പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള സമീപനം മാറണം: സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ.
കല്‍പ്പറ്റ: ആദിവാസികളടക്കമുള്ള സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള പൊതുസമുഹത്തിന്റെ നിലപാട് മാറേണ്ടതുണ്ടെന്ന് കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ. സി.കെ. ശശീന്ദ്രന്‍. വയനാട് പ്രസ് ക്ലബിന്റെ കെ. ജയചന്ദ്രന്‍ സ്മാരക അവാര്‍ഡ് ദീപിക ദിനപത്രം കോട്ടയം ബ്യുറോ ചീഫ് റെജി ജോസഫിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസി വികസനത്തിന് വേണ്ടി ചെലവാക്കുന്ന പണത്തില്‍ ഏറിയപങ്കും യഥാര്‍ത്ഥത്തില്‍ അവരുടെ വികസനത്തിന് ഉപകരിക്കുന്നില്ല. അടുത്തിടെ വിവാദമായ സമഗ്ര കോളനി വികസന പദ്ധതി, ഊരുകൂട്ടം ചേര്‍ന്നുവെന്ന് രേഖയുണ്ടാക്കി തിരുവനന്തപുരത്ത് വച്ച് ഒരു സര്‍ക്കാര്‍ ഏജന്‍സി തട്ടിക്കൂട്ടിയ പദ്ധതിയാണ്. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുസമുഹം ജാഗ്രത പാലിക്കണം.
കെ. ജയചന്ദ്രന്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനാണ്. കേരളത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പൊതുസമൂഹത്തിന്റെ യോജിച്ച നീക്കം ആവശ്യമാണ്. ഒരോ ദിവസവും ലജ്ജിപ്പിക്കുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഇതിന് അറുതിവരുത്തണമെന്നും സി.കെ. ശശീന്ദ്രന്‍ പറഞ്ഞു.
ചടങ്ങില്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് ബിനു ജോര്‍ജ് അധ്യക്ഷനായി. 10001 രൂപയും പ്രശസ്തി പത്രവുമാണ് റെജി ജോസഫിന് സമ്മാനിച്ചത്. കെ.യു. ഡബ്ല്യൂ.ജെ. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.ജി വിജയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ അവാര്‍ഡുകള്‍ക്കും ജൂറി പരാമര്‍ശങ്ങള്‍ക്കും അര്‍ഹരായ വയനാട്ടില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രസ്‌ക്ലബിന്റെ വക ഉപഹാരം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. കൈമാറി. റെജി ജോസഫ് മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി ഇന്‍ചാര്‍ജ് എ.എസ് ഗിരീഷ് സ്വാഗതവും നിസാം കെ അബ്ദുല്ല നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."