അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ്: തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ മാറ്റുരയ്ക്കും
തിരുവനന്തപുരം: ഈ മാസം 15 മുതല്‍ 19 വരെ തലസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ മാറ്റുരയ്ക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുജനാരോഗ്യത്തിന് ആയുഷ് വിഭാഗങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയ മികച്ച പദ്ധതിക്ക് സമ്മാനവും നല്‍കും. ചരിത്രത്തിലാദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കപ്പെടുന്ന പദ്ധതികള്‍ക്ക് മികവിന്റെ മാറ്റുരയ്ക്കാന്‍ വേദിയൊരുങ്ങുന്നത്. സംസ്ഥാന സര്‍ക്കാര്‍, ആയുഷ് വകുപ്പ്, നാഷനല്‍ ആയുഷ് മിഷന്‍ സംയുക്തമായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ജില്ലാതലത്തിലെ ഉത്തര ദക്ഷിണ സോണുകളിലായുള്ള മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട മികച്ച 12 പദ്ധതികളാണ് കോണ്‍ക്ലേവിന്റെ ഭാഗമായി മത്സരരംഗത്തുണ്ടാവുക.
15ന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് എല്‍.എസ്.ജി.ഡി മീറ്റില്‍ പങ്കെടുക്കുന്നത്. അവയില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച പദ്ധതിക്ക് സമ്മാനം നല്‍കും. ആയുര്‍വേദത്തിലെ എട്ടും, ഹോമിയോപ്പതിയിലെ നാലും പദ്ധതികളുമാണ് അവസാന ഘട്ടത്തില്‍ മാറ്റുരയ്ക്കുന്നത്. ഭിന്നശേഷിക്കാര്‍, ഗോത്രവര്‍ഗക്കാര്‍, പാലിയേറ്റീവ് രോഗികള്‍ തുടങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ നടപ്പിലാക്കിയ വിഭിന്നമായ ആയുഷ് ജനകീയാസൂത്രണ പദ്ധതികള്‍ ഇതില്‍പ്പെടുന്നു. ഇതിലൂടെ കൂടുതല്‍ വ്യത്യസ്തവും ജനോപകാരപ്രദവുമായ പദ്ധതികള്‍ വിഭാവനം ചെയ്യാനും പ്രാവര്‍ത്തികമാക്കാനും പ്രേരകശക്തിയാവുകയാണ് കോണ്‍ക്ലേവ്.
സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും വൈസ് പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ മീറ്റില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."