കര്‍ഷകര്‍ = കിങ്‌മേക്കര്‍
ന്യൂഡല്‍ഹി: 70 ശതമാനം ജനം കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന മധ്യപ്രദേശില്‍ കര്‍ഷകര്‍ തന്നെയാണ് കിങ്‌മേക്കര്‍മാര്‍. ആകെ സീറ്റുകള്‍ 29. 15 കൊല്ലം ബി.ജെ.പിയായിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്.
നോട്ടുനിരോധനവും ജി.എസ്.ടിയും വന്നതോടെ കര്‍ഷക ജീവിതം താറുമാറായി. അവര്‍ ബി.ജെ.പിയെ താഴെയിറക്കി കോണ്‍ഗ്രസിനെ അധികാരത്തില്‍ കയറ്റി. 230 അംഗ നിയമസഭയില്‍ 114 സീറ്റ് കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് നേടിയെങ്കിലും വോട്ടുവിഹിതം 109 സീറ്റു നേടിയ ബി.ജെ.പിയെക്കാള്‍ അല്‍പം കുറവാണ്.
പല സീറ്റുകളിലും ബി.ജെ.പി പരാജയപ്പെട്ടത് കുറച്ച് വോട്ടുകള്‍ക്കാണ്. അതുകൊണ്ട് ഇരട്ടി ശ്രദ്ധയോടെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
അധികാരം നഷ്ടപ്പെട്ടതോടെ 13 കൊല്ലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ്ങ് ചൗഹാന്‍ മാറി നിന്നു. മുതിര്‍ന്ന നേതാവ് ഗോപാല്‍ ഭാര്‍ഗവയാണ് പ്രതിപക്ഷ നേതാവായത്. സംസ്ഥാനത്തൊട്ടാകെ സഞ്ചരിച്ചും കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഓടിയെത്തിയും പാര്‍ട്ടിക്കാരെ അഭിമുഖീകരിച്ചും മധ്യപ്രദേശ് തിരിച്ചുപിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഭാര്‍ഗവ.
ഡിസംബര്‍ 17ന് അധികാരമേറ്റ കമല്‍നാഥ് സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ തന്നെയാണ് നോട്ടമിടുന്നത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യവസായങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭൂമിയും സൗജന്യ വൈദ്യുതിയും നല്‍കി. വ്യവസായ സ്ഥാപനങ്ങളില്‍ പ്രദേശവാസികള്‍ക്ക് 70 ശതമാനം സംവരണവും കൊണ്ടുവന്നു.
നാലു സ്വതന്ത്രരുടെയും രണ്ടു ബി.എസ്.പി, ഒരു സമാജ്‌വാദി പാര്‍ട്ടി എന്നിവരുടെ എം.എല്‍.എയെയും കൂടെ ഉറപ്പിച്ചു നിര്‍ത്തി.
സ്വതന്ത്രരിലൊരാള്‍ക്ക് മന്ത്രിസ്ഥാനവും നല്‍കി. ചില സമ്മര്‍ദ്ദങ്ങളൊക്കെ ബാക്കിയുണ്ടെങ്കിലും കമല്‍നാഥിന് അവിടെ ഭീഷണിയൊന്നുമില്ല. എന്നാല്‍ ഭീഷണി കിടക്കുന്നത് ഇപ്പുറത്താണ്. കടമെഴുതിത്തള്ളുന്നതിന് കര്‍ഷകരുടെ 50 ലക്ഷം അപേക്ഷകളാണ് നിലവില്‍ സര്‍ക്കാരിനു ലഭിച്ചിരിക്കുന്നത്. ഇതിനായുള്ള പണം കണ്ടെത്തുന്നതും പരാതികളുണ്ടാകാതെ തീര്‍പ്പാക്കുന്നതും ചെറിയ കാര്യമല്ല. ഈ മാസം 22മുതല്‍ ബാങ്കുകള്‍ക്കു പണം നല്‍കിത്തുടങ്ങണം.
ഇതിനിടെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്ന ഭാവന്തര്‍ ബുഗ്ദാന്‍ യോജന പിന്‍വലിക്കുമെന്ന് കൃഷിമന്ത്രി പ്രഖ്യാപിച്ചത് എതിര്‍പ്പുണ്ടാക്കി. കമല്‍നാഥിന്റെ അസാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. പിന്നീട് നീക്കം ഉപേക്ഷിച്ചു. ചെറിയ മാറ്റങ്ങളോടെ പദ്ധതി തുടരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദലിത് ആദിവാസികള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം ബി.ജെ.പി ദുര്‍ബലപ്പെടുത്തിയത് ഈ വിഭാഗങ്ങള്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ക്ക് കാരണമായിരുന്നു.
ഇത് ചമ്പല്‍, ഗ്വോളിയോര്‍ മേഖലകളില്‍ ബി.ജെ.പിയുടെ വോട്ടു കുറയാന്‍ കാരണമായിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥലങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ നിരോധിക്കുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശാഖകളില്‍ പോകുന്നത് തടയുമെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അതെല്ലാം മറന്ന മട്ടാണെന്നു മാത്രമല്ല പശുവിനെ അറുത്തതിന്റെ പേരില്‍ മൂന്നു മുസ്്‌ലിംകള്‍ക്കെതിരേ ദേശസുരക്ഷാ നിയമ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തുകയും ചെയ്തു.
2004ലെയും 2014ലെയും തെരഞ്ഞെടുപ്പുകളില്‍ തൊട്ടുമുന്‍പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പി വോട്ടുകള്‍ മുകളിലോട്ടായിരുന്നു.
2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 25ല്‍നിന്ന് ബി.ജെ.പി സീറ്റ് 16ലേക്ക് ചുരുങ്ങിയതാണ്.
2013ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗം അതുവരെയുണ്ടായിരുന്ന 143 സീറ്റില്‍നിന്ന് 165 ലേക്ക് എത്താന്‍ സഹായിച്ചു. ആര്‍.എസ്.എസിനുള്ള ശക്തമായ സ്വാധീനമാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ ശക്തി.
ഇതു കണക്കിലെടുത്ത് ഹിന്ദുവിരുദ്ധരെന്ന ആരോപണങ്ങള്‍ക്കിട കൊടുക്കാതെയാണ് കോണ്‍ഗ്രസ് പ്രകടനപത്രിക തയാറാക്കാറ്.
നാലു മാസത്തിനുള്ളില്‍ 1000 ഗോശാലകള്‍ സ്ഥാപിക്കുമെന്നാണ് കഴിഞ്ഞ കോണ്‍ഗ്രസ് വാഗ്ദാനങ്ങളിലൊന്ന്. ബി.ജെ.പിയാകട്ടെ ഒരെണ്ണം പോലും ഉണ്ടാക്കിയില്ലെന്ന് കോണ്‍ഗ്രസ് എടുത്തു പറയുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."