ഹരിയാനയില്‍ ചൗത്താലയുമായുള്ള ബന്ധം ബി.എസ്.പി ഉപേക്ഷിച്ചു
ചണ്ഡിഗഡ്: ഹരിയാനയിലെ മുഖ്യപ്രതിപക്ഷമായ ഇന്ത്യന്‍ നാഷനല്‍ ലോക്ദളു (ഐ.എന്‍.എല്‍.ഡി)മായുള്ള സഖ്യം ബി.എസ്.പി ഉപേക്ഷിച്ചു. 11 മാസം മാത്രം പ്രായമുള്ള സഖ്യം ഇന്നലെ അപ്രതീക്ഷിതമായാണ് മായാവതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്.
പകരം ബി.ജെ.പിയുടെ വിമത നേതാവായ രാജ്കുമാര്‍ സെയ്‌നിയുടെ നേതൃത്വത്തിലുള്ള ലോക് തന്ത്ര സുരക്ഷാ പാര്‍ട്ടി (എല്‍.എസ്.പി)യുമായി സഖ്യമുണ്ടാക്കുകയും ചെയ്തു.
ജീന്ദ് ഉപതെരഞ്ഞെടുപ്പില്‍ ഓംപ്രകാശ് ചൗത്താലയുടെ ഐ.എന്‍.എല്‍.ഡിക്ക് കനത്ത തോല്‍വിയാണുണ്ടായത്.
ചൗത്താലയുടെ കുടുംബത്തിലെ പരസ്പര ശത്രുത തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് ബി.എസ്.പി ഈ പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി ഹരിയാന സംസ്ഥാന അധ്യക്ഷന്‍ മേഘ്‌രാജ് പറഞ്ഞു.
ഹരിയാനയില്‍ എല്‍.എസ്.പിയുമായി സഖ്യം ചേര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിയാനയിലെ 10 ലോക്‌സഭാ മണ്ഡലങ്ങളില്‍ ബി.എസ്.പി എട്ട് സീറ്റുകളിലും എല്‍.എസ്.പി രണ്ട് സീറ്റുകളിലും മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.എസ്.പി 55 സീറ്റുകളിലും ബി.എസ്.പി 35 സീറ്റുകളിലും മത്സരിക്കുമെന്നും മേഘ്‌രാജ് അറിയിച്ചു.
ചൗത്താല കുടുംബത്തിലെ ശത്രുതയെ തുടര്‍ന്ന് ഐ.എന്‍.എല്‍.ഡിയില്‍ നിന്ന് ഓംപ്രകാശ് ചൗത്താലയുടെ മകന്‍ അജയ് ചൗത്താല, മക്കളായ ദുഷ്യന്ത് ചൗത്താല, ദിഗ്്‌വിജയ് ചൗത്താല എന്നിവര്‍ രാജിവച്ച് ജന്‍നായക് ജനതാ പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്.
കുരുക്ഷേത്ര ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വിമത ബി.ജെ.പി നേതാവായ സെയ്‌നി എല്‍.എസ്.പി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് ജീന്ദ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. ഐ.എന്‍.എല്‍.ഡി സ്ഥാനാര്‍ഥിയെക്കാള്‍ മെച്ചപ്പെട്ട നിലവാരം ഉപതെരഞ്ഞെടുപ്പില്‍ കാഴ്ചവയ്ക്കാനായി എന്നതിന്റെ അടിസ്ഥാനത്തിലാണ് അവരുമായി അടുക്കാന്‍ ബി.എസ്.പി തയാറായത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഐ.എന്‍.എല്‍.ഡിയുമായി ബി.എസ്.പി സഖ്യമുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."