സിനിമാ മേഖലയിലെ അശാസ്ത്രീയ പ്രവണതകള്‍ക്കെതിരേ നിയമ നിര്‍മാണം നടത്തും: മന്ത്രി എ.കെ ബാലന്‍
ചിറ്റൂര്‍: സിനിമാ മേഖലയിലെ അശാസ്ത്രീയ പ്രവണതകള്‍ക്കെതിരേ നിയമ നിര്‍മാണം നടത്തുമെന്ന് നിയമ-സാംസ്‌കാരിക-പിന്നാക്ക ക്ഷേമ പട്ടികജാതി-വര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ചിറ്റൂരിലെ ചിത്രാഞ്ജലി തിയറ്റര്‍ നവീകരിച്ച് നിര്‍മിച്ച കൈരളിശ്രീ തിയറ്ററുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സിനിമാ മേഖലയിലെ അശാസ്ത്രീയ പ്രവണതകള്‍ ഇല്ലാതാക്കാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനും കുത്തകകള്‍ തകര്‍ക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ റിപ്പോര്ട്ട ലഭിച്ചതിന് ശേഷം നിയമനിര്‍മാണം നടത്തും. ഇ-ടിക്കറ്റ് സംവിധാനം നടപ്പിലാക്കുന്നതോടെ നികുതി വെട്ടിപ്പ് തടയാനാകും.സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് നൂറ് തിയറ്ററുകള്‍ നിര്‍മിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ 550 തിയറ്ററുകള്‍ നിര്‍മിക്കുന്നത് സര്‍ക്കാര്‍ പരിഗണയിലാണ്. ഇതിലൂടെ ഇടത്തരം സിനിമകള്‍ക്കും തിയറ്റര്‍ ലഭിക്കും. ചെറിയ സിനിമകളിലെ സാങ്കേതിക പ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, നിര്‍മാതാക്കള്‍ എന്നിവരെ സഹായിക്കാനാകും. സര്‍ക്കാര്‍ താരങ്ങള്‍ക്കൊപ്പമല്ല അഭിനേതാക്കള്‍ക്കൊപ്പമാണെന്ന് അടുത്ത കാലത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തെളിയിച്ചു. ചരിത്രത്തിലാദ്യമായാണ് കോടിക്കണക്കിന് രൂപ സിനിമാ മേഖലക്കായി ബജറ്റില്‍ മാറ്റിവച്ചതെന്നും സ്ഥലം ലഭിച്ചാല്‍ പാലക്കാട് തിയറ്റര്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നാല് കോടി ചെലവിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടെ തിയറ്റര്‍ നവീകരിച്ചത്. പൂര്‍ണമായും ശീതീകരിച്ച തിയറ്റര്‍ സമുച്ചയത്തില്‍ പാര്‍ക്കിങ് സൗകര്യം, സി.സി.ടി.വി സുരക്ഷ, കാന്റീന്‍, ശുചിമുറികള്‍, ജനറേറ്ററുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. 2കെ പ്രൊജക്ഷന്‍, 7.1 സറൗണ്ട് ശബ്ദ സംവിധാനം, പുഷ്ബാക്ക് ഇരിപ്പിടങ്ങള്‍, ഇടിക്കറ്റ് സംവിധാനം എന്നീ അത്യാധുനിക നിലവാരത്തിലാണ് തിയറ്റര്‍ പുതുക്കിപ്പണിതിരിക്കുന്നത്. കൈരളിയില്‍ 350ഉം ശ്രീയില്‍ 245ഉം ഇരിപ്പിടങ്ങളാണുള്ളത്. നൂറ് രൂപയാണ് ടിക്കറ്റ് നിരക്ക്. കൈരളിയില്‍ അങ്കിള്‍ സിനിമയും ശ്രീയില്‍ അരവിന്ദന്റെ അതിഥികള്‍ സിനിമയും പ്രദര്‍ശിപ്പിച്ചു.
കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ പി.കെ ബിജു എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധുരി പത്മനാഭന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, ദീപ ഡി. നായര്‍, മനോജ് കാന, ഉദ്ഘാടന സിനിമകളിലെ അഭിനേതാക്കളായ വിനീത് ശ്രീനിവാസന്‍, ജോയ് മാത്യു, കാര്‍ത്തിക മുരളീധരന്‍, നിഖില വിമല്‍, സംവിധായകരയാ എം. മോഹന്‍, ഗിരീഷ് ദാമോദരന്‍, നിര്‍മാതാവ് സഞ്ജയ് സെബാസ്റ്റിന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."