ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി റോഡ് ചുരത്തിന് ബദലായി തുരങ്കപാത യാഥാര്‍ഥ്യമാകുമോ?
വനഭൂമി ഏറ്റെടുക്കാതെ പാത നിര്‍മിക്കാം
ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍
കോഴിക്കോട്: വയനാട് ചുരത്തിനു ബദലായി പുല്ലൂരാംപാറ-ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി റോഡിനായി പ്രതീക്ഷയോടെ മലയോര ജനത. ഇതിനായി നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 1994ല്‍ സംസ്ഥാന സര്‍ക്കാര്‍ ബദല്‍ റോഡിനായുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചെങ്കിലും വനം വകുപ്പ് അനുകൂല നിലപാടെടുക്കാത്തതിനാല്‍ തുടര്‍നടപടികള്‍ അനിശ്ചിതത്വത്തിലാണ്. റോഡ് യഥാര്‍ഥ്യമാക്കാന്‍ രണ്ടു വര്‍ഷം മുന്‍പു നടത്തിയ ജനകീയയാത്ര ഏറെ പ്രതീക്ഷയുണര്‍ത്തിയെങ്കിലും തുടര്‍ നടപടികള്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ചുരം റോഡിലെ ദുരിതയാത്രയ്ക്കു പരിഹാരം അന്വേഷിച്ചുള്ള ബദല്‍ റോഡുകള്‍ക്കായുള്ള പഠനത്തിലാണ് പുല്ലൂരാംപാറ-ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ബദല്‍ റോഡെന്ന ആശയം ഉയര്‍ന്നുവന്നത്. എന്നാല്‍ ഇപ്പോള്‍ പരിഗണനയിലുള്ള ടണല്‍ റോഡ്(തുരങ്കപാത) വനഭൂമി ഏറ്റെടുക്കാതെ തന്നെ പൂര്‍ത്തിയാക്കാവാനുമെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. വയനാട്-കോഴിക്കോട് ജില്ലകളെ കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്നതും ഹെയര്‍പിന്‍ വളവുകള്‍ ഇല്ലാത്തതും അപകടസാധ്യത വളരെ കുറഞ്ഞതുമായ തുരങ്കപാത യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് ഉപഗ്രഹ സര്‍വേയും സാധ്യതാപഠനവും പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു.
തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അംഗീകൃത ടണല്‍ സര്‍വേ ഏജന്‍സിയായ റൂബി സോഫ്റ്റ്‌ടെക് ആണു സര്‍ക്കാര്‍ നലകിയ ടെന്‍ഡറിന്റെ അടിസ്ഥാനത്തില്‍ സാധ്യതാപഠനം പൂര്‍ത്തിയാക്കിയത്. തിരുവമ്പാടിയിലെ ആനക്കാംപൊയിലില്‍ നിന്ന് കള്ളാടി വഴി മേപ്പാടിയിലെത്തുന്ന നിര്‍ദിഷ്ട തുരങ്കപാതയില്‍, തിരുവമ്പാടിയില്‍ നിന്ന് ആനക്കാംപൊയില്‍ വഴി മറിപ്പുഴ വരെ പി.ഡബ്ല്യു.ഡി റോഡ് നിലവിലുണ്ട്. മറിപ്പുഴയില്‍ ഇരുവഴിഞ്ഞിപ്പുഴക്കു കുറുകെയുള്ള പാലം തീര്‍ന്നാല്‍ കുണ്ടന്‍തോട് വഴി സ്വര്‍ഗംകുന്നില്‍ എത്താം. ഇവിടെയും ആവശ്യമായ വീതിയില്‍ റോഡുണ്ട്. സ്വര്‍ഗംകുന്നില്‍ സ്വകാര്യ ഭൂമിയില്‍ നിന്ന് മേപ്പാടി ഭാഗത്ത് തൊള്ളായിരം റോഡ് പ്രദേശത്തേക്ക് എത്തുന്ന തുരങ്കപാത നിര്‍മിക്കാന്‍ കഴിയുമെന്നാണു സാധ്യതാ റിപ്പോര്‍ട്ട്.
പരിസ്ഥിതി വകുപ്പ് തുരങ്കപാതയുടെ കാര്യത്തിലും പരിസ്ഥിതി ആഘാതപഠനം നിഷ്‌കര്‍ഷിക്കാനിടയുണ്ട്. എന്നാല്‍, ഫോറസ്റ്റ് ചട്ടങ്ങള്‍ പ്രകാരം വനനശീകരണവും വനഭൂമിയുടെ വക മാറ്റലും പാടില്ല എന്ന നിയമം നിലനില്‍ക്കുന്നുണ്ടെങ്കിലും പദ്ധതിക്കായി വനഭൂമി നഷ്ടപ്പെടുത്തേണ്ടതില്ലെന്നതു പദ്ധതിയുടെ സാധ്യത വര്‍ധിപ്പിക്കുകയാണ്. വനത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന തുരങ്കപാതയുടെ നിര്‍മാണത്തിനാവശ്യമായ പെര്‍മിറ്റ് സംസ്ഥാന സര്‍ക്കാരിനു തന്നെ നല്‍കാം.
നിര്‍ദിഷ്ട തുരങ്കപാത തുടങ്ങുന്ന ഭാഗംവരെ ആവശ്യമായ വീതിയില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനായി സ്വകാര്യവ്യക്തികളുടെ അനുമതിപത്രം വാങ്ങുകയും മറിപ്പുഴയില്‍ പാലം നിര്‍മിക്കുകയും വേണം. റോഡിന്റെ പ്രാധാന്യം പരിഗണിച്ച് ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഇതിനായി രണ്ടു കോടി രൂപ വകയിരുത്തിയിരുന്നു.
ബംഗളൂരു അടക്കമുള്ള മേഖലകളിലേക്കുള്ള യാത്രയ്ക്ക് ഏറെ സൗകര്യപ്രദവും, കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകള്‍ക്കും മലപ്പുറം ജില്ലയ്ക്കും വലിയ വികസന സാധ്യതകള്‍ നല്‍കുന്നതുമാണു തുരങ്കപാത. വിനോദ സഞ്ചാര രംഗത്തു വലിയ വളര്‍ച്ചയുണ്ടാക്കാനും ഇതുവഴി സാധിക്കുമെന്നാണു പ്രതീക്ഷ. പാത പൂര്‍ത്തിയാകുന്നതോടെ തിരുവമ്പാടിയില്‍ നിന്ന് കുന്ദമംഗലത്ത് ദേശീയപാതയിലേക്കും അരീക്കോട് വഴി മലപ്പുറം ജില്ലയിലേക്കും എളുപ്പമാര്‍ഗത്തില്‍ എത്തിച്ചേരാന്‍ കഴിയും. അതിനുപുറമെ, കോഴിക്കോട്ടു നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള ദൂരം 25 കി.മീറ്ററായി കുറയുകയും ചെയ്യും.
അതിനിടെ, തുരങ്കപാത നിര്‍മാണം തുടങ്ങണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി, കോടഞ്ചേരി, മേപ്പാടി പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഇതിനായി നാളെ തിരുവമ്പാടിയില്‍ ജനകീയ കണ്‍വന്‍ഷന്‍ നടക്കും. എം.എല്‍.എമാരായ ജോര്‍ജ് എം. തോമസ്, സി.കെ ശശീന്ദ്രന്‍, താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയേല്‍ തുടങ്ങിയവരും പഞ്ചായത്ത് പ്രസിഡന്റുമാരും സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ടി.എം ജോസഫ്, ജോസ് മാത്യു, ബേബി പെരുമാലില്‍, ടി.ജെ സണ്ണി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."