അപരാജിതം കാലിക്കറ്റ്
കിരണ്‍ പുരുഷോത്തമന്‍#
കൊച്ചി: വോളിബോള്‍ കോര്‍ട്ടില്‍ ഇടിവെട്ട് സ്മാഷുകള്‍ മിന്നിച്ച് കാലിക്കറ്റ് സൂപ്പര്‍ ഹീറോസിന്റെ തേരോട്ടം. ഇന്നലെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ച്‌സെറ്റുകല്‍ക്കാണ് കാലിക്കറ്റ് കൊച്ചി ബ്ലു സ്‌പൈക്കേഴ്‌സിനെ തറപറ്റിച്ചത്. ഇതോടെ എതിര്‍ ടീമിനെ വൈറ്റ് വാഷ് ചെയ്ത ഒരു പോയിന്റ് ഉള്‍പ്പെടെ മൂന്ന് പോയിന്റുകള്‍ കാലിക്കറ്റ് കരസ്ഥമാക്കി. സ്‌കോര്‍ 15-11, 15-09, 15-14, 15-13, 15-10. തോല്‍വിയറിയാത്ത ടീമുകളായ കൊച്ചിയും കാലിക്കറ്റും ഏറ്റുമുട്ടുന്നതുകാണാന്‍ നിരവധി ആരാധകര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.
എന്നാല്‍ കളിക്കളത്തില്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ കൊച്ചിക്ക് സാധിച്ചില്ല. കാലിക്കറ്റിന്റെ മികച്ച മുന്നേറ്റങ്ങളോടൊപ്പം കൊച്ചി വരുത്തിയ പിഴവുകളും കളിയില്‍ നിര്‍ണായകമായി. ഇതോടെ വോളി ലീഗില്‍ ആദ്യമായി ഒരു ടീം അഞ്ച് സെറ്റുകള്‍ക്ക് വിജയിച്ചു.
ആദ്യ സെറ്റില്‍ കാലിക്കറ്റാണ് ആദ്യ പോയിന്റ് നേടിയത്. പിന്നാലെ കൊച്ചിയും നേടി ഒരു പോയിന്റ്. പിന്നീട് തുടരെ രണ്ടു പോയിന്റുകള്‍ നേടി കാലിക്കറ്റ് കുതിച്ചെങ്കിലും മികച്ച സ്മാഷോടെ കൊച്ചി തിരിച്ചെത്തി. കാര്‍ത്തിക്കിന്റെ തുടര്‍ച്ചയായ സെര്‍വുകളിലൂടെ കാലിക്കറ്റ് കളം പിടിച്ചു.
കൊച്ചി വരുത്തിയ ചില പിഴവുകളും കാലിക്കറ്റിന് അനുകൂലമായി. പിന്നീട് കാലിക്കറ്റിന് ഒരിക്കല്‍ പോലും സമ്മര്‍ദം നല്‍കാന്‍ കൊച്ചിക്ക് സാധിച്ചില്ല. കൊച്ചിയുടെ ഡേവിഡ് ലീയുടെ സ്മാഷിലെ പിഴവാണ് കാലിക്കറ്റിന് സൂപ്പര്‍ പോയിന്റ് സമ്മാനിച്ചത്. ജെറോമിന്റെ രണ്ട് സ്മാഷുകളിലൂടെ സെറ്റ് 15-11ന് കാലിക്കറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ കൊച്ചിയുടെ ഉക്രപാണ്ഡ്യന്റെ സെര്‍വ് കളത്തിനു പുറത്തുപോയതോടെ കാലിക്കറ്റിന് അദ്യപോയിന്റ് ലഭിച്ചു. കൊച്ചി വരുത്തിയ പിഴവിലൂടെ രണ്ടാം പോയിന്റും കാര്‍ത്തികിന്റെ ബ്ലോക്കിലൂടെ മൂന്നാം പോയിന്റും കാലിക്കറ്റ് കരസ്ഥമാക്കി.
സ്‌കോര്‍ 05-00 ല്‍ നിക്കവേ ജെറോ വിനീത് വരുത്തിയ പിഴവിലൂടെ കൊച്ചി ആദ്യ പോയിന്റ് സ്വന്തമാക്കി. സെറ്റ് 01-09ല്‍ നിക്കവേ കാലിക്കറ്റ് വരുത്തിയ രണ്ട് പിഴവുകളിലൂടെ കൊച്ചി രണ്ട് പോയിന്റ് സ്‌കോര്‍ ചെയ്തു. എന്നാല്‍ കോഴിക്കോടിനെ ഒരു വിധത്തിലും പിന്നോട്ടിടിക്കാന്‍ കൊച്ചിയുടെ താരങ്ങള്‍ക്ക് സാധിച്ചില്ല. സ്‌കോര്‍ 07-13 ല്‍ നിക്കുമ്പോള്‍ കൊച്ചി സൂപ്പര്‍പോയിന്റ് കരസ്ഥമാക്കി സ്‌കോര്‍ 09-13ല്‍ എത്തിച്ചു. തൊട്ടുപിന്നാലെ തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി രണ്ടാം സെറ്റും കാലിക്കറ്റ് സ്വന്തമാക്കി.
മുന്നാം സെറ്റില്‍ കൊച്ചിയെ പൂജ്യത്തില്‍ നിര്‍ത്തി തുടര്‍ച്ചയായ നാലുപോയിന്റുകളാണ് കാലിക്കറ്റ് കരസ്ഥമാക്കിയത്. അജിത്ത് ലാല്‍, ജെറോം, കാര്‍ത്തിക്, പോള്‍ ലോട്ട്മാന്‍ എന്നിവരാണ് കാലിക്കറ്റിനായി സ്‌കോര്‍ ചെയ്തത്.
എന്നാല്‍ ആറ്-പത്ത് എന്ന നിലയില്‍ പിന്നിലായിരുന്ന കൊച്ചി ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ അവസാന ലാപ്പില്‍ സ്‌കോര്‍ 14-14 എന്ന നിലയിലായി. പിന്നീട് നടന്ന നാലും അഞ്ചും സെറ്റുകളില്‍ തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ ശക്തമായി കൊച്ചി നടത്തി നോക്കിയെങ്കിലും കാലിറ്റിന്റെ മികച്ച പ്രകടനത്തിനു മുന്‍പില്‍ അതെല്ലാം നിഷ്ഫലമാവുകയായിരുന്നു. കാലിക്കറ്റിന്റെ പോള്‍ ലോട്ട്മാനാണ് കളിയിലെ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."