ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പെയ്ഡ് ന്യൂസ്: മാധ്യമനിരീക്ഷണത്തിനു സമിതി
ആലപ്പുഴ: നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇലക്‌ട്രോണിക് മാധ്യമങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സര്‍ട്ടിഫൈ ചെയ്യാനും അച്ചടി-ദൃശ്യ-ശ്രാവ്യമാധ്യമങ്ങളില്‍ പണം നല്‍കി വാര്‍ത്തകള്‍ (പെയ്ഡ് ന്യൂസുകള്‍) പ്രസിദ്ധീകരിക്കുകയോ സംപ്രേഷണംപ്രക്ഷേപണം നടത്തുകയോ ചെയ്യുന്നുണ്ടോയെന്നു പരിശോധിക്കാനുള്ള ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി.) പ്രവര്‍ത്തനം തുടങ്ങിയതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ടി.വി അനുപമ അറിയിച്ചു.
ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, കേന്ദ്ര സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ പൊന്നുമോന്‍, പ്രസ് ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍, ജില്ലാ ലോ ഓഫിസര്‍ സി.ഡി. ശ്രീനിവാസ് എന്നിവരാണ് സമിതിയംഗങ്ങള്‍. ജില്ലാതലത്തില്‍ തെരഞ്ഞെടുപ്പു പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനൊപ്പം പത്ര-ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ നിരീക്ഷിക്കുകയും പരസ്യങ്ങള്‍, പെയ്ഡ് ന്യൂസ്, സ്ഥാനാര്‍ഥികളുമായും രാഷ്ട്രീയകക്ഷികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്നിവ റെക്കോഡു ചെയ്യുകയും ചെയ്യും.
മാതൃക പെരുമാറ്റച്ചട്ടം നിലവിലിരിക്കുമ്പോള്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും കേബിള്‍ ചാനലുകള്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയടക്കമുള്ള ഇലക്‌ട്രോണിക് മാധ്യമങ്ങളും സിനിമ തീയറ്ററുകളും വഴി പരസ്യങ്ങള്‍ സംപ്രേഷണംപ്രക്ഷേപണം ചെയ്യുന്നതിനും പൊതുസ്ഥലങ്ങളില്‍ ശ്രവ്യ-ദൃശ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സമിതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.
ഏതെങ്കിലും സ്ഥാനാര്‍ഥിയെയോ രാഷ്ട്രീയപാര്‍ട്ടിയേയോ പുകഴ്ത്തിയോ ഇകഴ്ത്തിയോ ഒന്നിലധികം പത്രങ്ങളില്‍ സമാനമായോ മിനുക്കുപണികളോടെയോ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകളും മറ്റും പെയ്ഡ് ന്യൂസിന്റെ ഗണത്തിലാണോയെന്നു പരിശോധിക്കും. ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യപ്പെടുന്നവയും നിരീക്ഷിക്കും. ഇതു സംബന്ധിച്ച് സ്ഥാനാര്‍ഥിയോട് വിശദീകരണം തേടും.
പെയ്ഡ് ന്യൂസാണെന്നു തെളിഞ്ഞാല്‍ പരസ്യം എന്ന നിലയില്‍ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ തുക ഉള്‍ക്കൊള്ളിക്കാന്‍ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോര്‍ട്ട് ചെയ്യും. മാതൃക പെരുമാറ്റചട്ടങ്ങള്‍ക്ക് എതിരായ പ്രവര്‍ത്തനവും റിപ്പോര്‍ട്ട് ചെയ്യും.
സ്വതന്ത്രമായും പരപ്രേരണ കൂടാതെയും വോട്ടുചെയ്യാനുള്ള സമ്മതിദായകന്റെ അവകാശത്തില്‍ പെയ്ഡ് ന്യൂസുകള്‍ അനുചിതമായ സ്വാധീനം ചെലുത്തുന്നതായും തിരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനശക്തിക്ക് അവ പ്രോത്സാഹനം നല്‍കുന്നതായും കെണ്ടത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ എം.സി.എം.സി.ക്കു രൂപം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."