ജീതു വധം: പ്രതിഷേധം ശക്തം
പുതുക്കാട്: ചെങ്ങാലൂരില്‍ ജീതുവിനെ പെട്രോള്‍ ഒഴിച്ചു കത്തിച്ചുകൊന്ന സംഭവത്തില്‍ പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ടു പ്രതിഷേധം ശക്തമാകുന്നു. സംഭവം നടന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പൊലിസിനു കഴിയാത്തതില്‍ പ്രതിഷേധിച്ചു ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ പുതുക്കാട് പൊലിസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ 150 ഓളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
തുടര്‍ന്നു പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഒപ്പിട്ട നിവേദനം പൊലിസിനു നല്‍കി. ജീതുവിന്റെ ഘാതകനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു പൊലിസ് സ്റ്റേഷനു മുന്‍പില്‍ പ്രവര്‍ത്തകര്‍ മെഴുകുതിരി തെളിയിച്ചു മുദ്രാവാക്യം മുഴക്കി.
പ്രതിയെ ഉടന്‍ പിടികൂടുമെന്ന പൊലിസ് നല്‍കിയ ഉറപ്പിലാണു പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. മേരി സണ്ണി, ത്രേസ്യ റപ്പായി, ലളിത കൃഷ്ണന്‍, രതി ബാബു, ബീന സുകുമാരന്‍, സുമ പ്രകാശന്‍, ചന്ദ്രിക ചന്ദ്രന്‍, രാജി ചന്ദ്രന്‍ സംസാരിച്ചു. ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ഭാര്യയെ പെട്രോളൊഴിച്ചു തീവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടുന്നതിനു പൊലിസ് നടപടി ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ടു മന്ത്രി സി.രവീന്ദ്രനാഥ് മുഖ്യമന്ത്രിക്ക് കത്തു നല്‍കി.
ചെങ്ങാലൂര്‍ കുണ്ടുകടവില്‍ യുവതിയെ പെട്രോളൊഴിച്ചു കത്തിച്ചുകൊന്ന സംഭവത്തിലെ ദുരൂഹതകള്‍ പരിഹരിക്കണമെന്നു സി.പി.ഐ പുതുക്കാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും അസാധാരണമായി നടന്ന സംഭവത്തില്‍ ഏറെ ദുരൂഹതകള്‍ ഉള്ളതായും സമഗ്രമായ അന്വേഷണം നടത്തണമെന്നും മണ്ഡലം സെക്രട്ടറി പി.ജി മോഹനന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."