴ്‌സറി, പ്രീ കൂളിങ് യൂനിറ്റ്, കോള്‍ഡ് റൂം തുടങ്ങിയവയ്ക്കായി മുതലമട, എലവഞ്ചരി, പട്ടഞ്ചേരി, കൊല്ലങ്കോട് എന്നീ പഞ്ചായത്തുകളിലെ കര്‍ഷകരില്‍നിന്നും ബുധനാഴ്ച മുതല്‍ കൃഷി ഭവനില്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."