നടുപ്പതി കോളനിയില്‍ കുടുംബശ്രീ വനിതാദിനാഘോഷം പെരിങ്ങോട്ടുകുറിശ്ശിയില്‍ മുത്തശ്ശിക്കൂട്ടം
പാലക്കാട്: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് പുതുശ്ശേരി പഞ്ചായത്തിലെ നടുപ്പതി പട്ടികവര്‍ഗ കോളനിയില്‍ കൂടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷം സംഘടിപ്പിച്ചു. പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചാമി അധ്യക്ഷനായി.
കോളനിയില്‍ ബോധവത്കരണ ക്ലാസുകളും മെഡിക്കല്‍ കാംപും നടത്തി. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ നിയമപരമായി നേരിടുന്നതിനെക്കുറിച്ച് കുടുംബശ്രീ സ്‌നേഹിത ടീം ബോധവത്കരണം നടത്തി. ഡി.ഡി.യു-ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി എല്‍.ടി.ടി.എഫ് സ്‌കില്‍പ്രോ എന്നീ സെന്ററുകള്‍ പരിശീലനത്തേക്കുറിച്ചും കോഴ്‌സുകളെക്കുറിച്ചും വിശദീകരിച്ചു.
തുടര്‍ന്ന് മരുതറോഡ് ഹോമിയോ ഡിസ്‌പെന്‍സറിയിലെ ഡോ. ഹബീബ മെഡിക്കല്‍ ബോധവത്കരണ ക്ലാസും മെഡിക്കല്‍ പരിശോധനയും നടത്തി മരുന്നുകള്‍ വിതരണം ചെയ്തു. പിന്നീട് കുടുംബശ്രീ പരമ്പരാഗത കലാഗ്രൂപ്പിലെ വനിതകള്‍ പരമ്പരാഗത നൃത്തം അവതരിപ്പിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സെയ്തലവി മുഖ്യ പ്രഭാഷണം നടത്തി. എ.ഡി.എം.സി ഹാരിഫ ബീഗം , പുതുശ്ശേരി അസി.സെക്രട്ടറി രാജ്കുമാര്‍, വാര്‍ഡ് മെമ്പര്‍ അമരാവതി ,എസ്.ടി അനിമേറ്റര്‍ ജയദേവന്‍ എന്നിവര്‍ സംസാരിച്ചു.
പെരുങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തില്‍ 'മുത്തശ്ശിക്കൂട്ടം' എന്ന പേരില്‍ വനിതാദിനം ആചരിച്ചു. പഞ്ചായത്തിലെ 230 മുത്തശ്ശിമാരെ ഉള്‍പ്പെടുത്തിയുള്ള പരിപാടിയില്‍ പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ 102 വയസുള്ള മുത്തശ്ശി അയ്യ ഉദ്ഘാടന സന്ദേശം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് എ.വി. ഗോപിനാഥന്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.
92 വയസുള്ള ദാക്ഷായണിയമ്മ അധ്യക്ഷയായി. കമലാവതിയമ്മ, വൈസ് പ്രസിഡന്റ് ഭാഗ്യലത, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രനാഥ്, മെമ്പര്‍ ഗോപാലന്‍, കുടുംബശ്രീ പ്രതിനിധികള്‍ സംസാരിച്ചു. മുത്തശ്ശിമാര്‍ വിവിധയിനം കലാപരിപാടികളും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."