യാഥാര്‍ഥ്യമാകാതെ ജലനിധി പദ്ധതി; ചീക്കല്ലൂരില്‍ മണ്ണെടുപ്പ് തകൃതി
പനമരം: ചീക്കല്ലൂരില്‍ ജലനിധി പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം ലഭിച്ചില്ലെങ്കിലും പദ്ധതിയുടെ മറവിലുള്ള മണ്ണെടുപ്പ് തകൃതി.
കുന്നിടിച്ച് നിരത്തിയുള്ള മണ്ണെടുപ്പ് സംബന്ധിച്ച് വിവരം ലഭിച്ചിട്ടും ബന്ധപ്പെട്ട അധികൃതര്‍ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇതിനെതിരേ പ്രദേശവാസികളുടെ പ്രതിഷേധവും ശക്തമാണ്.
ചീക്കല്ലൂര്‍ പുഴയോരത്താണ് ജലനിധിയുടെ കിണറുള്ളത്. കിണറ്റിലേക്ക് മണ്ണ് ആവശ്യമുണ്ടെന്ന് പറഞ്ഞാണ് കൂടോത്തുമ്മല്‍-ചീക്കല്ലൂര്‍ റോഡരികിലെ കുന്നിടിച്ച് മണ്ണെടുക്കുന്നത്.
നിരവധി ടിപ്പറുകള്‍ ഈ ജോലിക്കായി സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കമ്പളക്കാട് പൊലിസ് സ്ഥലത്തെത്തിയെങ്കിലും നടപടിയെടുക്കാതെ പെട്ടെന്ന് തന്നെ തിരിച്ച് പോയി.
ഇതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മണ്ണ് വന്‍തോതില്‍ പുഴയോരത്തെ വയലില്‍ നിക്ഷേപിക്കുന്നത് പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നിരിക്കെയാണ് അധികൃതര്‍ മൗനം പാലിക്കുന്നത്.
ജലനിധിയുടെ കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം വന്‍തോതില്‍ പുഴയോരത്ത് നിന്നും മണല്‍ കടത്തിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ലോഡ് കണക്കിന് മണല്‍ കയറ്റിപോയതിന് ശേഷമാണ് അധികൃതര്‍ ഇടപെട്ടത്.
ജലനിധിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയാല്‍ കുടിവെള്ളം മുട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മീന്‍ വളര്‍ത്താനെന്ന വ്യാജേന കുളം നിര്‍മിച്ച് മണലെടുത്തുള്ള വില്‍പനയും പ്രദേശത്ത് വ്യാപകമായി തുടരുന്നുണ്ട്.
ഇതിനെതിരേ പഞ്ചായത്ത്, റവന്യൂ അധികൃതരുടെ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."