റോഡ് നന്നാക്കിയില്ല; നാട്ടുകാര്‍ ഉപരോധ സമരത്തിന്
കുറ്റിയാട്ടൂര്‍ : പൊട്ടിപ്പൊളിഞ്ഞ എട്ടേയാര്‍ കുറ്റിയാട്ടൂര്‍ ശിവക്ഷേത്രം കാരാറമ്പ് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എട്ടേയാറില്‍ നാളെ റോഡ് ഉപരോധിക്കുന്നു.
കുറ്റിയാട്ടൂര്‍ വിശേഷം വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ജനകീയ ആക്ഷന്‍ കമ്മിറ്റിയാണ് റോഡ് ഉപരോധിക്കുന്നത്. അറ്റകുറ്റ പണി നടത്താത്തതിനാല്‍ ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഒരു വര്‍ഷം മുമ്പ് റോഡ് ടാര്‍ ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് നാല്പത് ലക്ഷം രൂപ അനുവദിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിയായ ഒരു കരാറുകാരന് 32 ലക്ഷം രൂപയ്ക്ക് റോഡ് പണി ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെയായി കരാറില്‍ ഒപ്പു വെക്കുകയോ റോഡ് പണി ആരംഭിക്കുകയോ ചെയ്തിട്ടില്ല.
സാമ്പത്തികമായി നഷ്ടം വരും എന്ന കാരണം പറഞ്ഞാണ് റോഡ് പണി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാവാത്തത്. എന്നാല്‍ ഇക്കാര്യം രേഖാ മൂലം അറിയിച്ചാല്‍ മാത്രമേ റോഡ് പണി മറ്റൊരാള്‍ക്ക് നല്കാന് സാധിക്കൂ എന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ഉപരോധ സമരവുമായി രംഗത്ത് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."