HOME
DETAILS
MAL
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ബുധനാഴ്ച മുതല്‍
backup
March 27 2020 | 18:03 PM
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ബുധനാഴ്ച മുതല്‍ വിതരണം ചെയ്യും. സാമ്പത്തികവര്‍ഷത്തിന്റെ അവസാനവും ശമ്പളം, പെന്‍ഷന്‍ എന്നിവ ഒരുമിച്ചുവരുന്നതും കൊവിഡ് നിയന്ത്രണങ്ങളും പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ട്രഷറികളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ രൂപരേഖ തയാറാക്കിയിട്ടുണ്ട്. ട്രഷറിയിലെത്താന്‍ കഴിയാത്തവര്‍ക്ക് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഒപ്പിട്ട ചെക്കിനൊപ്പം നല്‍കിയാല്‍ പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനും സംവിധാനമുണ്ട്. പെന്‍ഷന്‍ ബാങ്ക് വഴി ലഭ്യമാക്കുന്നതിനുള്ള അവസരം തെരഞ്ഞെടുത്തവര്‍ക്ക് അക്കൗണ്ടില്‍ പണമെത്തും. ട്രഷറിവഴി നേരിട്ടുള്ള പെന്‍ഷന്‍ വിതരണത്തിനാണ് നിയന്ത്രണം. ഇതിനുപുറമെ ആകെയുള്ള 223 ട്രഷറികളിലെയും ടെല്ലര്‍ കൗണ്ടറുകളുടെ എണ്ണവും കൂട്ടും. ആവശ്യമെങ്കില്‍ ജില്ലാ ട്രഷറികളുടെ പരിധിക്കകത്ത് ജീവനക്കാരെ താല്‍ക്കാലികമായി പുനര്‍വിന്യസിക്കുന്നതിനുള്ള തീരുമാനവും ഉണ്ടാകും. കൊവിഡ് കാലത്തെ പ്രത്യേക നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുസമയം കൗണ്ടറിനുമുന്നില്‍ അഞ്ചുപേരെ മാത്രമേ അനുവദിക്കൂ. ഇവര്‍ ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
ട്രഷറി സേവിങ്‌സ് അക്കൗണ്ട് നമ്പറിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന തരത്തിലാണ് പെന്‍ഷന്‍ വിതരണ തിയതിയുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നത്. ഏപ്രില്‍ രണ്ടുമുതല്‍ ഏഴുവരെയാണ് ഈ ക്രമീകരണം. പെന്‍ഷന്‍ അക്കൗണ്ട് നമ്പര്‍ പൂജ്യത്തിലും ഒന്നിലും അവസാനിക്കുന്നവര്‍ക്ക് ഏപ്രില്‍ രണ്ടിനും രണ്ടിലും മൂന്നിലും അവസാനിക്കുന്നവര്‍ക്ക് മൂന്നിനും നമ്പര്‍ നാലിലും അഞ്ചിലും അവസാനിക്കുന്നവര്‍ക്ക് നാലിനും ആറിലും ഏഴിലും അവസാനിക്കുന്നവര്‍ക്ക് ആറിനും എട്ടിലും ഒന്‍പതിലും അവസാനിക്കുന്നവര്‍ക്ക് ഏഴിനും പെന്‍ഷന്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."