ലെവിയില്‍ ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് സഊദി രാജാവ് സഹായം പ്രഖ്യാപിച്ചു; 11.5 ബില്യണ്‍ റിയാല്‍ സഹായമാണ് പ്രഖ്യാപിച്ചത്
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്നതിനായി സഊദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിയ ലെവിയടക്കമുള്ള കാര്യങ്ങള്‍ മൂലം സാമ്പത്തിക ബാധ്യത നേരിടുന്ന കമ്പനികള്‍ക്ക് സഊദി രാജാവ് സഹായധനം പ്രഖ്യാപിച്ചു. ലെവി മൂലം ഏറെ ദുരിതം നേരിടുന്ന കമ്പനികളെ സഹായിക്കാനാണ് സഊദി ഭരണാധികാരി പതിനൊന്നര ശതകോടി റിയാല്‍ സഹായം പ്രഖ്യാപിച്ചതെന്ന് സഊദി തൊഴില്‍, സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍ റാജിഹി അറിയിച്ചു. സഊദി രാജാവിന്റെ സഹായ പ്രഖ്യാപനം ഏറെ പ്രതിസന്ധി നേരിടുന്ന സ്വകാര്യ മേഖലയെ ഉയര്‍ത്തിയെഴുന്നേല്‍പ്പിക്കുമെന്നാണ് കരുതുന്നത്. സഊദിവല്‍ക്കരണം കൂടുതലായി നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയിലെ പ്രതിസന്ധി നേരിടുന്ന കമ്പനികള്‍ക്ക് പുതിയ പ്രഖ്യാപനം കൊണ്ട് സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ അടച്ച തുക തിരിച്ചു നല്‍കുമെന്നാണ് പ്രഖ്യാപനം.
വിദേശ തൊഴിലാളികളേക്കാളോ സമാനമായോ സഊദി തൊഴിലാളികള്‍ ഉള്ള കമ്പനികള്‍ക്കാണ് സഹായം ലഭ്യമാകുകയെന്നാണ് പ്രാഥമിക വിവരം. സഊദി തൊഴിലാളികള്‍ കുറവുള്ള പ്രതിസന്ധി നേരിടുന്ന കമ്പനികള്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കി വിദേശ തൊഴിലാളികള്‍ക്ക് സമാനമായ രീതിയില്‍ സ്വദേശ റിക്രൂട്ട്‌മെന്റ് നടത്തിയാല്‍ ഇവര്‍ക്കും ഇത് ലഭ്യമാകുമെന്നു തൊഴില്‍ മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കുന്നതോടൊപ്പം സഊദി വല്‍ക്കരണം കൂടുതല്‍ ശക്തമാക്കുകയാണ് തത്വത്തില്‍ സഹായം നല്‍കുന്നതിന് പിന്നിലുള്ള ലക്ഷ്യം.
2017 മുതല്‍ സഊദിയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ലെവി സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നു. 2020 വരെ ഓരോ വര്‍ഷവും നിശ്ചിത റിയാല്‍ വര്‍ധനവാണ് പ്രഖ്യാപിച്ചിരുന്നത്. ഇതോടെ പല സ്വകാര്യ കമ്പനികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
പല സ്ഥാപനങ്ങളും പ്രതിസന്ധി പരിഹാരത്തിന് വാണിജ്യ നിക്ഷേപ മന്ത്രാലയവുമായി ബന്ധപ്പെട്ടു സഹായം അഭ്യര്‍ത്ഥിച്ചതിന്റെ ഫലമായാണ് തൊഴില്‍ മന്ത്രാലയത്തിന്റെ താല്‍പര്യങ്ങളും പരിഗണിച്ച് സഹായധനം നല്‍കാനുള്ള തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് കരകയറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനവും സാമ്പത്തിക പുരോഗതിയും വാഗ്ദാനം ചെയ്യുന്ന രാജാവിന്റെ തീരുമാനത്തെ വാണിജ്യ നിക്ഷേപ മന്ത്രി മാജിദ് അല്‍ ഖസബി സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."