എക്‌സൈസ് വകുപ്പ് നോക്കു കുത്തി ജില്ലയുടെ വടക്കന്‍ മേഖല മയക്കുമരുന്ന് ലോബിയുടെ പിടിയില്‍
ആലപ്പുഴ: ജില്ലയുടെ വടക്കന്‍ മേഖല മയക്കുമരുന്ന് ലോബിയുടെ പിടിയിലായിട്ടും എക്‌സൈസ് വകുപ്പ് നോക്കു കുത്തിയാവുന്നതായി പരാതി.
കുത്തിയതോട് സര്‍ക്കിളിന്റെ പരിധിയില്‍ വരുന്ന അരൂര്‍, അരൂക്കുറ്റി ചന്തിരൂര്‍, എഴുപുന്ന, ചമ്മനാട് ,കരുമാഞ്ചേരി പ്രദേശങ്ങള്‍ കഞ്ചാവ് ,മയക്കുമരുന്ന് ലോബിയുടെ പിടിയിലാണ്.പൊലിസ് -എക്‌സൈസ് അധികൃതര്‍ നിഷ്‌ക്രിയരാകുന്നതാണ് മയക്കുമരുന്ന് ലോബി സജീവമാകാന്‍ കാരണമെന്നാണ് ആക്ഷേപം.കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്‍പ് അധികൃതരുടെ ഇടപെടല്‍ കൊണ്ട് മയക്കുമരുന്ന് ഉപയോഗിക്കുന്നവരേയും അത് കച്ചവടം നടത്തുന്നവരേയും നിലക്ക് നിര്‍ത്താന്‍ സാധിച്ചിരുന്നു.
ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം നര്‍ക്കോട്ടിക്ക് ഡിവൈ.എസ്.പി.യുടെ നിയന്ത്രണത്തില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച ഒരു പറ്റം ഉദ്യോഗസ്ഥരുടെ ശ്രമഫലമായാണ് മയക്കുമരുന്ന് തുടച്ചു നീക്കാന്‍ സാധിച്ചത്.എന്നാല്‍ പിന്നീട് തുടര്‍ നടപടി സ്വീകരിക്കാതിരുന്നത് മൂലം മയക്കുമരുന്ന് ഉപയോഗവും വില്‍പനയും വ്യാപകമായി. ജില്ലയുടെ വടക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും നടക്കുന്നത്. എറണാകുളം കൊച്ചി മേഖലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മയക്കുമരുന്ന് വസ്തുക്കള്‍ വില്‍പന നടത്തുന്നവര്‍ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതും ഏറെ വിപണന സാധ്യതയുള്ളതുമായ സ്ഥലങ്ങളാണ് ജില്ലയുടെ വടക്കുഭാഗത്തുള്ള പ്രദേശങ്ങള്‍. കഞ്ചാവ് മയക്ക് മരുന്ന് ഉപയോഗം മൂലം നിരവധി അപകടങ്ങളാണ് ഈ മേഖലയില്‍ നടക്കുന്നത്.
ജലമാര്‍ഗം ലഹരി വസ്തുക്കള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ മാഫിയകള്‍ക്ക് പ്രത്യേക സംഘങ്ങളുണ്ട്. വേമ്പനാട്ട് കായലോര മായ ആലുംമാവുങ്കല്‍, ചാപ്രക്കടവ്, തുടങ്ങിയ പ്രദേശങ്ങളില്‍ ബൈക്കുകളിലെത്തുന്നത് കൂടുതലും കൗമാരക്കാരാണ്.കഞ്ചാവ് ഉപയോഗിക്കുന്നതിനും മദ്യപാനത്തിനും മയക്കുമരുന്ന് കുത്തിവെക്കാനും കൗമാരക്കാരും വിദ്യാര്‍ഥികളും കായല്‍ തീരങ്ങളാണ് തെരഞ്ഞെടുക്കുന്നത്. അതേ സമയം സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത്തലത്തില്‍ രൂപീകരിച്ച സമിതികള്‍ നോക്കുകുത്തിയായി മാറി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ബ്ലോക്കിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേര്‍ന്നാണ് ലഹരിവിരുദ്ധ പ്രചാരണം അടക്കം വിവിധ സ്ഥലങ്ങളില്‍ പ്രാദേശികമായി നടത്തുന്ന പരിപാടികള്‍ക്ക് രൂപം നല്‍കിയിരുന്നത്. ജില്ലയിലെ 12 ബ്ലോക്കുകളിലും ആറു നഗരസഭകളിലും 67 ഗ്രാമപഞ്ചായത്തുകളിലും വിമുക്തി കമ്മിറ്റികള്‍ രൂപീകരിച്ചിട്ടും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. ബ്ലോക്ക് തലത്തില്‍ 19 വാര്‍ഡ് കമ്മിറ്റികളും നഗരസഭതലത്തില്‍ 40 വാര്‍ഡ് കമ്മിറ്റികളും ഗ്രാമപഞ്ചായത്ത് തലത്തില്‍ 323 വാര്‍ഡ് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."