മാനന്തവാടിയിലെ അനധികൃത കൈയേറ്റം നഗരസഭക്കെതിരേ ഘടകകക്ഷിയായ സി.പി.ഐ വീണ്ടും രംഗത്ത്
മാനന്തവാടി: എല്‍.ഡി.എഫ് ഭരിക്കുന്ന മാനന്തവാടി നഗരസഭയില്‍ വീണ്ടും ഘടകക്ഷികള്‍ ഇടയുന്നു. നഗരസഭക്കെതിരേ ഒരിടവേളക്ക് ശേഷം സി.പി.ഐ വീണ്ടും രംഗത്തെത്തി. ഗാന്ധി പാര്‍ക്കിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിന് ലൈസന്‍സ് കൊടുത്ത നടപടിക്കെതിരെയാണ് വീണ്ടും സി.പി.ഐ രംഗത്ത് വന്നിരിക്കുന്നത്.
നഗരത്തിലെ കൈയേറ്റ വിഷയം ഉയര്‍ത്തി സി.പി.ഐ കഴിഞ്ഞ നവംബര്‍ മൂന്നിന് നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് സി.പി.എം പ്രവര്‍ത്തകര്‍ തടയുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷം ഇടതുമുന്നണി ആഹ്വാനം ചെയ്ത പരിപാടികള്‍ എല്ലാം സി.പി.ഐ ഒറ്റക്കായിരുന്നു നടത്തിവന്നിരുന്നത്.
നഗരത്തിലെ വന്‍കിട കൈയേറ്റങ്ങള പ്രോത്സാഹിപ്പിക്കുന്ന നഗരസഭ കണ്ണില്‍ പൊടിയിടാന്‍ നോട്ടീസ് നല്‍കി കള്ളനും പൊലിസും കളിക്കുകയാണെന്ന് സി.പി.ഐ പ്രസ്താവനയില്‍ ആരോപിച്ചു. പാര്‍ക്കിങ് ഏരിയ കച്ചവടമാക്കിയതിനെതിരേ പരാതി നല്‍കിയിട്ടും ഒരു നടപടിയും എടുത്തിട്ടില്ല.
അത് മുന്‍പ് നടന്ന കൈയേറ്റങ്ങളാണെന്ന ന്യായങ്ങളാണ് നിരത്തിയിരുന്നത്. ചില കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കി കോടതിയില്‍ നിന്നും സ്റ്റേ വാങ്ങാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണ് നഗരസഭ ചെയ്യുന്നത്. പൊളിച്ചുമാറ്റാന്‍ നോട്ടീസ് കൊടുത്ത കെട്ടിടത്തില്‍ കച്ചവടം തുടങ്ങാന്‍ ലൈസന്‍സ് നല്‍കിയത് ഇതിന്റെ ഭാഗമാണ്. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനാണെന്ന ന്യായമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ സി.പി.എം ഓഫിസിലെത്തി യൂനിയന്‍ മെമ്പര്‍ഷിപ്പ് എടുത്ത വഴിയോര കച്ചവടക്കാര്‍ക്ക് മാത്രമാണ് കച്ചവടത്തിന് സൗകര്യം ചെയ്തു കൊടുത്തിരിക്കുന്നത്.
എന്നാല്‍ ഇവരില്‍ നിന്നും കെട്ടിട ഉടമ വലിയ തുകയാണ് വാടകയായി ഈടാക്കുന്നതെന്നും സി.പി.ഐ ആരോപിച്ചു. സി.പി.ഐയുടെ പുതിയ നീക്കം നഗരസഭയെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."