വിനോദ സഞ്ചാരത്തിനുപോയവരെ ബസ് തടഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതി
കൊച്ചി: സ്ത്രീകളും കുട്ടികളും അടക്കം വിനോദ സഞ്ചാരത്തിനായി പോയ സംഘത്തെ ആയുധ ധാരികള്‍ ബസ് നിര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതി. മഞ്ഞപ്ര ലയണ്‍സ് ക്ലബ് അംഗങ്ങള്‍ കുടുംബത്തോടൊപ്പം വാല്‍പ്പാറയിലേക്കു നടത്തിയ യാത്രയിലാണ് വാഹനത്തിലെത്തിയ സംഘം തങ്ങളുടെ വാഹനം നിര്‍ത്തി ഭീഷണിപ്പെടുത്തിയതെന്ന് ക്ലബ് പ്രസിഡന്റ് പൗലോസ് വല്ലൂരാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യാത്രയ്ക്കായി വിളിച്ച വാഹനത്തിന്റെ ഡ്രൈവര്‍ അടങ്ങിയ സംഘം സ്ത്രീകളും കുട്ടികളും അടങ്ങുന്ന തങ്ങളുടെ സംഘത്തെ ഭീഷണിപ്പെടുത്തിയതായി അങ്കമാലി പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
യാത്രയ്ക്കിടെ വാഹനത്തിലെ എസി പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു ഡ്രൈവറായി വന്നയാള്‍ വിളിച്ചതനുസരിച്ചു വന്ന ഒരു സംഘം കാടിനു നടുവില്‍ വച്ച് തങ്ങള്‍ സഞ്ചരിച്ച വാഹനത്തില്‍ ആയുധങ്ങളുമായി കയറി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഒരു വിധത്തില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചു യാത്ര മുന്നോട്ടു പോയി.
പിന്നീട് തിരിച്ച് അങ്കമാലിയിലെത്തിയപ്പോഴും ഡ്രൈവറുടെ ഭാഗത്തുനിന്നു മോശം അനുഭവമുണ്ടായി. ഇയാള്‍ക്കു പകരം വേറൊരു ഡ്രൈവര്‍ വണ്ടിയെടുക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അങ്കമാലി പൊലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും രണ്ടാമതായി വണ്ടിയെടുത്ത ഡ്രൈവറോടൊപ്പം പോകാനും വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്നുമാണ് പൊലിസ് നിര്‍ദേശിച്ചതെന്നു പൗലോസ് പറഞ്ഞു. എന്നാല്‍, വഴിയില്‍ വച്ച് വണ്ടി തടഞ്ഞു വീണ്ടും ഭീഷണിപ്പെടുത്തി. അങ്കമാലി പൊലിസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലിസെത്തി മൂന്നു പേരെ അറസ്റ്റു ചെയ്തു.
പിന്നീട് നടപടികള്‍ ഒന്നും പൊലിസ് സ്വീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്ന് അങ്കമാലി പൊലിസ് പറഞ്ഞു. മലക്കപ്പാറയിലേക്കു വിശദ അന്വേഷണം നടത്തുന്നതിനായി കേസ് കൈമറിയെന്നും ഇവിടെ നടന്ന സംഭവങ്ങളില്‍ പൊലിസ് അന്വേഷണം നടക്കുന്നുണ്ടെന്നും അങ്കമാലി സി.ഐ മുഹമ്മദ് റിയാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."