ലോകത്തിനു ലഭിച്ച മഹത്തായ സംഭാവന
റമദാന് മാസത്തിലെ നോമ്പനുഷ്ഠാനം ഇസ്ലാം മതം ലോകത്തിനു നല്കിയ മഹത്തരമായ സംഭാവനയാണ്. മതദര്‍ശനങ്ങളില്‍ ഏറ്റവും അമൂല്യമായ അനുഷ്ഠാനമാണ് നോമ്പ്. ലോകത്തെ കോടാനുകോടി ജനങ്ങള്‍ ഒരുമാസം മുഴുവന്‍ പട്ടിണിയും സഹവര്‍ത്തിത്വവും മനസിലാക്കുന്നതിനായി അനുഷ്ഠിക്കുന്ന നോമ്പ് വേറിട്ട അനുഭവമാണ് വിശ്വാസിക്ക് സമ്മാനിക്കുന്നത്.
മനുഷ്യജീവിതത്തിലെ സുഖവും കഷ്ടപ്പാടും സങ്കടവും പട്ടിണിയും എന്നുവേണ്ട ജീവിതത്തിലെ സകലമാന അനുഭവങ്ങളും ഈ ഒറ്റമാസത്തെ അനുഭവത്തിലുണ്ട്. സുഖലോലുപതയില്‍ മാത്രം രമിച്ച് ജീവിക്കുന്ന മനുഷ്യന് എത്ര ചെറിയവനാണെന്ന് നോമ്പനുഷ്ഠാനം നമുക്കു വെളിവാക്കി തരും. അന്യന്റെ പട്ടിണിയും ഇല്ലായ്മയും മനസിലാക്കി അവരെ കരുതലോടെ സംരക്ഷിക്കാനും സഹായിക്കാനുമുള്ള മാനസികാവസ്ഥയില്‍ നോമ്പനുഷ്ഠാനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
വിശപ്പനുഭവിക്കുന്ന മനുഷ്യന്റെ അവസ്ഥ മനസിലാക്കാനുള്ള ഒരു വലിയ പാലമാണ് നോമ്പ്. മനുഷ്യനെ ഉത്തമനായി സംസ്കരിക്കുന്നതിനും ജീവിതാനുഭവങ്ങളെ പാകപ്പെടുത്താനും നോമ്പിലൂടെ സാധിക്കും. കഴിഞ്ഞ നോമ്പു കാലത്തു 16നും 27നും ഞാന്‍ നോമ്പനുഷ്ഠിച്ചിരുന്നു. ഇത്തവണ വരുന്ന 15നും 27നും നോമ്പനുഷ്ഠിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.
കഴിയുമെങ്കില്‍ കുറച്ച് അധിക ദിവസം നോമ്പെടുക്കണമെന്ന് ആഗ്രഹമുണ്ട്. ജീവിതത്തിന്റെ ശൈശവത്തിലും പിന്നീട് പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങിയപ്പോഴും പട്ടിണിയെന്താണെന്ന് കൃത്യമായി മനസിലാക്കാന്‍ പറ്റിയിട്ടുണ്ട്. ഇസ്ലാം മതത്തിന്റെ സംഭാവനയാണെങ്കിലും നോമ്പനുഷ്ഠാനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും അനുഷ്ഠിക്കേണ്ടതും മാതൃകയാക്കേണ്ടതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."