കുറ്റ്യാടി ബസ് സ്റ്റാന്‍ഡ് നവീകരണം പുരോഗമിക്കുന്നു
കുറ്റ്യാടി: നിര്‍മാണത്തിലെ അശാസ്ത്രീയതയെ തുടര്‍ന്ന് ശോച്യാവസ്ഥയിലായ കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡിന്റെ നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു.
ഓവുചാല്‍ നിര്‍മാണവും യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്തുമുള്ള നവീകരണ പ്രവൃത്തിയില്‍ ഒരു ഭാഗത്തെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായി. പൂര്‍ത്തിയായ ഭാഗം കഴിഞ്ഞ ദിവസം ഗതാഗതത്തിനായി തുറന്നു കൊടുത്തു. രണ്ടാം ഭാഗത്തെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
ഒരു കോടി രൂപ മതിപ്പുചെലവുള്ള പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് ഏറ്റെടുത്ത് നടത്തുന്നത്. കഴിഞ്ഞ നിര്‍മ്മാണത്തിലുണ്ടായ അപാകത മൂലം യാര്‍ഡും വരാന്തയും ഒരേ തറനിരപ്പിലായിരുന്നു.
അതിനാല്‍ യാര്‍ഡില്‍ പാകിയ ബോളറുകളും മണ്ണും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൂര്‍ണമായി മാറ്റി വരാന്ത ഉയര്‍ത്തിയാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. കൂടാതെ സ്റ്റാന്‍ഡിലെ വെള്ളം ഒഴുകിപ്പോകാനാവശ്യമായ തരത്തില്‍ ഓവുചാലും ഫുട്പാത്തും നിര്‍മിക്കുന്നുണ്ട്. ഒരു മാസത്തോടെ മുഴുവന്‍ പണിയും പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്. പഞ്ചായത്തിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്ന സ്റ്റാന്‍ഡിന്റെ നവീകരണം രണ്ടു മാസം മുന്‍പാണ് ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."