ശക്തമായ കാറ്റ്: കവളങ്ങാട് പഞ്ചായത്തില്‍ വ്യാപക നാശം
കോതമംഗലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും വേനല്‍മഴയിലും കവളങ്ങാട് പഞ്ചായത്തിലെ അള്ളുങ്കല്‍, ഇഞ്ചിപ്പാറ, വെള്ളാപ്പാറ ചുള്ളിക്കണ്ടം, തലക്കോട് പ്രദേശങ്ങളില്‍ മരം വീണ് നാല് വീടുകള്‍ക്ക് തകര്‍ച്ച നേരിട്ടു. പ്രദേശത്ത് വന്‍ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.
അള്ളുങ്കല്‍ വാരിക്കാട്ട് മൈതീന്റെ വീടിന്റെ മുകളിലേക്ക് തേക്ക് മരം മറിഞ്ഞു വീണു തകര്‍ന്നു. കഴിക്കാട്ടു മറ്റത്തില്‍ കേശവന്റെ വീടിനു മുകളില്‍ അല്‍ബീസ്യ മരങ്ങള്‍ വീണ് നാശനഷ്ടം നേരിട്ടു. ഇവരുടെ ആട്ടിന്‍കൂട്, കോഴിക്കൂട് എന്നിവയും നശിച്ചു. കാരയ്ക്കാട്ട് റോസിലിയുടെ വീടിനു മുകളിലേക്ക് തേക്ക് മരം വീണ് നാശനഷ്ടങ്ങള്‍ ഉണ്ടായി. വെള്ളാപ്പാറ ചിറ്റേമാലില്‍ മത്തായിയുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു പോയി. വനം വകുപ്പിന്റെ കീഴിലുള്ള മുളളരിങ്ങാട് പ്ലാന്റേഷനില്‍ നട്ടുപിടിപ്പിച്ച അല്‍ബീസ്യ മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞു വീണും 15 ഓളം കുടുംബങ്ങളുടെ കൃഷി വിളകള്‍ നശിച്ചു. തലക്കോട് മുള്ളരിങ്ങാട് റോഡിലും അള്ളുങ്കല്‍ ചുള്ളിക്കണ്ടം റോഡിലും ഗതാഗതം മുടങ്ങി. നിരവധി ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്.
വാഴ, റബര്‍ , കൊക്കൊ, ജാതി തുടങ്ങിയ കൃഷി വിളകളാണ് ഏറെയും നശിച്ചത്. തേക്ക് , ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങളും കടപുഴകി വീണു. കിഴക്കേ അള്ളുങ്കല്‍ റോഡിന്റെ ഇരുവശവും നിന്നിരുന്ന വനം വകുപ്പിന്റെ 100 ഇഞ്ചോളം വണ്ണം വരുന്ന വന്‍ അല്‍ബീസ്യ മരങ്ങള്‍ കടപുഴകി വീണ് ചേര്‍ക്കോട്ട് സ്‌കറിയയുടെ റബര്‍ , തെങ്ങ്, പുളി , വാഴ, ജാതി, കൊക്കോ, കാപ്പി എന്നിവ നശിച്ചു. വട്ടക്കുന്നേല്‍ മാത്യുവിന്റെ തെങ്ങ്, കൊക്കോ, പ്ലാവ്, കാപ്പി എന്നിവ നശിച്ചു. വെള്ളാപ്പാറ കടപ്ലായില്‍ ഓനാച്ചന്റെ 150 ഏത്തവാഴകള്‍ കാറ്റില്‍ ഒടിഞ്ഞു നശിച്ചു.
തലക്കോട് ചുള്ളിക്കണ്ടം റോഡിന് ഇരുവശങ്ങളിലും നിന്നിരുന്ന അല്‍ബീസ്യ മരങ്ങളും റോഡിലേക്ക് മറിഞ്ഞു വീണു. 25 വര്‍ഷം മുന്‍പ് വനം വകുപ്പ് നട്ടുപിടിപ്പിച്ച പാഴ്മരങ്ങളാണ് നാട്ടുകാര്‍ക്ക് കനത്ത ഭീഷണിയായിരിക്കുന്നത്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാഴ്മരങ്ങള്‍ മുറിച്ചുനീക്കുന്നതിന് ഉത്തരവുണ്ടായെങ്കിലും അധികൃതര്‍ തുടര്‍ നടപടി സ്വീകരിച്ചില്ല. മഴക്കാലമായാല്‍ പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."