സഫീര്‍ വധം; ഒന്നാം പ്രതി ഒഴികെ എല്ലാവരും ജാമ്യത്തിലിറങ്ങി
മണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേരില്‍ ഒന്നാം പ്രതി ഒഴികെ മറ്റ് നാലു പേര്‍ക്കും കോടതി ജാമ്യം നല്‍കി. ഗൂഢാലോചന നടത്തിയ രണ്ട് പ്രതികളെ ഇനിയും പൊലീസിന് പിടികൂടാനായില്ല. അറസ്റ്റ് ചെയ്ത 11 പ്രതികളില്‍ ഒന്നാം പ്രതി തച്ചംകുന്നന്‍ വീട്ടില്‍ അബ്ദുല്‍ ബഷീര്‍ എന്ന പൊടി ബഷീര്‍ ഒഴികെ മറ്റ് പത്ത് പേര്‍ക്കും ഹൈക്കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നുമാണ് ജാമ്യം ലഭിച്ചത്. ഇതോടെ കേസിന്റെ ഇതുവരെയുളള പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് സഫീറിന്റെ കുടുംബം.
സി.പി.ഐയുടെ അനുഭാവിയാണ് സര്‍ക്കാര്‍ വക്കീലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിന്റെ തുടക്കം മുതല്‍ ആരോപണത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന സി.പി.ഐ പലരീതിയിലും പാര്‍ട്ടി പ്രവര്‍ത്തകരായ പ്രതികളെ സംരക്ഷിക്കതാന്‍ ഭരണ തലത്തില്‍ സ്വാധീനമുപയോഗിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്ക് കൂട്ടത്തോടെ ജാമ്യം ലഭിക്കാനിടയാക്കിയതെന്നുമാണ് പറയപ്പെടുന്നത്.
ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ കുന്തിപ്പുഴ തച്ചംകുന്നന്‍ വീട്ടില്‍ അബ്ദുല്‍ ബഷീര്‍ എന്ന പൊടി ബഷീര്‍ (24), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മേലേപ്പീടിക വീട്ടില്‍ മുഹമ്മദ് ഷാര്‍ജിന്‍ എന്ന റിച്ചു (20), മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജിന് സമീപം താമസിക്കുന്ന മുളയങ്കായില്‍ വീട്ടില്‍ റാഷിദ് (24), ചോമേരി ഗാര്‍ഡന്‍ കോലോത്തൊടി വീട്ടില്‍ മുഹമ്മദ് സുബ്ഹാന്‍ (20), കുന്തിപ്പുഴ പാണ്ടിക്കാട്ടില്‍ വീട്ടില്‍ അജീഷ് എന്ന അപ്പുട്ടന്‍ (24), ഓട്ടോ ഡ്രൈവര്‍ കുന്തിപ്പുഴ നമ്പിയംകുന്ന് കോടിയില്‍ വീട്ടില്‍ സൈഫ് അലി എന്ന സൈഫു (22), കച്ചേരിപ്പറമ്പ് മേലേപീടിയേക്കല്‍ സഫീര്‍ എന്ന കൊച്ചു (28), കുന്തിപ്പുഴയിലെ നെല്ലിക്കവട്ടയില്‍ മുഹമ്മദ് റഫീഖ് എന്ന റഫീഖ് (23), കുന്തിപ്പുഴ ബംഗ്ലാവ്പടിയിലെ പുല്ലത്ത് ഹാരിസ് (28), കുന്തിപ്പുഴ പുത്തന്‍വീട്ടില്‍ മുഹമ്മദ് ഹബീബ് എന്ന ഹബീബ് (20), ഇവരെ കൂടാതെ പ്രായപൂര്‍ത്തിയാവാത്ത ഒരാളുകൂടി പിടിയിലായിരുന്നു. ഇവര്‍ക്കെതിരെയുളള കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു.
സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞപ്പോഴേക്കുമാണ് ഒന്നാം പ്രതി ഒഴിച്ച് മറ്റു പ്രധാന പ്രതികളുള്‍പ്പെടെ ജാമ്യത്തിലിറങ്ങിയത്. പ്രതികള്‍ക്കെതികെയുളള ജാമ്യാപേക്ഷയില്‍ കാര്യമായ എതിര്‍പ്പ് ഉയരാതിരുന്നതാണ് വേഗത്തില്‍ ജാമ്യം ലഭിക്കാന്‍ കാരണമെന്ന് പറയുന്നു. ഇനിയും പ്രതികളെ പിടികൂടാന്‍ ബാക്കി നില്‍ക്കെ അറസ്റ്റിലായ പ്രതികള്‍ കൂട്ടത്തോടെ ജാമ്യത്തിലിറങ്ങിയത് പിടികൂടാനുളള പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണ സംഘത്തിന് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് പൊലീസിന്റെ ആശങ്ക. ജാമ്യം റദ്ദ് ചെയ്യാന്‍ അപേക്ഷ കൊടുക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."