രാജ്യത്ത് സ്ത്രീകള്‍ അരക്ഷിതര്‍: എ.കെ ആന്റണി
കൊച്ചി: സ്വതന്ത്ര ഇന്ത്യയില്‍ സ്ത്രീകളും കൊച്ചുകുഞ്ഞുങ്ങളും ഏറ്റവുമധികം അരക്ഷിതാവസ്ഥ നേരിടുന്ന കാലമാണിതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഏ.കെ ആന്റണി. രാജ്യത്തിന്റെ പാരമ്പര്യത്തെയും വളര്‍ച്ചയേയും കുറിച്ച് നാം അഭിമാനിക്കുമ്പോഴും ഇന്ത്യന്‍ സ്ത്രീത്വം എല്ലാ സംസ്ഥാനങ്ങളിലും ആക്രമിയ്ക്കപ്പെടുകയാണ്. സമസ്ത മേഖലകളിലും വനിതകള്‍ മുന്നേറുന്നു. പുരുഷന്മാരേക്കാള്‍ കഴിവ് തെളിയിച്ച നിരവധി സ്ത്രീകളുണ്ട്.
എന്നിരുന്നാലും സ്ത്രീകള്‍ ഇത്രയധികം ആക്രമിയ്ക്കപ്പെട്ട കാലഘട്ടം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ആന്റണി പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായിരുന്ന അന്തരിച്ച എ.സി ജോസിന്റെ ഭാര്യ പ്രൊഫ. ലീലാമ്മ ജോസ് എഴുതിയ 'ഇതളുകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിലുപരി വ്യക്തിപരമായി താന്‍ ഏറെ അടുപ്പം പുലര്‍ത്തിയ കുടുംബമായിരുന്നു എ.സി ജോസിന്റേതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി എംപി അനുസ്മരിച്ചു. പുസ്തകം സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വത്തിന് ആദ്യ കോപ്പി നല്‍കി ഏ.കെ ആന്റണി പ്രകാശനം ചെയ്തു. പ്രൊഫ. ലീലാമ്മ ജോസ്, പ്രൊഫ. കെ.വി തോമസ് എംപി, എംഎല്‍എമാരായ പി.ടി തോമസ്, ഹൈബി ഈഡന്‍, മേയര്‍ സൗമിനി ജെയിന്‍, പ്രൊഫ.സാനു മാസ്റ്റര്‍, കോണ്‍ഗ്രസ് നേതാക്കളായ പി.സി ചാക്കോ, ബെന്നി ബഹന്നാന്‍, ടി.ജെ വിനോദ്, ബി.എ അബ്ദുള്‍ മുത്തലിബ്, ജയ്‌സണ്‍ ജോസഫ്, എ.പി ഉസ്മാന്‍, മുന്‍ എംപി ഫ്രാന്‍സീസ് ജോര്‍ജ്, ഫാ.റോബി കണ്ണഞ്ചിറ, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.കെ സജീവന്‍, ബാലചന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."